Wednesday, September 29, 2010

പാക്കരജന്മം

‘Every village has a Jack..’ എന്ന് ഏതോ ഇംഗ്ലിഷ്കവി എഴുതിയത് പണ്ടു പഠിച്ചിട്ടുണ്ട്. സത്യമാണത്. പിന്നീട് ഞാനറിഞ്ഞ എല്ലാ ഗ്രാമങ്ങൾക്കും ഒരു ജാക്കുണ്ടായിരുന്നു. തീർച്ചയായും ഞാറച്ചോടും വ്യത്യസ്തമായിരുന്നില്ല. ഒരുപാടുപേരെ ഓർമ്മിക്കാനാവുന്നുണ്ട്. കൂലിപ്പണിക്കാരനായ ‘ചാന്തുപൊട്ട്’ തങ്കപ്പൻ, പൊതുനിരത്തിൽ അതിരാവിലെ കല്ലുകൊണ്ട് ഇംഗ്ലിഷ് കവിതകളെഴുതി വച്ചിരുന്ന പേരറിഞ്ഞുകൂടാത്ത ഭ്രാന്തൻ, ‘മരത്തൂന്നു വീണതാണേ, വല്ലതും തരണേ’ന്നു വിലപിച്ചു നടന്ന പ്രായം തിരിച്ചറിയാനാവാത്ത പിച്ചക്കാരൻ (ഞങ്ങൾ അതിനെ ‘മരച്ചീനീന്ന് വീണതാണേ’ എന്നു മാറ്റിയിരുന്നു.), കുട കക്ഷത്തിൽ വച്ച് കുടപ്പല്ല് കാട്ടി ‘സാറേ വല്ലതും തരണേ’ന്നു ചോദിക്കുന്ന അർദ്ധവൃദ്ധ (ഞങ്ങളിൽ പലരെയും ആദ്യമായി ‘സാറേ’ന്നു വിളിച്ചത് അവരായിരുന്നു.)…. അങ്ങനെ ഒരുപാട് പേർ. എന്നാൽ ഞാറച്ചോടിന്റെ ‘സ്റ്റാർ ജാക്ക്‘ അവരാരുമായിരുന്നില്ല – ജെമ്മിപ്പാക്കരനായിരുന്നു!

അന്ന് ഒരു പത്തറുപതു വയസ്സ് തോന്നിക്കുന്ന ഒരാളാണ് ജെമ്മിപ്പാക്കരൻ. മുഴുക്കുടിയൻ, പരനാറി. ചാരായത്തിന്റെ നാറ്റത്തെ തോല്പിക്കുന്ന നാറിയ വസ്ത്രങ്ങൾ. അഖണ്ഡതെറിജപമാണ് എപ്പോഴും. വഴുതുന്ന വാക്കുകളിൽ ഇടതടവില്ലാതെ അത് തുടരും. ഞാറച്ചോട്ടിലെ ഹോട്ടലുകളിൽ വെള്ളം കോരുകയാണ് മൂപ്പരുടെ സൈഡ് ബിസിനസ്! വലിയ കലത്തിൽ വെള്ളം തലയിൽ വച്ചുകൊണ്ട് റോഡിലൂടെ നടക്കും. ദൂരേന്നു കാണുമ്പോഴേ ഞാനൊക്കെ മാറിപ്പോകുമായിരുന്നു. പിന്നീടാണ് അങ്ങേരെക്കുറിച്ച് കൂടുതൽ അറിയുന്നത്.

ജെമ്മിപ്പാക്കരനെന്ന് അങ്ങേരെ ചുമ്മാ വിളിക്കുന്നതല്ല: ‘ജന്മിപ്പാക്കര’നാണയാൾ. ഞാറച്ചോട്ടിൽ ആദ്യമായി കാർ വാങ്ങിയ മുതലാളി! ഇരുപത്തേഴു കിലോമീറ്റർ അകലെയുള്ള ‘വിഷ്ണുശയ്യാപുരിയിൽ’ എല്ലാ വൈകുന്നേരവും കാറിൽ പോയി മദ്യപിച്ചിരുന്നയാൾ. ശ്രദ്ധിച്ചപ്പോഴാണു തിരിച്ചറിയുന്നത്; എത്ര ഗംഭീരമാണാ മുഖം. കടഞ്ഞെടുത്ത മൂക്ക്, മുഖത്തിനു പകിട്ടേകുന്ന താടി, രൂപഭംഗിയാർന്ന ചെവികൾ. പക്ഷേ, ഓടച്ചെളിയിലെ കുട്ടപ്പന്നിയെപ്പോലെ മുഴുവൻ വൃത്തികേടായിരിക്കുന്നു. കുടിച്ച് കുടിച്ച് മുഴുവൻ നശിപ്പിച്ചതാണത്രേ. കാറും വസ്തുവകകളുമെല്ലാം വിറ്റുതുലച്ചു. കിടപ്പാടം പോലുമില്ലാതായി. ദൂരെയെവിടെയോ ഭാര്യയും മക്കളും ജീവിച്ചിരിപ്പുണ്ടെന്നു കേട്ടിരുന്നു. കാലുറയ്ക്കാത്ത സ്ഥിതിയിൽ എപ്പോഴും നടക്കുന്ന അയാൾ ചുമന്നിരുന്ന കലത്തിന് പക്ഷേ, ഒരു ചളുക്കവുമുണ്ടായിരുന്നില്ല.

ജെമ്മിപ്പാക്കരനെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേയ്ക്കു തള്ളിപ്പറഞ്ഞുവിട്ടത് ഒരു സന്ധ്യക്കാണ്. ഇരുട്ടു വീണു തുടങ്ങി. ഞാറച്ചോടുകവല ഫുൾസ്പീഡിൽ ചലിച്ചുകൊണ്ടിരിക്കുന്നു. വാഹനങ്ങളും വഴിയാത്രക്കാരും വായിനോക്കികളും സജീവമായി. തിരക്കിനിടയിലൂടെ കലത്തിൽ വെള്ളവുമായി വന്ന ജെമ്മിപ്പാക്കരനെ ഒരു കേയെസ്സാർറ്റീസീ എക്സ്പ്രെസ് ബസ് ഇടിച്ചിട്ടു ( വല്ല ഓട്ടോറിക്ഷയുമായിരുന്നെങ്കിൽ നാണക്കേടായേനേ!). പോരാഞ്ഞിട്ട് വലത്തെ കാലിലൂടെ കയറിയിറങ്ങി. ജെമ്മിപ്പാക്കരനെ വണ്ടിയിടിച്ച വാർത്ത കേട്ടറിഞ്ഞ് ഞാനെത്തിയപ്പോൾ മൂപ്പരെ ആശുപത്രിയിൽ കൊണ്ടുപോയിക്കഴിഞ്ഞിരുന്നു. മെഡിക്കൽ കോളേജിലേയ്ക്ക്. ( പകൽ ലൈറ്റിട്ട്, നിർത്താതെ ഹോണടിച്ച് മെഡി. കോളേജിലേയ്ക്ക് പാഞ്ഞു പോകുന്ന കാറുകൾ ഞാറച്ചോട്ടിലെ നിത്യക്കാഴ്ചകളാണ്. ‘തറമേൽ’ കോളജിലേയ്ക്കു പോയ വിദ്യാർത്ഥികളടങ്ങിയ പ്രൈവറ്റ് ബസ് മറിഞ്ഞയന്നാണ് ഏറ്റവും കൂടുതൽ കണ്ടത്, 23 എണ്ണം. മറ്റൊരു കാഴ്ച, ഭരണസിരാകേന്ദ്രത്തിനു മുന്നിൽ സമരപ്രകടനങ്ങൾക്കായി, ബസുകളിൽ മൈക്കുകെട്ടി മുദ്രാവാക്യം വിളിച്ചു പോകുന്നവരാണ്.)

പിന്നെ കുറേക്കാലത്തേയ്ക്ക് ജെമ്മിപ്പാക്കരനെക്കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. ചത്തോ, ഒണ്ടോ – ആർക്കറിയാം! ക്രമേണ ഞാറച്ചോട് ജെമ്മിപ്പാക്കരനെ മറന്നു. വെള്ളം കോരാൻ പുതിയ കഥാപാത്രങ്ങൾ വന്നു.

അങ്ങനിരിക്കേ, ആറേഴുമാസങ്ങൾക്കു ശേഷം ഞാറച്ചോടുകവലയിലതാ, ജെമ്മിപ്പാക്കരൻ! താടിയും മുടിയും നീണ്ട് ജടപിടിച്ചിരിക്കുന്നു. കുറേക്കൂടി ക്ഷീണിച്ചിട്ടുണ്ട്. പക്ഷേ അതൊന്നുമല്ല പ്രധാന സംഗതി – പാക്കരന് എഴുനേൽക്കാനാവില്ല. വണ്ടി കയറിയ കാല്പാദം ഒരു വലിയ പൊതിക്കെട്ടിനകത്താണ്. ആസനത്തിൽ പാളയും പ്ലാസ്റ്റിക്കുമെല്ലാം വച്ചുകെട്ടി മൂപ്പർ ഇരുന്നു നിരങ്ങുകയാണ്. എങ്കിലെന്ത്, തെറിവിളി പഴയതിന്റെ പത്തിരട്ടിയായിട്ടുണ്ട്! വാരിധി തന്നിൽ തിരമാലകളെന്ന പോലെ അലയടിക്കുകയാണ് ആ അനർഗ്ഗളപ്രവാഹം! അവ്യക്തത കൂടിയിട്ടുണ്ടെന്നു മാത്രം. എല്ലാം ‘ഴ’ കൂട്ടിയാണ് ഉച്ചരിക്കുന്നത്.

പണ്ട്, ഞാറച്ചോട്ടിലെ ആദ്യകാറിൽ സഞ്ചരിച്ച കവലയിലൂടെ പാക്കരൻ ഇരുന്നു നിരങ്ങി നീങ്ങി. അന്നത്തെപ്പോലെ അപ്പോഴും പാക്കരന്റെ യാത്ര ജനം ശ്രദ്ധിച്ചു. അവ്യക്തമായി തെറി പറഞ്ഞുകൊണ്ട് പാക്കരൻ ആളുകളുടെ മുന്നിൽ വന്നു കൈനീട്ടും. ഒന്നും കിട്ടിയില്ലെങ്കിൽ, കിട്ടിയതു കുറഞ്ഞു പോയാൽ ഉടൻ തെറി തുടങ്ങും. ( ഒരിക്കൽ ഒരാവേശത്തിന്, പാക്കരനോട് ‘മത്സരിക്കാൻ‘ ശ്രമിച്ച സഞ്ജേഷും സ്നേഹനും ദയനീയമായി പരാജയപ്പെട്ട് പിന്തിരിഞ്ഞോടി രക്ഷപ്പെടുകയായിരുന്നു!) അസഹ്യമായിരുന്നു പാക്കരന്റെ സാന്നിദ്ധ്യം.

ആരെയും പാക്കരൻ തെറി പറയും. കിരീടം വയ്ക്കാത്ത രാജാവായ സ്ഥലം എസ്സൈയെ പോലും. പക്ഷേ, അത്ഭുതം, അത്യത്ഭുതം എന്നേ പറയേണ്ടൂ -- പാക്കരൻ ഒരാളെ മാത്രം തെറി പറയാറില്ല. ഞങ്ങളുടെ സുഹൃത്ത് താഹയെ. ഞങ്ങൾ കവലയിൽ നിൽക്കുമ്പോൾ നിരങ്ങി നിരങ്ങി പാക്കരൻ വരും. തെറി ഭയന്നു ഞങ്ങൾ നിൽക്കുമ്പോൾ , താഹ അങ്ങോട്ടു കയറി ചോദിക്കും : “എന്താടാ ജെമ്മിപ്പാക്കാരാ..?” പാക്കരനിപ്പോൾ തെറിയുടെ കരിമരുന്നുപ്രയോഗത്തിന് തീകൊളുത്തുമെന്ന് ഞങ്ങൾ ഞടുക്കത്തോടെ പ്രതീക്ഷിക്കും. പക്ഷേ, ഞങ്ങളെ അമ്പരപ്പിച്ചുകൊണ്ട് പാക്കരൻ ഒഴിഞ്ഞു മാറി പറയും :“ഴാ, പോഴാ,….പോഴാ… പോഴാ,….” അത്രമാത്രം !! പോകാതെ താഹ വീണ്ടും പ്രകോപിപ്പിക്കും. പക്ഷേ, പാക്കരനൊരു പല്ലവി മാത്രം :“ പോഴാ, പോഴാ, പോഴാ…”!!

കുറേ നാളുകളോളം ഞങ്ങൾക്കിതൊരത്ഭുതമായിരുന്നു. ഒരിക്കലൊരു രാത്രി വൈകി എവിടെയോ പോയി മടങ്ങി വരികയായിരുന്നു ഞാൻ. അന്നേരമുണ്ട് അടഞ്ഞ ഒരു കടത്തിണ്ണയിലിരിക്കുന്ന ജെമ്മിപ്പാക്കരന്റെ അടുത്തേയ്ക്ക് താഹ പോകുന്നു. ഞാനും കൂടെ ചെന്നു, അവൻ കാണാതെ. അടുത്തെത്തിയപ്പോഴല്ലേ മനസ്സിലായത് -- അവൻ അയാൾക്ക് രഹസ്യമായി പണം കൊടുക്കുകയാണ്, പകൽ അവനെ തെറി വിളിക്കാതിരിക്കാൻ !!

ജെമ്മിപ്പാക്കരൻ അടുത്ത ജീവിതഘട്ടത്തിലേയ്ക്ക് യാത്രയായതും ഒരു സന്ധ്യയ്ക്കാ‍ണ്. അപ്പോഴേയ്ക്കും അയാൾ വടിയൂന്നി ഒറ്റക്കാലിൽ നടക്കാൻ തുടങ്ങിയിരുന്നു. തിരക്കിനിടയിലൂടെ നടന്നു കയറിയ ജെമ്മിപ്പാക്കരനെ ആദ്യം തട്ടിത്തെറിപ്പിച്ചത് ഒരു ബൈക്കുകാരനാണ്. തെറിവിളിയോടെ എഴുനേൽക്കാൻ തുടങ്ങിയ അയാളെ പിന്നാലെ വന്ന കാർ ഇടിച്ചു തെറിപ്പിച്ച് എതിരെ വന്ന ബസിന്റെ ടയറിനു കീഴിലെത്തിച്ചു. ഞാറച്ചോട്ടിലെ ആദ്യ വാഹനയുടമ അങ്ങനെ, മൂന്നു വാഹനങ്ങൾക്കടിപ്പെട്ട് അവസാന യാത്രയായി.

Tuesday, July 27, 2010

ചക്രശ്വാസ സ്മരണകള്‍

ബസ്ചാര്‍ജ് വീണ്ടും വീണ്ടും കൂട്ടുകയല്ലേ സര്‍‌ക്കാര്‍. എനിക്ക് കടുത്ത പ്രതിഷേധമുണ്ട് അതില്‍. എങ്കിലും ഇപ്പോ മിനിമം ചാര്‍ജ് എത്രയാണെന്നു ചോദിച്ചാല്‍‌ എനിക്കറിയില്ല! എത്രയോ നാളായി ബസില്‍ കയറിയിട്ട്. ഇപ്പോഴുമെനിക്കോര്‍‌മ്മയുണ്ട്, അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് 40 പൈസയായിരുന്നു മിനിമം ചാര്‍ജ്. അന്ന് അതും ഒരു വലിയ തുകയായിരുന്നല്ലോ.പക്ഷേ മറ്റു മാര്‍‌ഗ്ഗമെന്തുണ്ട്. യാത്രക്കാര്യത്തില്‍‌ ‍ഞാറച്ചോടുകാര്‍ ഒട്ടൊക്കെ ഭാഗ്യവാന്മാരായിരുന്നു. ഞാറച്ചോട്ടില്‍‌ കേയെസ്സാര്‍‌ട്ടീസിയും പ്രൈവറ്റ് ബസുകളുമുണ്ടായിരുന്നു. പിന്നെ ട്രക്കര്‍ സര്‍വ്വീസും. സ്വന്തമായി വാഹനമുള്ളവര്‍ അന്ന് അപൂര്‍വ്വമായിരുന്നു.

ഓര്‍ക്കുന്നുണ്ടോ, എണ്‍പതുകളില്‍ പെട്രോളിനു 10 രൂപയില്‍ താഴെയായിരുന്നു വില.( ഇന്നും ആ വിലയായിരുന്നെങ്കില്‍, ഞാന്‍ 50 രൂപയുടെ പെട്രോള്‍ വാങ്ങി പൊട്ടക്കിണറ്റിലൊഴിച്ച് തീയിട്ട്, ‘എണ്ണക്കിണര്‍‘ കത്തുന്നത് നേരിട്ട് കണ്ടേനേ!) പെട്രോള്‍ കുടിച്ചു വറ്റിക്കുന്ന പഴഞ്ചന്‍ ടൂവീലറുകളായിരുന്നു അന്നു മുഴുവന്‍. ലാംബി, വിജയ് സൂപ്പര്‍, അവന്തി, കെല്‍‌വിനേറ്റര്‍, ബജാജ് കബ്....പലതരം ജീവികള്‍.ആരും അക്കാലത്ത് പുത്തന്‍ വണ്ടികള്‍ കണ്ടിട്ടുണ്ടായിരുന്നില്ല. പല സ്കൂട്ടറുകളിലും എല്ലാ ഗിയറും പ്രവര്‍‌ത്തിക്കുന്നുണ്ടാവില്ല. ഒരിക്കല്‍ കുന്ദന്റെ കൂടെ അവന്റെ കൂട്ടുകാരന്റെ പഴയ ലാംബിയില്‍ ഒരിടം വരെ പോയി. ഇറക്കത്തില്‍ മാത്രമേ ടോപ്പ്ഗിയറില്‍ ഓടൂ. കയറ്റം വലുതാണെങ്കില്‍ ഫസ്റ്റ്ഗിയറിലിട്ട് ഇറങ്ങി പിടിച്ചുകൊണ്ട് കൂടെ ഓടണം രണ്ടു പേരും! അതൊന്നും അക്കാലത്ത് അതിശയക്കാഴ്ചകളായിരുന്നില്ല.

ക്ഷുദ്രജീവികളെപ്പോലെയുള്ള ടൂവീലറുകള്‍ക്കിടയിലേക്കാണ് ‘ഹാന്‍സം’ ആയ വെസ്പ വന്നത്. തണ്ട്രാംകുളത്തിലെ സാജുസാറിന് അന്ന് മനോഹരമായ ഒരു വെസ്പ ഉണ്ടായിരുന്നു.(‘ചിലര്‍ക്ക്’ ആ വണ്ടി ഇഷ്ടപ്പെടാതെ വന്നപ്പോ സാറതു വിറ്റു.) ‘ഫോര്‍ രെജിസ്റ്റ്രേഷന്‍’ എന്ന സ്റ്റിക്കര്‍ ഞങ്ങള്‍ കണ്ടു തുടങ്ങിയത് റാവുജി കുന്ത്രാണ്ടം ഒപ്പിട്ടതിനു ശേഷം മാത്രമാണ്.

ബുള്ളറ്റ് അന്നുമുണ്ട് ‌‌- രാജകീയമായിത്തന്നെ. ഏറ്റവും കൂടുതല്‍ പേര്‍ കൊതിക്കുകയും ഏറ്റവും കുറച്ചുപേര്‍ വാങ്ങുകയും ചെയ്യുന്ന വാഹനം! നിരത്തു കീഴടക്കി പോകുന്ന അവന്റെ യാത്ര കാണുമ്പോള്‍ ‘വിടര്‍ കണ്ണാലെ പിന്നാലെ പോയിരുന്നു’. ഞാറച്ചോട്ടിലെ പ്രസിദ്ധമായ ബുള്ളറ്റ്, എസ്.എന്‍.മെഡിക്കത്സുകാരന്റെയായിരുന്നു. ‘മെയ്ഡ് ഫോര്‍ ഈച്ച് അദര്‍’ ആയിരുന്നു കക്ഷിയും ബുള്ളറ്റും. (പിന്നീട് കക്ഷി അത് അനന്തരവനായ അരചമൌലിക്കു കൊടുത്തു. അവന്‍ അത് സ്വയം ഓടിക്കാതെ, ഒരു കൂട്ടുകാരനെക്കൊണ്ട് ഓടിപ്പിച്ച് പിറകില്‍ ഇരിക്കും. അങ്ങനെ, ഞാറച്ചോട്ടില്‍ ആദ്യമായി ടൂവീലറിനു ഡ്രൈവറെ നിയമിച്ചയാളായി അരചമൌലി! അതിനും മുമ്പ്, ഞാറച്ചോട്ടിലാദ്യമായി പുതിയ മോഡല്‍ ‘ഹീറോ റേഞ്ചര്‍’ സൈക്കിള്‍ സ്വന്തമാക്കിയതും അവനായിരുന്നു.) ഇടയ്ക്ക് ചില ഗള്‍ഫുകാരുടെ ബുള്ളറ്റുകള്‍ റോഡേ പോകുന്നതു കാണാം. ഹാന്‍ഡില്‍ ബാറില്‍ വലിയ വിന്‍ഡ്ഷീല്‍ഡ് പിടിപ്പിച്ചിരിക്കും ചിലതില്‍. മുറം പോലെയുള്ള മഡ്ഫ്ലാപ്പുകളും പത്തായം പോലെ ഒരു സൈഡ്ബോക്സും ഉറപ്പായും കാണും. കാറിന്റെ ഹോണും. ചങ്കിടിച്ചു കലക്കുന്ന ശബ്ദവുമായി ഒരു പോക്കാണ്.

മിമിക്രി വേദിയില്‍ മമ്മൂട്ടിയെ അനുകരിക്കുന്ന പത്താംക്ലാസ്സുകാരനെപ്പോലെ, ബുള്ളറ്റിനെ അനുകരിച്ചുകൊണ്ട് ഒരു കൂട്ടരുണ്ടായിരുന്നു - യെസ്ഡി. ടൂവീലര്‍ ഓടിക്കുന്നവരെ അരാധനയോടെ കണ്ടിരുന്ന കാലത്തും പുറകില്‍ കയറിയിരിക്കാന്‍ പോലും എനിക്കിഷ്ടമില്ലായിരുന്ന വണ്ടിയാണ് യെസ്ഡി. ഗിയറും കിക്കറും ഒരു ലിവര്‍ തന്നെയാണ്-ഇടതുവശത്ത്. അനീമിയ ബാധിച്ചതു പോലെയുള്ള ശരീരവും ‘ഖുടും ഖുടും’ ശബ്ദവും. മൂപ്പര്‍ക്ക് ഒരു ചേട്ടനുണ്ടായിരുന്നു : ജാവ.(മസില്‍മാന്‍ ജയന്‍, നേവിയില്‍ വെറും കൃഷ്ണന്‍ നായരായിരുന്ന കാലത്ത് കറങ്ങിനടന്നിരുന്നത് ജാവയിലായിരുന്നത്രേ.)

ഞാന്‍ സ്കൂട്ടറോടിക്കാന്‍ പഠിച്ചത് ലാംബിയിലാണ്. അന്നൊക്കെ ‘ലാമ്പി‘യോടും ആരാധനയാണ്. ചങ്ങാതിയുടെ ചേട്ടന് ഒരു പഴഞ്ചന്‍ ലാമ്പിയുണ്ട്. വണ്ടി ചേട്ടന്റെയാണെങ്കിലും കൊണ്ടുനടക്കുന്നത് ചങ്ങാതിയാണ്. ചേട്ടന്‍ പേടിച്ചുപേടിച്ചാണ് ഓടിക്കുന്നത്. മൂപ്പര്‍ സ്ഥിരം ഞാറച്ചോട്ടില്‍ അവിടെയുമിവിടെയും നിര്‍ത്തിയിട്ടിരിക്കുന്നതു കാണാം. ബസിനും മറ്റും സൈഡു കൊടുക്കുന്നതാണ്! ടോപ്പ് ഗിയറില്‍ തന്നെ ക്ലച്ച് പിടിച്ച് മൂപ്പര്‍ നിര്‍ത്തും. എന്നിട്ട്, ചിരവയില്‍ തേങ്ങ തിരുമ്മുന്നതു പോലെ , രണ്ടു കൈകൊണ്ടും കുറേനേരം പരിശ്രമിച്ചിട്ടാണ് ഫസ്റ്റ് ഗിയറില്‍ എത്തിക്കുന്നത്!


ഒരു ഞായറാഴ്ച, തീവെയിലത്താണ് ചങ്ങാതിയെ ഗുരുവായി സ്വീകരിച്ച് ഞാന്‍ വണ്ടി പഠിക്കാന്‍ പോയത്. സ്റ്റാര്‍ട്ട് ചെയ്യാനാണ് ആദ്യം പഠിക്കേണ്ടതെന്ന് ഗുരു മൊഴിഞ്ഞു. എന്നിട്ട് ‘കെട്ടുവള്ളം’ എന്നെ ഏല്‍‌പ്പിച്ചു. ഞാനത് മറിയാതിരിക്കാന്‍ പാടുപെട്ടുകൊണ്ട് കിക്കുചെയ്യാന്‍ തുടങ്ങി. കൊടും വെയിലില്‍ തകര്‍ന്നിട്ടും ഒന്നും സംഭവിച്ചില്ല. ഗുരു തണലത്ത് മാറി നിന്ന് കല്പനകള്‍ പുറപ്പെടുവിക്കുന്നുണ്ട്. ഒടുവില്‍ സ്റ്റാന്‍ഡിലിട്ട് കിക്കുചെയ്യാന്‍ അനുമതി കിട്ടി. ഞാന്‍ കയ്യും കാലും പിടിച്ചപേക്ഷിച്ചിട്ടും സ്റ്റാന്‍ഡിലേറി നില്‍ക്കാന്‍ വണ്ടി തയ്യാറായില്ല. ഒടുവില്‍ മനമലിഞ്ഞ് ഗുരു വന്ന് സ്റ്റാന്‍ഡിലിട്ടു. ഞാന്‍ വീണ്ടും തുടങ്ങി അഭ്യാസം.. വിയര്‍ത്തു കുളിച്ചു, നടു കഴച്ചൊടിഞ്ഞു, കാലുതെറ്റി കിക്കറിലും ബോഡിയിലുമുരഞ്ഞും തറയിലിടിച്ചും മുറിഞ്ഞു. എന്നിട്ടും വണ്ടി മിണ്ടുന്നില്ല. “വണ്ടിയോടിക്കാന്‍ പടിക്കുന്നവന്‍ ആദ്യം സ്റ്റാര്‍ട്ട് ചെയ്യാന്‍ പടിക്ക്” എന്ന സ്ഥിരം പല്ലവി മാത്രമേ ഗുരുമുഖത്തു നിന്ന് ഉയരുന്നുള്ളൂ. ഒടുവില്‍, ഇനി വയ്യ നിലയില്‍ ഞാന്‍ തറയില്‍ ഏതാണ്ട് കിടപ്പായപ്പോഴാണ് ഗുരു നേരിട്ട് വന്ന് സ്റ്റാര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്. ഓടിക്കാനറിയാത്ത സകല മണ്ടകെണേശന്മാരോടുമുള്ള പുച്ഛം മുഖത്ത് നിറച്ച് മൂപ്പര്‍ കിക്കു ചെയ്തിട്ടും വണ്ടി സ്റ്റാര്‍ട്ടായില്ല. കിടന്ന കിടപ്പിലും എനിക്കു സന്തോഷമായി. ഒടുവില്‍ ഗുരു മൊഴിഞ്ഞു :“ഇതിനെന്തോ കുഴപ്പമുണ്ട്.” വര്‍ക്ഷോപ്പില്‍ കൊണ്ടുപോകണം. ഒന്നൊന്നര കിലോമീറ്റര്‍ അകലെയാണ് വര്‍ക്‌ഷോപ്പ്. “തള്ളിക്കൊണ്ട് പോകാനെങ്കിലും പടിക്കെടാ...” എന്ന കല്പനയോടെ ഗുരു വണ്ടി എന്നെ ഏല്പിച്ചു.

അതൊരു യാത്രയായിരുന്നു. കുടിയനെ കൊണ്ടു പോകുന്നതു പോലെ. വണ്ടി വലത്തോട്ടുമിടത്തോട്ടും ആടിയുലഞ്ഞുകൊണ്ടേയിരിക്കും. ചിലപ്പോള്‍ റോഡിനു നടുക്കോട്ടു പോകും, ചിലപ്പോള്‍ കാട്ടിലേയ്ക്കു കയറിപ്പോകും, ചിലപ്പോള്‍ എന്നെയും കൊണ്ട് വലത്തോട്ടു മറിയും. അതിലുമെളുപ്പം സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കലാണെന്നു പോലും എനിക്കു തോന്നി. ഒടുവില്‍ വര്‍ക്ഷോപ്പിലെത്തിയപ്പോള്‍ സംഗതി അടഞ്ഞു കിടക്കുന്നു. ഞായര്‍ അവധി!

വണ്ടി അവിടെ നിക്ഷേപിച്ച് ഞങ്ങല്‍ മേശിരിയുടെ വീട്ടില്‍ തിരക്കിപ്പിടിച്ചു ചെന്നു. കദനകഥകളും മുഖസ്തുതിയുമെല്ലാമവതരിപ്പിച്ച് പുള്ളിയെ ഒരുവിധം ആവാഹിച്ചു കൊണ്ടുവന്നു. മൂപ്പര്‍ വണ്ടിയുടെ തല തല്ലിത്തുറന്ന് ഞരമ്പുകളെവിടെയൊക്കെയോ മാറ്റിക്കൊടുത്തപ്പോള്‍ വണ്ടി സ്റ്റാര്‍‌ട്ടായി. ഇത്രയും ആശ്വാസദായകമായ ശബ്ദം മുമ്പൊരിക്കലും കേട്ടിട്ടില്ലായെന്നെനിക്കു തോന്നി. ഗുരുവിന്റെ പുറകില്‍ കയറി പഴയ ‘സംഭവസ്ഥലത്ത്’ വീണ്ടുമെത്തി.

വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ വണ്ടിസ്റ്റാര്‍ട്ടായി. ഒരുപാട് ‘എക്സ്പീരിയന്‍സ്’ ആയല്ലോ എനിക്ക്! പിന്നെ ഒരുവിധം ഫസ്റ്റ് ഗിയറില്‍ വണ്ടി മൂവ് ചെയ്യിച്ചു. അതിനിടയില്‍ കുറേ വഴക്കും അഞ്ചെട്ടടിയും ഒരു കടിയും ഗുരുവിന്റെ വകയായി കിട്ടിക്കഴിഞ്ഞിരുന്നു. സെക്കന്റ് ഗിയറിലേക്ക് മാറിക്കഴിഞ്ഞപ്പോഴാണ്, ഫിയറ്റില്‍ ഞങ്ങളെ ഓവര്‍‌ട്ടേക്ക് ചെയ്ത പാതിരി, തിരിഞ്ഞു നോക്കി എന്തോ ആം‌ഗ്യം കാട്ടിയത്. “ലൈറ്റ് കത്തിക്കിടക്കുന്നെന്നാ. ഓഫ്ചെയ്യടാ ലൈറ്റ്..”: ഗുരു. സ്വിച്ചെവിടെയെന്നാര്‍ക്കറിയാം. ഗുരു നോക്കിയപ്പോള്‍ സ്വിച്ച് ഓഫാണ്. പിന്നെന്തിനാണ് അച്ചനങ്ങനെ കാണിച്ചതെന്ന് ഞങ്ങള്‍ ഒരുമിച്ച് ആലോചിച്ചു തുടങ്ങിയപ്പോഴെക്കും ഹാന്‍ഡിലിന് ഒരു മുറുക്കം, വെട്ടല്‍, സൈഡ്‌വലിവ്! ബ്രേക്ക് തപ്പി കണ്ടുപിടിച്ച് ചവിട്ടി ഒടുവില്‍ നിര്‍ത്തി. ഇറങ്ങി നോക്കുമ്പോള്‍ ബാക്ക് വീല്‍ സുന്ദരമായ പഞ്ചര്‍! വീണ്ടൂം കൊടും വെയിലത്ത് വണ്ടിയും തള്ളി വര്‍ക്‍ഷോപ്പിലേയ്ക്ക്.
.......................................................

വണ്ടിയോടിക്കാന്‍ പഠിക്കാന്‍ പോയ ഞാന്‍ വണ്ടി തള്ളുന്നതില്‍ എക്സ്പേര്‍ട്ടായി വൈകിട്ട് മടങ്ങി വന്നു!!

Thursday, February 25, 2010

വോളന്റിയേഴ്സ്

ഞാറച്ചോടിന്റെ അഭിമാനമായിരുന്നു ഞങ്ങളുടെ ‘ചിഹ്നം‘ ക്ലബ്ബ് (എന്നു ഞങ്ങള്‍ പറയും)! പൊതുജനം റ്റീവീക്കു മുന്നില്‍ തലവച്ച് ഒടുങ്ങാതിരുന്ന ഒരു കാലമായിരുന്നു അത്. ഏതു നാട്ടിലും ഒന്നിലേറെ ക്ലബ്ബുകള്‍ ഉണ്ടായിരുന്ന കാലം. ഞാറച്ചോട്ടിലും ഞങ്ങള്‍ മാത്രമായിരുന്നില്ല. ‘ജവഹര്‍’ യൂത്ത് സെന്റര്‍ എന്ന പേരില്‍ അതിപ്രബലമായ ഒരു ക്ലബ്ബും ഉണ്ടായിരുന്നു. പ്രഗല്‍ഭമതികളും പ്രതിഭാശാലികളുമായിരുന്നു ആ ക്ലബ്ബിന്റെ പിന്നണിയില്‍. കേരളത്തിലാദ്യമായി പാരലല്‍ കോളജുകള്‍ക്കായി കലാമത്സരം സംഘടിപ്പിച്ചത് അവരാണ്. ഞങ്ങളും മോശമായിരുന്നില്ല. റെഗുലര്‍-പാരലല്‍-പ്രൊഫഷണല്‍ കോളജുകളിലെയും പോളീടെക്നിക്കുകളിലെയും വിദ്യാര്‍ത്ഥികള്‍ക്കായി കലാമത്സരങ്ങള്‍ ആരംഭിച്ചു ഞങ്ങള്‍ - ‘ചിഹ്നം ഫെസ്റ്റ്’ എന്ന പേരില്‍. പാരലല്‍ കോളജ് കലോത്സവത്തില്‍ സമ്മാനര്‍ഹര്‍ക്ക് സര്‍ട്ടിഫിക്കേറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ സ്ഥാനമനുസരിച്ച് 501, 251, 101 എന്ന കണക്കില്‍ ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കേറ്റും നല്‍കിയിരുന്നു. പാരലല്‍ കോളജ് കലോത്സവം ഉദ്ഘാടനം ചെയ്യാമെന്നേറ്റിരുന്ന സിനിമാതാരം പര്‍വ്വതപുത്രിയെ, ഷൂട്ടിങ് സൈറ്റിലേയ്ക്ക് ഫോണ്‍ ചെയ്ത്, ‘ഞാറച്ചോട്ടില്‍ കാലുകുത്തിയാല്‍ കാലുവെട്ടു‘മെന്ന് ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചത് ഞങ്ങളായിരുന്നു.(എന്നിട്ടും അവര്‍ വന്നാല്‍ കാണാമല്ലോ എന്ന കൊതിയോടെ ഞങ്ങളും കാത്തു നിന്നിരുന്നു!)

‘ചിഹ്നം’ ക്ലബ്ബില്‍ അംഗങ്ങള്‍ വളരെക്കുറവായിരുന്നു. പുതിയതായി അംഗങ്ങളെ ചേര്‍ക്കുക എന്നൊരു ഏര്‍പ്പാടിനു ഞങ്ങള്‍ തയ്യാറായിരുന്നില്ല. ‘ഞങ്ങള്‍ക്കു ശേഷം പ്രളയം’! വൈകുന്നേരങ്ങളില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയുടെ മട്ടുപ്പാവില്‍ ഞങ്ങള്‍ക്കൊരു സമ്മേളനമുണ്ട്. കഥകളും ചിരികളുമായി ഒരാഘോഷം. സമയം പോകുന്നതറിയുകയേയില്ല.

ഒരിക്കല്‍ വൈകുന്നേരസദസ്സില്‍ വന്ന നാജിം തിരിച്ചുപോകാന്‍ ധൃതി കാട്ടി. സാധാരണ, രാത്രി പത്തുമണി കഴിഞ്ഞാണ് ഓന്‍ കവലയില്‍ നിന്നും പോകുന്നത്.
“എന്താടാ ഇന്നിത്ര ധൃതി?”
കാര്യമുണ്ട്. മൂപ്പരുടെ വയല്‍ കൊയ്ത് കറ്റ വരമ്പില്‍ വച്ചിരിക്കുകയാണ് ലോറി വിളിച്ച് അതെടുപ്പിച്ച് വീട്ടിലെത്തിക്കണം. ഗള്‍ഫീന്നു വന്ന വാപ്പാ വീട്ടിലുണ്ട്. അവനു നേരത്തേ പോകണം.

“ആരാടാ ചൊമന്നു കേറ്റുന്നത്?”
അതിനു ചുമട്ടുകാരെ വിളിക്കണം. അത്യാവശ്യത്തിനു ചെന്നാല്‍ ഒരുത്തനും അവിടെങ്ങും കാണില്ല. തപ്പി നടക്കണം. ഇരുട്ടിയാല്‍ അവമ്മാരു വരത്തില്ല. നാജിമിനു പറഞ്ഞു നില്‍ക്കാന്‍ നേരമില്ല. ഞങ്ങള്‍ വിട്ടില്ല. കറ്റ വീട്ടിലെത്തിയാല്‍ പോരേ? അതിനു ചൊമട്ടുകാരൊന്നും വേണ്ട. വെറുതേ കാശു കളയുന്നതെന്തിന്? ഞങ്ങള്‍ മതി! എല്ലാവര്‍ക്കും സമ്മതം, ആവേശം , സന്തോഷം. പക്ഷേ,ഒരല്‍പ്പം ഇരുട്ടു വീണോട്ടെ. ജനം കാണേണ്ട.

നാജിമിനെ പിടിച്ചവിടിരുത്തി. ഒടുവില്‍ ഇരുട്ടു വീണപ്പോള്‍ ലോറിയുമായി വയലിലെത്തി. ഒരു ലോഡ് കറ്റ ലോറിയില്‍ കയറാന്‍ ഏറെ നേരമൊന്നും വേണ്ടിവന്നില്ല. പുല്ലുപോലെ എടുത്തെറിയുകയായിരുന്നു. എന്നിട്ട്, ആര്‍ത്തു വിളിച്ച്, പാട്ടുപാടി അവന്റെ വീട്ടിലേയ്ക്ക് യാത്രയായി. ആരവം കേട്ട് അവന്റെ വാപ്പ ഇറങ്ങി വന്നു. ഞങ്ങളെല്ലാരും ലോറിയ്ക്കു മുകളിലാണ്. “ഇവര് ചെയ്തോളാമെന്നു പറഞ്ഞു വാപ്പാ...” : നാജിം തല ചൊറിഞ്ഞു.

കയറ്റിയതിനേക്കാള്‍ വേഗത്തില്‍ ഇറക്കിത്തീര്‍ന്നു. ദേഹം മുഴുവന്‍ പൊടിയാണ്. നല്ല ചൊറിച്ചിലും. അവരുടെ പശുവിനെ കുളിപ്പിക്കാനുള്ള ഓസെടുത്ത് എല്ലാരും ആര്‍ഭാടമായി കുളിച്ചു! ആവേശമൊട്ടും ചോരാതെ തിരികെപ്പോരാനൊരുങ്ങി.


“എടാ...” വാപ്പ നാജിമിനെ വിളിച്ചു. “ഇവര്‍ക്കെല്ലാം ചിക്കന്‍ കോര്‍ണറീന്ന് പൊറോട്ടേം എറച്ചീം വാങ്ങിക്കൊട്. കാശ് നാളെ ഞാന്‍ കൊടുത്തോളാം.”
ആനന്ദലബ്ധിക്കിനിയെന്തു വേണം!
ഇരച്ചു വരുന്നവരെക്കണ്ട് ഹോട്ടലുകാരന്‍ നടുങ്ങിക്കാണും!!


പിറ്റേന്ന്.
വൈകിട്ട് നിസ്കാരത്തിനു പള്ളിയിലേയ്ക്ക് പോയ നാജിമിന്റെ വാപ്പയെ ഞാന്‍ വഴീല്‍ വച്ചു കണ്ടു.
“മാമാ,കറ്റയെല്ലാം റെഡിയായി കിട്ടീല്ലേ..?” : ഞാന്‍ വെറുതേ കുശലം ചോദിച്ചു.

അദ്ദേഹം സങ്കടഭാവത്തില്‍ അല്പം നിന്നു. എന്നിട്ട് പറഞ്ഞു
“മോനേ, ചൊമട്ടുകാരെ വിളിക്കുന്നതായിരുന്നു ലാഭം...!”

Wednesday, January 27, 2010

അന്നവിചാരം (വീണ്ടും)

‘മാതാപിതാഗുരുദൈവം’ എന്ന ചൊല്ല് ഞാറച്ചോട്ടിലും പ്രാബല്യത്തിലുണ്ടായിരുന്നു. അവരെ മാത്രമല്ല, അന്നത്തെയും മാനിക്കണമെന്ന് പരക്കെ അഭിപ്രായമുണ്ടായിരുന്നു. ‘അന്നവിചാരം മുന്നവിചാരം’ എന്ന് വയറിലെഴുതിയൊട്ടിച്ചു നടന്നിരുന്ന എന്നെപ്പോലുള്ളവര്‍ക്ക് , ആ അഭിപ്രായം ‘ക്ഷ’ പിടിച്ചു. ‘വേണ്ട’ എന്നോ ‘മതി’ എന്നോ ഒരു വാക്ക് എന്നില്‍ നിന്നു പൊഴിയാന്‍ എത്ര പ്രയാസമായിരുന്നെന്നോ. അഥവാ പൊഴിക്കേണ്ടിവന്നാല്‍ അതോര്‍ത്ത് ഞാനെന്തു പ്രയാസപ്പെട്ടിരുന്നെന്നോ! അതിനാലൊക്കെത്തന്നെ എവിടെ ചെന്നാലും അന്നാടിന്റെ ഭക്ഷണത്തിലാണ് എന്റെ ശ്രദ്ധ ആദ്യം ചെല്ലുന്നത്. അതിന് എനിക്ക് പ്രേരണയും പരിശീലനവും തന്നത് ഞാറച്ചോട്ടിലെ ഹോട്ടലുകളായിരുന്നു.(ഹോട്ടല്‍ എന്നല്ല പറയേണ്ടത് :‘ഓട്ടല്‍’!)

പ്രചീനകാലം മുതല്ക്കേ ഞാറച്ചോട്ടില്‍ ഓട്ടലുകളുണ്ടായിരുന്നത്രേ. എന്റെ ഓര്മ്മയിലെ ആദ്യ ഹോട്ടല്‍ , ‘ഹോട്ടല്‍ പര്‍പ്പിള്‍സ്’ ആണ്. പണ്ടത്തെ ഹോട്ടലുകള്‍ക്ക് ഒരു സുഖകരമായ മണമില്ലായിരുന്നോ? ആ മണവും ഗുണവുമുണ്ടായിരുന്ന ഹോട്ടലായിരുന്നു പര്‍പ്പിള്‍സ്. ഞാറച്ചോടു ചന്തയ്ക്കു മുമ്പിലുണ്ടായിരുന്ന ആ ഹോട്ടലിന്റെ മുന്‍‌വശം മുഴുവന്‍ ഉരുളന്‍ മരയഴികളാണ്. വാതിലും അങ്ങനത്തതു തന്നെ. അകത്തേക്കു കയറിയാല്‍ വേറൊരു ലോകമാണ്. മൊത്തം ‘വാള്‍പേപ്പറുകള്‍’. ഭിത്തികളിലും ഇടപ്പലകകളിലും തൂണുകളിലും മേല്ത്തട്ടിലുമെല്ലാം പേപ്പര്‍ ഒട്ടിച്ചിരിക്കുന്നു.വെറും കടലാസുകളല്ല, അന്നത്തെ പ്രസിദ്ധമായ ‘സോവിയറ്റുയൂണിയന്‍’ മാസികയുടെ തിളങ്ങുന്ന മേനിക്കടലാസുകള്‍. അവയില്‍ നിറയെ വര്‍‌ണ്ണചിത്രങ്ങള്‍ . പോരാഞ്ഞിട്ട് കലണ്ടറുകള്‍, കഥാപ്രസംഗങ്ങളുടെയും ബാലകളുടെയും നാടകങ്ങളുടെയും പരസ്യങ്ങള്‍. വൈദ്യുതിവെളിച്ചത്തില്‍ ആ ഹോട്ടലിനകം മായാലോകം പോലെ തോന്നിച്ചിരുന്നു. കഴിക്കാന്‍ മറന്നു നോക്കിയിരുന്നുപോയിട്ടുണ്ട്.

കയറിച്ചെല്ലുമ്പോള്‍ ഇടതുവശത്ത് മൊതലാളിയുടെ മേശയാണ്. പ്രായം ചെന്ന, വെള്ളമുണ്ടും വെള്ളക്കുപ്പായവും വെള്ളത്തലപ്പാവും ധരിച്ച ഇസ്മായില്‍ മുതലാളി. എപ്പോക്കണ്ടാലും പരുക്കന്‍ സ്വരത്തില്‍ ചോദിക്കും :“യെപടാ..?” ഞാന്‍ തെല്ലു ഭയത്തോടെ തോളുകുലുക്കാറാണു പതിവ്. മൊതലാളി ആള് കര്‍ക്കശക്കാരനാണ്. പഴേ മര്‍മ്മാണി. ‘അടിമൊറ’ എന്ന ആയോധന കല പഠിച്ചശേഷം ‘ചുറ്റിക’യില്‍ സ്പെഷ്യലൈസ് ചെയ്തയാളാണ്. എവിടെപ്പോയാലും കയ്യില്‍ ഒരു ചെറിയ സ്പെഷ്യല്‍ ചുറ്റിക കാണും. റിപ്പര്‍ കൊലപാതകങ്ങള്‍ വാര്‍ത്തയായപ്പോഴാണ് മക്കള്‍ അത് എടുത്തൊളിപ്പിച്ചത്. ഉണ്ടാക്കുന്ന അപ്പമോ ദോശയോയെങ്ങാനും കരിഞ്ഞാല്‍ ഉണ്ടാക്കിയവനെക്കൊണ്ട് തീറ്റിക്കും മൂപ്പര്‍! കുന്തിരിക്കപ്പുകയില്‍ എണ്ണപ്പലഹാരങ്ങളുടെ മണം നിറഞ്ഞ കടലാസുചിത്രങ്ങളുടെ മായിക ലോകത്തിരുന്ന് മുതലാളി ഇപ്പോഴും എന്നോടു ചോദിക്കുന്നു : “..യെപടാ...?”

കുറച്ചപ്പുറത്ത് പുഴയിങ്കല്‍ റോഡു തുടങ്ങുന്നിടത്തെ കലുങ്കിനും ഓടയ്ക്കും മുകളിലായാണ് അടുത്ത സ്ഥാപനം. മുതലിയാരുടെ ഹോട്ടല്‍. പെണ്മക്കളില്‍ ആരുടെയോ പേരാണ് അതിനിട്ടിരിക്കുന്നത്. പക്ഷേ, സുഗന്ധവാഹിനിയായ ഓടയുടെ മുകളില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന മഹത്സ്ഥാപനമായതിനാല്‍ ‘ഓടക്കട’ എന്നാണതിന്റെ വിളിപ്പേര്. മുതലിയാരൊരു സൃഷ്ടിയാണ്. ശീമപ്പന്നി പോലെയൊരു പടപ്പ്. ഇടയ്ക്കുണ്ടായ ഒരു ജീപ്പപകടം കൂടിക്കഴിഞ്ഞപ്പോള്‍ മോന്ത അസ്സലായി. ഹോട്ടല്‍ പര്‍പ്പിള്‍സ് വെജിറ്റേറിയന്‍ ഹോട്ടലാണെങ്കില്‍, ഇത് നോണ്‍‌വെജ് ഹോട്ടലാണ്. മാത്രമല്ല പച്ചയിറച്ചി വില്ക്കുക കൂടി ചെയ്യും .റോഡുനിരപ്പിലാണ് കഴിക്കുന്നയിടം. അവിടന്നു നാലഞ്ചു സ്റ്റെപ്പ് താഴേക്കിറങ്ങിയാല്‍ ചായയടിക്കുന്നയിടം. അവിടന്നും താഴേക്കിറങ്ങിയാല്‍ അടുക്കള.( അതു കാണാനും മാത്രമൊന്നും പാപം ഇതുവരെ ഞാന്‍ ചെയ്തിട്ടില്ല!)

അടുത്ത ഹോട്ടല്‍ വളരെ പ്രശസ്തമാണ്. അക്കാള ഹോട്ടല്‍. ഇതിന്റെയും ശരിയായ പേര് മറ്റെന്തോ ആണ്. പക്ഷേ, അക്കാള അമ്മച്ചി നടത്തുന്നതായതിനാലാവും ഈ പേര്. ഇങ്ങനെ പറഞ്ഞാലേ ജനം അറിയൂ; ജനം ഇങ്ങനയേ പറയൂ. ഉച്ചയൂണു മാത്രം വില്ക്കുന്ന കടയാണത്. ഒരുകാലത്ത് അവിടന്ന് ഒരൂണ് സ്വപ്നമായിരുന്നു. ഇലയിലാണു വിളമ്പുക. മൊന്തയില്‍ കൊണ്ടുവന്ന് വെള്ളം ഗ്ലാസ്സിലൊഴിക്കും. മീങ്കറിയില്ല ; വറുത്തതു മാത്രം. ഹോ! അത്രയും നന്നായി മീന്‍ വറുക്കാന്‍ ലോകത്താര്‍ക്കറിയാം ! മീന്‍ വറുത്തതിന്റെ കൂടെ ‘പൊടി’ എന്നൊരു സാധനം തരും. ചതച്ച വറ്റല്മുളക് മീനൊപ്പം വറുന്നതാണത്. എന്താ അതിന്റെ രുചി! അതു കഴിക്കാന്‍ വേണ്ടിമാത്രം ഉണ്ണാന്‍ വന്നിരുന്നവരെ എനിക്കറിയാം. ഉച്ചയ്ക്ക് ഉത്സവപ്പറമ്പു പോലെയാണവിടം. സീറ്റുകിട്ടിയ ഭാഗ്യവാന്മാരെ അസൂയയോടെ നോക്കി, സുഗന്ധങ്ങളില്‍ ലയിച്ച്, കാകദൃഷ്ടിയോടെ അല്പാഹാരത്തിനായി നിന്ന നില്പ്പുകള്‍!

ഞാനൊക്കെ കഴിക്കാറായപ്പോഴേക്കും നിര്‍ത്തിപ്പോയ ഒരു ഹോട്ടലുണ്ട് ഞാറച്ചോട്ടില്‍ - ഹോട്ടല്‍ ഇമ്പീരിയല്‍. നോണ് വെജ് കറിയുടെ മണം റോഡേ പോകുന്നവരെ വശീകരിച്ചകത്തെത്തിക്കുമായിരുന്നു.തീന്‍‌മേശകളും ബാല്ക്കണിയും സ്റ്റെയര്‍കേയ്സും അവ്യക്തമായ ഓര്‍മ്മകളിലുണ്ട്.

ഒരോട്ടല്‍ കൂടി : ഹോട്ടല്‍ ജനത. ഞാറച്ചോടു ചന്തയിലേക്കുള്ള വഴിക്കെതിരെ പ്രധാനപാതയ്ക്കരുകില്‍. ഞാറച്ചോടുകവലയില്‍ ആദ്യം പതിയ്ക്കുന്ന വെളിച്ചം ആ കടയിലേതാണ്. അതിരാവിലെ തന്നെ കട പ്രവര്‍ത്തനം തുടങ്ങും. നേരം വെളുക്കും വരെ ഞാറച്ചോട്ടിലെ ബസ്റ്റോപ്പ് ആ ദാരിദ്ര്യക്കടയുടെ മുന്നിലായിരുന്നു.ലംബോദരനെന്ന പേര് അന്വര്‍‌ത്ഥമാക്കിക്കൊണ്ട് കടമുതലാളി മുന്നില്‍ത്തന്നെ കാണും.

പുതിയ കാലം വഴിനിറഞ്ഞെത്തിയപ്പോള്‍, പഴയ മണ്‍‌വഴികള്‍ ടാര്‍‌റോഡുകളായതു പോലെ, ഞാറച്ചോടിന്റെ സ്വന്തം രുചികള്‍ ‘ആഗോള പലഹാരമായ’ പൊറോട്ടയ്ക്കു വഴിമാറി. ചിക്കന്‍ ഒരു ഫാഷനായതോടെ ഞാറച്ചോട്ടില്‍ ആദ്യത്തെ ‘ചിക്കന്‍ കോര്‍ണര്‍‘ ആരംഭിച്ചു. പുഴയിങ്കല്‍ റോഡിലെ പുതിയ ഹോട്ടലില്‍ മസാല ദോശ വിളമ്പിത്തുടങ്ങിയതോടെ ചരിത്രം വഴിമാറിത്തുടങ്ങി. ദേശീയ പലഹാരങ്ങള്‍ അപമാനകരമായി അന്നു തോന്നിയവരില്‍ ഈ പാവം വെഞ്ഞാറനുമുണ്ടായിരുന്നു! (പൊറോട്ടയില്‍ മുങ്ങി പൊറോട്ടയില്‍ പൊങ്ങിയ, പൊറോട്ടച്ചാലുകള്‍ നീന്തിക്കയറിയ, പൊറോട്ടമരങ്ങളിലൂഞ്ഞാലാടിയ, പൊറോട്ടയ്ക്കു മുന്നില് പൊളിവാ കാട്ടിയ ധീരന്‍!)
ഇന്ന് ഹോട്ടലെന്നാല്‍, ഞാറച്ചോട്ടില്‍, ബിവറേജസ് കോര്‍പ്പറേഷന്റെ സഹായ സ്ഥാപനങ്ങള്‍ മാത്രമാണ്. സായന്തനങ്ങളില്‍ അവിടെ അസംഖ്യം പഴശ്ശിരാജമാര്‍ ‘വാള്‍’വീശി ‘വിദേശ’ത്തോടു കലഹിച്ചുകൊണ്ടിരിക്കുന്നു - നിലംപരിശാകും വരെ!

Monday, January 11, 2010

മറക്കുമോ നീയെന്റെ.....

ജനുവരി 10

യേശുദാസിന് 70 വയസ്സ് തികഞ്ഞു.

കേരളത്തില്‍ എവിടെയും എപ്പോഴും യേശുദാസ് പാടുന്നുണ്ടാവും. യേശുദാസിനെക്കുറിച്ചുള്ള എന്റെ ആദ്യഓര്‍മ്മകള്‍ ഞാറച്ചോടുമായി ബന്ധപ്പെട്ടുകിടക്കുന്നു. അക്കാലത്ത് ഞാറച്ചോട്ടില്‍ ധാരാളം പരിപാടികള്‍ നടക്കുമായിരുന്നു. രാഷ്ട്രീയ സമ്മേളനങ്ങള്‍, കലാപരിപാടികള്‍, സാംസ്കാരികപരിപാടികള്‍, കച്ചവടപരിപാടികള്‍..... എല്ലാത്തിനും മൈക്കും പാട്ടും ഉണ്ടാവും. വൈകുന്നേരം നടക്കുന്ന പരിപാടിക്ക് രാവിലേതന്നെ പാട്ട് തുടങ്ങും. ഈ പരിപാടികളിലെല്ലാം ഒരാള്‍ സ്ഥിരം സാന്നിദ്ധ്യമാണ് : ശ്രീമാന്‍ അബു. കലാസാംസ്കാരികപ്രിയനായതിനാലല്ല - മൂപ്പര്‍ ഞാറച്ചോട്ടിലെ മൈക്ക്സെറ്റ് രംഗത്തെ കിരീടം വയ്ക്കാത്ത രാജാവാണ്.അബുവാക്കയുടെ സംഘാടനസഹായവും മൈക്ക്സെറ്റുമില്ലാതെ നടക്കുന്ന പരിപാടികള്‍ ഞാറച്ചോട്ടില്‍ അപൂര്‍വ്വമായിരുന്നു.

അക്കാലത്ത് പാട്ടുകേള്‍ക്കാനുള്ള ഏകാശ്രയം റേഡിയോകളാണ്. എന്റെ വീട്ടില്‍ എന്നോളം പ്രായമുള്ള ‘നെല്‍കൊ’ റേഡിയോയാണ് ഡ്യൂട്ടിയില്‍. മൂപ്പരെ പിരിച്ചുവിടണമെന്നും ഒരു തക്കുടുമോള്‍ ചുണ്ടിൽ വിരല്‍ വെച്ചിരിക്കുന്ന ചിത്രം പരസ്യമായുള്ള ‘മര്‍ഫി’ റേഡിയോ വാങ്ങണമെന്നും എനിക്കാഗ്രഹമുണ്ടായിരുന്നു. ഉച്ചയ്ക്കത്തെ ഒരു മണിക്കൂര്‍ ചലച്ചിത്രഗാന പരിപാടിയാണ് പാട്ടുകേള്‍ക്കാന്‍ പ്രധാന ഉപാധി. പിന്നെ രാവിലെ അവ്യക്തമായി വിട്ടുവിട്ടു കിട്ടുന്ന “വിവിധ്ഭാരതിയുടെ വാണിജ്യപ്രക്ഷേപണം, വിഷ്ണുശയ്യാപുരി”യും.

കവലയില്‍ എന്തെങ്കിലും പരിപാടിയുണ്ടെങ്കില്‍ നേരത്തേതന്നെ പാട്ടുതുടങ്ങും. കവലയില്‍ നിന്ന് അധികം അകലെയല്ലാത്ത എന്റെ വീട്ടിലിരുന്നാല്‍ വ്യക്തമായി പാട്ടുകേള്‍ക്കാം. അബുവാക്കയ്ക്ക് കുറേ ശിങ്കിടികളുണ്ട്. അതിലൊരാളായിരുന്ന ‘ചക്കി’ സംഗീത പ്രിയനായ ചെറുപ്പക്കാരനായിരുന്നു. ദാസേട്ടന്റെ ‘തരംഗിണി‘ക്കാസറ്റുകള്‍ കൃത്യമായി വാങ്ങിയിരുന്നു അബുവാക്ക. എന്റെ മനസ്സിലെ ഞാറച്ചോടുകവലയില്‍ ഇപ്പോഴും ദാസേട്ടന്റെ ഗാനങ്ങള്‍ അലയടിക്കുന്നു.

“ഈ പ്രേമഗീതകം പാടാന്‍ നീ മറന്നോ....?”

“ചില്ലിട്ടവാതിലില്‍ വന്നു നില്‍ക്കാമോ...?“

“ശ്രാവണപൌര്‍ണ്ണമി സൌന്ദര്യമേ, എന്റെ സൌഭാഗ്യമേ.....”

“പാതിരാമയക്കത്തില്‍ പാട്ടൊന്നു കേട്ടു...”

“അരയന്നമേ, ആരോമലേ....”

“മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ....”

“കായല്‍....കന്നിയോളങ്ങള്‍ കൊണ്ടേതോ.....”

“പൂക്കളം കാണുന്ന പൂമരം പോലെ നീ....”

“പച്ചപ്പനങ്കിളിത്തത്തേ, നിന്റെ ചിത്തത്തിലാരാണു...”


“അമാവാസിനാളില്‍ ഞാനൊരു...”

“ഉത്രാടപ്പൂനിലാവേ വാ...”

എന്നിങ്ങനെ ഒരുപാടൊരുപാട് ലളിതഗാനങ്ങള്‍. പ്രത്യേകിച്ച്, ദാസേട്ടനല്ലാതെ വേറൊരുത്തനും പാടിഫലിപ്പിക്കരുതെന്ന നിര്‍ബന്ധത്തോടെ രവീന്ദ്രന്‍ സംഗീതം നല്‍കിയ ‘വസന്തഗീതങ്ങ’ളിലെ പാട്ടുകള്‍.

ചലച്ചിത്രഗാനങ്ങളുടെ കാര്യം പറയാനില്ല. ‘ധ്വനി’ പുറത്തിറങ്ങിയപ്പോള്‍ മാസങ്ങളോളം അതുമാത്രമാണ് ഞാറച്ചോട്ടില്‍ മുഴങ്ങിയിരുന്നത്. ഭക്തിഗാനങ്ങള്‍ക്കും പഞ്ഞമുണ്ടായിരുന്നില്ല.

“ഈ വഴിയും പെരുവഴിയും....”

“പൊന്മല നമ്മുടെ പുണ്യമല....”

“പമ്പയാറിന്‍ പൊന്‍പുളിനത്തില്‍.....”

എന്നിങ്ങനെ ഒരുപാട് അയ്യപ്പഗാനങ്ങള്‍.

“ഹരികാംബോജി രാഗം പഠിക്കുവാന്‍...”

“ചന്ദന ചര്‍ച്ചിത നീലകളേബരം....”

“രാധതന്‍ പ്രേമത്തോടാണോ......”

“ചെമ്പൈയ്ക്കു നാദം നിലച്ചപ്പോള്‍....”

തുടങ്ങിയ ഗാനങ്ങള്‍ അടങ്ങിയ ‘മയില്‍പ്പീലി’ പാട്ടുകള്‍.


“സംകൃത പമഗിരി......”

“ആലം പടച്ചോരു റബ്ബേ....”

“മൌത്തും ഹയാത്തിന്നുമുടമസ്ഥനേ......”

“ആകേ ചുറ്റുലകത്തിലു.....”

“കരയാനും പറയാനും.....”

“കണ്ണീരില്‍ മുങ്ങി ഞാന്‍....”

“ഇമ്മലയാളത്തിക്കുറി വന്നതു....”

“എല്ലാം പടൈത്തുള്ള....”
എന്നിങ്ങനെ മൊഞ്ചുള്ള മൈലാഞ്ചിപ്പാട്ടുകള്‍.

എല്ലാം ഞാറച്ചോട്ടില്‍ അബുവാക്കയുടെ ‘റീമാ’സൌണ്ട്സിലൂടെ ഒഴുകി. യഥേഷ്ടം പാട്ടുകേള്‍ക്കാന്‍ നിവൃത്തിയില്ലായിരുന്ന ഞങ്ങള്‍ക്ക് ആശ്രയവും ആശ്വാസവുമായിരുന്നു അബുവാക്ക.

അക്കാലത്ത് ടേപ്പ്റെക്കോഡറുകള്‍ ഗള്‍ഫുകാരുടെ വീട്ടിലേ ഉണ്ടായിരുന്നുള്ളൂ. കൂടുതലും ‘നാഷണല്‍ പാനസോണിക്’. മനോഹരമായിരുന്നു പാനസോണിക്കിലെ സംഗീതാനുഭവങ്ങള്‍. കേരളത്തിലിറങ്ങുന്നതിനേക്കാള്‍ മലയാളഗാനങ്ങള്‍ ഗള്‍ഫില്‍ ലഭ്യവുമായിരുന്നു. ‘തോംസണ്‍’ കമ്പനിയുടെ 90 കാസറ്റുകള്‍ ഗള്‍ഫുകാരുടെ കയ്യില്‍ കാണും.അത്തരമൊരു കാസറ്റിലാണ് എന്റെ എക്കാലത്തെയും പ്രിയ ഗാനങ്ങളിലൊന്നായ, “അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍” ആദ്യം കേട്ടത്. എത്ര കേട്ടാലും മതിയാകുമായിരുന്നില്ല എനിക്കാഗാനം.കാസറ്റു കറങ്ങുന്നതിന്റെ നേര്‍ത്ത ഇരമ്പലിനെ മറികടന്നെത്തുന്ന ഗന്ധര്‍വ്വശബ്ദം....!

വളരെ അപൂര്‍വ്വമായി മാത്രം ഞാന്‍ കേട്ടിട്ടുള്ള ഒരു പാട്ടുണ്ട്. ആകെ മൂന്നോ നാലോ തവണ മാത്രം കേട്ട പാട്ട്. ‘ഇന്നലെ ഇന്ന്’ എന്ന ചിത്രത്തിനു വേണ്ടി ദാസേട്ടന്‍ പാടിയ “പ്രണയസരോവര തീരം....”. ആദ്യം കേട്ടത് പഞ്ചായത്ത് ഗ്രൌണ്ടില്‍‌വച്ചാണ്. ഹിന്ദുസ്ഥാന്‍ ലീവേഴ്സിന്റെ ഉല്‍പ്പന്നങ്ങളുടെ പ്രചരണാര്‍‌ത്ഥം, ഒരു രാത്രിയില്‍ പഞ്ചായത്ത്ഗ്രൌണ്ടില്‍ കമ്പനിയുടെ പ്രദര്‍ശനമുണ്ടായിരുന്നു. 16 mm പ്രൊജക്റ്റര്‍ ഉപയോഗിച്ച് ചിത്രഗീതം മോഡല്‍ പാട്ടും പരസ്യവും. ഒറ്റക്കേള്‍വിയില്‍ ഞാനാ പാട്ടിന്റെ ആരാധകനായിത്തീര്‍ന്നു.

റേഡിയോയിലും അക്കാലത്ത് ദാസേട്ടന്റെ ലളിതഗാനങ്ങള്‍ മിക്കവാറും ഉണ്ടാകുമായിരുന്നു.

“മാമ്പൂവിരിയുന്ന രാവുകളില്‍....”

“സ്വര്‍ണ്ണത്തിന്നു സുഗന്ധം പോലെ...”

“പ്രാണസഖീ നിന്‍ മടിയില്‍ മയങ്ങും.....”

“പൂമുണ്ടും തോളത്തിട്ട്...”

“ചിലപ്പതികാരത്തിന്‍...”

“രാധാമാധവ സങ്കല്‍പ്പത്തിന്‍...”

“മതിലേഖ വീണ്ടും മറഞ്ഞു തോഴീ...”
അങ്ങനെയങ്ങനെയങ്ങനെ.........!


ദാസേട്ടന്റെ ഹിന്ദിപ്പാട്ടുകളുടെ കാസറ്റ് ആദ്യമായി കേള്‍ക്കാന്‍ തന്നത് കണ്ണന്‍ ബിനുവാണ്. ഓടിപ്പഴകിയ ആ കാസറ്റില്‍നിന്ന് “ചാന്ദ് ജൈസേ മുഖ്‌ടേപേ ബിന്ദിയാ സിതാരാ..” എന്ന പാട്ടൊഴുകി വന്ന നിമിഷം മറക്കാന്‍ പറ്റുന്നില്ല.

“ഗോരി തേര ഗാവ്....”

“തുത്ചോ മേരേ സംഘ് മേം.....”

“ഓ...ഗൊരിയാരേ...”

“ജബ് ദീപ് ജലേ ആനാ...”

“ബോലേ തൊ ബാംസുരീ...”

“ആജ് സെ പഹ്‌ലേ.....”

“സിദ് നാ കരൊ...”
മറക്കാനാവുന്നില്ല ആ ഗാനങ്ങള്‍.(കണ്ണന്‍ ബിനുവും ഒരു പാട്ടുപ്രിയനായിരുന്നു. മൂപ്പരിപ്പോള്‍ ‘വെര്‍ജിന്‍‌കുളങ്ങര‘യില്‍ ഹയര്‍ സെക്കന്‍ഡറി വാദ്ധ്യാര്‍.)

ഒരിക്കല്‍ ഒരു കല്യാണത്തിനു ബിജൂ ജോര്‍നൊപ്പം ടൂറിസ്റ്റ് ബസില്‍ യാത്ര ചെയ്യുമ്പോഴാണ് ആദ്യമായി ദാസേട്ടന്റെ തമിഴ് ഗാനങ്ങള്‍ കേട്ടത്. ഓരോ പാട്ടിന്റെയും തുടക്കം കേള്‍ക്കുമ്പോള്‍തന്നെ അവന്‍ ഏതാണു പാട്ടെന്ന് ആവേശത്തോടെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.
“കണ്ണൈ കലമാനേ....”

“പാടി അഴൈത്തേന്‍....”

“ഈറമാന റോജാവേ....”

“ചിന്ന ചിന്ന റോജാപ്പൂവേ....”


എന്നെ ഏറ്റവുമധികം സ്പര്‍ശിച്ച ദാസേട്ടന്റെ ഗാനങ്ങള്‍ ഇതൊന്നുമല്ല. ജീവിതത്തിലെ വല്ലാത്തൊരു ദശാസന്ധിയില്‍, എരിതീയിലെണ്ണയൊഴിക്കുമ്പോലെ, വേദനകളില്‍ തൈലലേപനം പോലെ, വീശിക്കടന്നുവന്ന ഏതാനും ഗാനങ്ങളുണ്ട്. ബാലു കിരിയത്ത് രചിച്ച്, ദര്‍ശന്‍ രാമന്‍ ഈണം പകര്‍ന്ന, തരംഗിണിയുടെ ‘വിഷാദഗാനങ്ങള്‍’. ‘കടലിന്നഗാധതയില്‍...’, ‘പ്രതിശ്രുതപ്രിയവധുവൊരുങ്ങി...’, ‘ഇനിയാരെ തിരയുന്നു മഴമേഘമേ...’, ‘ആരും കേള്‍ക്കാത്ത...’, ‘തിരുവാതിരപ്പൂവേ...’, ‘എന്റെ പ്രാര്‍ത്ഥനകേള്‍ക്കാന്‍...’, ‘ആ നല്ല നാളിന്റെ ഓര്‍മ്മയ്ക്കായി..’, ‘സ്വപ്നങ്ങളൊരു വഴിയേ...’, ‘കാര്‍ത്തികത്താരമുറങ്ങി...’, ‘പറയാതെ എന്റെ...’, ‘എട്ടും പൊട്ടും തിരിയാതെ...’, ‘ഒരിക്കലീശ്വരന്‍...’ എന്നീ പന്ത്രണ്ടു ഗാനങ്ങള്‍.പടപേടിച്ചു ചെന്നിടത്ത് പഴയ പടയാളി വര്‍ഗ്ഗം സ്ഥാപിച്ച കോളേജിലെ, വിജനമായ ഹോസ്റ്റലിലെ മൂന്നാം നിലയിലെ മുറിയുടെ ജനാലയ്ക്കലിരുന്ന് ആ ഗാനങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് കേട്ടത് ഞാനെങ്ങനെ മറക്കാനാണ്..? ജനാലയ്ക്കപ്പുറത്ത് മൈതാനത്തും വഴികളിലും അപ്പോള്‍ നിലാവും തളര്‍ന്നു കിടക്കുകയായിരുന്നു.

‘യേശുദാസിനു ശേഷം എന്ത്?’ എന്ന് ഞാന്‍ പണ്ട് ചിന്തിക്കാറുണ്ടായിരുന്നു. ഇപ്പോഴതില്ല. കാരണം, ദാസേട്ടനു മാത്രം പാടാവുന്ന ഗാനങ്ങള്‍ ഇപ്പോള്‍ സൃഷ്ടിക്കപ്പെടുന്നില്ല. ഇപ്പോഴത്തെ ഗാനങ്ങള്‍ക്ക് ദാസേട്ടന്റെ ആവശ്യവുമില്ല. രണ്ടു വര്‍ഷം മുമ്പ് ടൌണ്‍ ഹാളില്‍ കച്ചേരി കഴിഞ്ഞിറങ്ങിയ ദാസേട്ടന്റെ കരം ഗ്രഹിച്ച് ആ ശബ്ദം കേട്ടുകൊണ്ട് അല്പ ദൂരം നടക്കന്‍ കഴിഞ്ഞ നിമിഷങ്ങള്‍ ഒരു മനോഹര ഗാനം പോലെ എന്റെ മനസ്സിലുണ്ട്. കച്ചേരികളില്‍ ദാസേട്ടന്‍ പാടിയവസാനിപ്പിക്കുന്ന പാട്ടുതന്നെ ഞാന്‍ ഓര്‍ക്കട്ടെ :“...ആയുരാരോഗ്യസൌഖ്യം....”

Friday, January 8, 2010

അന്നവിചാരം

‘മാതാപിതാഗുരുദൈവം’ എന്ന ചൊല്ല് ഞാറച്ചോട്ടിലും പ്രാബല്യത്തിലുണ്ടായിരുന്നു. അവരെ മാത്രമല്ല, അന്നത്തെയും മാനിക്കണമെന്ന് പരക്കെ അഭിപ്രായമുണ്ടായിരുന്നു. ‘അന്നവിചാരം മുന്നവിചാരം’ എന്ന് വയറിലെഴുതിയൊട്ടിച്ചു നടന്നിരുന്ന എന്നെപ്പോലുള്ളവര്‍ക്ക് , ആ അഭിപ്രായം ‘ക്ഷ’ പിടിച്ചു. ‘വേണ്ട’ എന്നോ ‘മതി’ എന്നോ ഒരു വാക്ക് എന്നില്‍ നിന്നു പൊഴിയാന്‍ എത്ര പ്രയാസമായിരുന്നെന്നോ. അഥവാ പൊഴിക്കേണ്ടിവന്നാല്‍ അതോര്‍ത്ത് ഞാനെന്തു പ്രയാസപ്പെട്ടിരുന്നെന്നോ! അതിനാലൊക്കെത്തന്നെ എവിടെ ചെന്നാലും അന്നാടിന്റെ ഭക്ഷണത്തിലാണ് എന്റെ ശ്രദ്ധ ആദ്യം ചെല്ലുന്നത്. അതിന് എനിക്ക് പ്രേരണയും പരിശീലനവും തന്നത് ഞാറച്ചോട്ടിലെ ഹോട്ടലുകളായിരുന്നു.(ഹോട്ടല്‍ എന്നല്ല പറയേണ്ടത് :‘ഓട്ടല്‍’!)

പ്രചീനകാലം മുതല്‍ക്കേ ഞാറച്ചോട്ടില്‍ ഓട്ടലുകളുണ്ടായിരുന്നത്രേ. എന്റെ ഓര്‍മ്മയിലെ ആദ്യ ഹോട്ടല്‍ , ‘ഹോട്ടല്‍ പര്‍പ്പിള്‍സ്’ ആണ്. പണ്ടത്തെ ഹോട്ടലുകള്‍ക്ക് ഒരു സുഖകരമായ മണമില്ലായിരുന്നോ? ആ മണവും ഗുണവുമുണ്ടായിരുന്ന ഹോട്ടലായിരുന്നു പര്‍പ്പിള്‍സ്. ഞാറച്ചോടു ചന്തയ്ക്കു മുമ്പിലുണ്ടായിരുന്ന ആ ഹോട്ടലിന്റെ മുന്‍‌വശം മുഴുവന്‍ ഉരുളന്‍ മരയഴികളാണ്. വാതിലും അങ്ങനത്തതു തന്നെ. അകത്തേക്കു കയറിയാല്‍ വേറൊരു ലോകമാണ്. മൊത്തം ‘വാള്‍പേപ്പറുകള്‍’. ഭിത്തികളിലും ഇടപ്പലകകളിലും തൂണുകളിലും മേല്‍ത്തട്ടിലുമെല്ലാം പേപ്പര്‍ ഒട്ടിച്ചിരിക്കുന്നു.വെറും കടലാസുകളല്ല, അന്നത്തെ പ്രസിദ്ധമായ ‘സോവിയറ്റുയൂണിയന്‍’ മാസികയുടെ തിളങ്ങുന്ന മേനിക്കടലാസുകള്‍. അവയില്‍ നിറയെ വര്‍ണ്ണചിത്രങ്ങള്‍ . പോരാഞ്ഞിട്ട് കലണ്ടറുകള്‍, കഥാപ്രസംഗങ്ങളുടെയും ബാലകളുടെയും നാടകങ്ങളുടെയും പരസ്യങ്ങള്‍. വൈദ്യുതിവെളിച്ചത്തില്‍ ആ ഹോട്ടലിനകം മായാലോകം പോലെ തോന്നിച്ചിരുന്നു. കഴിക്കാന്‍ മറന്നു നോക്കിയിരുന്നുപോയിട്ടുണ്ട്.

കയറിച്ചെല്ലുമ്പോള്‍ ഇടതുവശത്ത് മൊതലാളിയുടെ മേശയാണ്. പ്രായം ചെന്ന, വെള്ളമുണ്ടും വെള്ളക്കുപ്പായവും വെള്ളത്തലപ്പാവും ധരിച്ച ഇസ്മായില്‍ മുതലാളി. എപ്പോക്കണ്ടാലും പരുക്കന്‍ സ്വരത്തില്‍ ചോദിക്കും :“യെപടാ..?” ഞാന്‍ തെല്ലു ഭയത്തോടെ തോളുകുലുക്കാറാണു പതിവ്. മൊതലാളി ആള് കര്‍ക്കശക്കാരനാണ്. പഴേ മര്‍മ്മാണി. ‘അടിമൊറ’ എന്ന ആയോധന കല പഠിച്ചശേഷം ‘ചുറ്റിക’യില്‍ സ്പെഷ്യലൈസ് ചെയ്തയാളാണ്. എവിടെപ്പോയാലും കയ്യില്‍ ഒരു ചെറിയ സ്പെഷ്യല്‍ ചുറ്റിക കാണും. റിപ്പര്‍ കൊലപാതകങ്ങള്‍ വാര്‍ത്തയായപ്പോഴാണ് മക്കള്‍ അത് എടുത്തൊളിപ്പിച്ചത്. ഉണ്ടാക്കുന്ന അപ്പമോ ദോശയോയെങ്ങാനും കരിഞ്ഞാല്‍ ഉണ്ടാക്കിയവനെക്കൊണ്ട് തീറ്റിക്കും മൂപ്പര്‍! കുന്തിരിക്കപ്പുകയില്‍ എണ്ണപ്പലഹാരങ്ങളുടെ മണം നിറഞ്ഞ കടലാസുചിത്രങ്ങളുടെ മായിക ലോകത്തിരുന്ന് മുതലാളി ഇപ്പോഴും എന്നോടു ചോദിക്കുന്നു : “..യെപടാ...?”

കുറച്ചപ്പുറത്ത് പുഴയിങ്കല്‍ റോഡു തുടങ്ങുന്നിടത്തെ കലുങ്കിനും ഓടയ്ക്കും മുകളിലായാണ് അടുത്ത സ്ഥാപനം. മുതലിയാരുടെ ഹോട്ടല്‍. പെണ്മക്കളില്‍ ആരുടെയോ പേരാണ് അതിനിട്ടിരിക്കുന്നത്. പക്ഷേ, സുഗന്ധവാഹിനിയായ ഓടയുടെ മുകളില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന മഹത്സ്ഥാപനമായതിനാല്‍ ‘ഓടക്കട’ എന്നാണതിന്റെ വിളിപ്പേര്. മുതലിയാരൊരു സൃഷ്ടിയാണ്. ശീമപ്പന്നി പോലെയൊരു പടപ്പ്. ഇടയ്ക്കുണ്ടായ ഒരു ജീപ്പപകടം കൂടിക്കഴിഞ്ഞപ്പോള്‍ മോന്ത അസ്സലായി. ഹോട്ടല്‍ പര്‍പ്പിള്‍സ് വെജിറ്റേറിയന്‍ ഹോട്ടലാണെങ്കില്‍, ഇത് നോണ്‍‌വെജ് ഹോട്ടലാണ്. മാത്രമല്ല പച്ചയിറച്ചി വില്‍ക്കുക കൂടി ചെയ്യും .റോഡുനിരപ്പിലാണ് കഴിക്കുന്നയിടം. അവിടന്നു നാലഞ്ചു സ്റ്റെപ്പ് താഴേക്കിറങ്ങിയാല്‍ ചായയടിക്കുന്നയിടം. അവിടന്നും താഴേക്കിറങ്ങിയാല്‍ അടുക്കള.( അതു കാണാനും മാത്രമൊന്നും പാപം ഇതുവരെ ഞാന്‍ ചെയ്തിട്ടില്ല!)

അടുത്ത ഹോട്ടല്‍ വളരെ പ്രശസ്തമാണ്. അക്കാള ഹോട്ടല്‍. ഇതിന്റെയും ശരിയായ പേര് മറ്റെന്തോ ആണ്. പക്ഷേ, അക്കാള അമ്മച്ചി നടത്തുന്നതായതിനാലാവും ഈ പേര്. ഇങ്ങനെ പറഞ്ഞാലേ ജനം അറിയൂ; ജനം ഇങ്ങനയേ പറയൂ. ഉച്ചയൂണു മാത്രം വില്‍ക്കുന്ന കടയാണത്. ഒരുകാലത്ത് അവിടന്ന് ഒരൂണ് സ്വപ്നമായിരുന്നു. ഇലയിലാണു വിളമ്പുക. മൊന്തയില്‍ കൊണ്ടുവന്ന് വെള്ളം ഗ്ലാസ്സിലൊഴിക്കും. മീങ്കറിയില്ല ; വറുത്തതു മാത്രം. ഹോ! അത്രയും നന്നായി മീന്‍ വറുക്കാന്‍ ലോകത്താര്‍ക്കറിയാം ! മീന്‍ വറുത്തതിന്റെ കൂടെ ‘പൊടി’ എന്നൊരു സാധനം തരും. ചതച്ച വറ്റല്‍മുളക് മീനൊപ്പം വറുന്നതാണത്. എന്താ അതിന്റെ രുചി! അതു കഴിക്കാന്‍ വേണ്ടിമാത്രം ഉണ്ണാന്‍ വന്നിരുന്നവരെ എനിക്കറിയാം. ഉച്ചയ്ക്ക് ഉത്സവപ്പറമ്പു പോലെയാണവിടം. സീറ്റുകിട്ടിയ ഭാഗ്യവാന്മാരെ അസൂയയോടെ നോക്കി, സുഗന്ധങ്ങളില്‍ ലയിച്ച്, കാകദൃഷ്ടിയോടെ അല്പാഹാരത്തിനായി നിന്ന നില്‍പ്പുകള്‍!

ഞാനൊക്കെ കഴിക്കാറായപ്പോഴേക്കും നിര്‍ത്തിപ്പോയ ഒരു ഹോട്ടലുണ്ട് ഞാറച്ചോട്ടില്‍ - ഹോട്ടല്‍ ഇമ്പീരിയല്‍. നോണ്‍ വെജ് കറിയുടെ മണം റോഡേ പോകുന്നവരെ വശീകരിച്ചകത്തെത്തിക്കുമായിരുന്നു.തീന്‍‌മേശകളും ബാല്‍ക്കണിയും സ്റ്റെയര്‍‌കേയ്സും അവ്യക്തമായ ഓര്‍മ്മകളിലുണ്ട്.

ഒരോട്ടല്‍ കൂടി : ഹോട്ടല്‍ ജനത. ഞാറച്ചോടു ചന്തയിലേക്കുള്ള വഴിക്കെതിരെ പ്രധാനപാതയ്ക്കരുകില്‍. ഞാറച്ചോടുകവലയില്‍ ആദ്യം പതിയ്ക്കുന്ന വെളിച്ചം ആ കടയിലേതാണ്. അതിരാവിലെ തന്നെ കട പ്രവര്‍ത്തനം തുടങ്ങും. നേരം വെളുക്കും വരെ ഞാറച്ചോട്ടിലെ ബസ്‌റ്റോപ്പ് ആ ദാരിദ്ര്യക്കടയുടെ മുന്നിലായിരുന്നു.ലംബോദരനെന്ന പേര് അന്വര്‍ത്ഥമാക്കിക്കൊണ്ട് കടമുതലാളി മുന്നില്‍ത്തന്നെ കാണും.

പുതിയ കാലം വഴിനിറഞ്ഞെത്തിയപ്പോള്‍, പഴയ മണ്‍‌വഴികള്‍ ടാര്‍‌റോഡുകളായതു പോലെ, ഞാറച്ചോടിന്റെ സ്വന്തം രുചികള്‍ ‘ആഗോള പലഹാരമായ’ പൊറോട്ടയ്ക്കു വഴിമാറി. ചിക്കന്‍ ഒരു ഫാഷനായതോടെ ഞാറച്ചോട്ടില്‍ ആദ്യത്തെ ‘ചിക്കന്‍ കോര്‍‌ണര്‍‘ ആരംഭിച്ചു. പുഴയിങ്കല്‍ റോഡിലെ പുതിയ ഹോട്ടലില്‍ മസാല ദോശ വിളമ്പിത്തുടങ്ങിയതോടെ ചരിത്രം വഴിമാറിത്തുടങ്ങി. ദേശീയ പലഹാരങ്ങള്‍ അപമാനകരമായി അന്നു തോന്നിയവരില്‍ ഈ പാവം വെഞ്ഞാറനുമുണ്ടായിരുന്നു! (പൊറോട്ടയില്‍ മുങ്ങി പൊറോട്ടയില്‍ പൊങ്ങിയ, പൊറോട്ടച്ചാലുകള്‍ നീന്തിക്കയറിയ, പൊറോട്ടമരങ്ങളിലൂഞ്ഞാലാടിയ, പൊറോട്ടയ്ക്കു മുന്നില്‍ പൊളിവാ കാട്ടിയ ധീരന്‍!)
ഇന്ന് ഹോട്ടലെന്നാല്‍, ഞാറച്ചോട്ടില്‍, ബിവറേജസ് കോര്‍പ്പറേഷന്റെ സഹായ സ്ഥാപനങ്ങള്‍ മാത്രമാണ്. സായന്തനങ്ങളില്‍ അവിടെ അസംഖ്യം പഴശ്ശിരാജമാര്‍ ‘വാള്‍’വീശി ‘വിദേശ’ത്തോടു കലഹിച്ചുകൊണ്ടിരിക്കുന്നു ‌ നിലം‌പരിശാകും വരെ!

Tuesday, January 5, 2010

പുതുവര്‍ഷപ്പടക്കം

അങ്ങനെ ഒടുവില്‍ പുതുവര്‍ഷം വന്നു. വര്‍ഷങ്ങള്‍ ഇങ്ങനെ പുതിയത് പുതിയത് വന്നുകൊണ്ടേയിരിക്കും. പക്ഷേ, പഴയതൊന്നും മറക്കാനാവില്ലല്ലോ. പുതുവര്‍ഷത്തെപ്പറ്റി കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യമോര്‍ക്കുന്നത് ഞാറച്ചോട്ടിലെ ഒരു പഴയ പുതുവര്‍ഷരാത്രിയാണ്.

ഓണവും പെരുനാളും പുതുവര്‍ഷവുമെല്ലാം ഞാറച്ചോടിനു സന്തോഷവും ആഘോഷവുമായിരുന്നു. ഓണത്തിനു ഞങ്ങളുടെ ‘ചിഹ്നം’ ക്ലബ്ബ് തട്ടി(പ്പ്)ക്കൂട്ട് പരിപാടികളുമായി ഇറങ്ങും. ക്ലബ്ബിന്റെ മുന്നില്‍ നിറം കലര്‍ത്തിയ ഉപ്പുകൊണ്ട് ‘അത്തപ്പൂക്കള’മിടും. പിന്നെ, ക്ലബ്ബിന്റെ രക്ഷാധികാരി അസ്‌ഹര്‍കാക്കയുടെ മിസ്ബുഷി ലോറിയില്‍ മൈക്ക് സെറ്റ് ഫിറ്റ് ചെയ്ത്, മാവേലിയുടെയും വാമനന്റെയും പുലിയുടെയും ഒക്കെ പ്രച്ഛന്നവേഷങ്ങളുമായി ഒരു ചുറ്റല്‍. ബക്കറ്റ് പിരിവ്.

ഒരിക്കല്‍ ഞാറച്ചോട് ടൌണില്‍ പിരിവ് നടത്തുകയായിരുന്നു. ഒരു ബക്കറ്റ് കൂടി ഉണ്ടായിരുന്നെങ്കില്‍ കൊള്ളാമെന്ന് അഭിപ്രായമുണ്ടായി. ഞാനുടനെ ക്ലബ്ബിന്റെ അടുത്ത മുറിയിലെ എ.കെ. ട്രാവലേജന്‍സിയിലെത്തി ബക്കറ്റ് ചോദിച്ചു.ഗതികേടിന് അവരുടെ എംഡി അവിടുണ്ടായിരുന്നു. മനസ്സില്ലാമനസ്സോടെ മൂപ്പര്‍ ബക്കറ്റ് തന്നു.

ഗംഭീര പിരിവായിരുന്നു. രണ്ടാമത്തെ ബക്കറ്റ് നിറയെ നോട്ടും ചില്ലറയും സത്യമായും ഞാന്‍ കണ്ടതാണ്. പക്ഷേ, പരിപാടി അവസാനിച്ചപ്പോള്‍ പണത്തോടൂകൂടി ബക്കറ്റ് കാണാനില്ല! എത്ര അന്വേഷിച്ചിട്ടും ആരാണ് കോച്ചിയതെന്നു ഒരു പിടിയും കിട്ടിയില്ല. ഒടുവില്‍ മാസങ്ങളോളം ഞാന്‍ ട്രാവത്സുകാരെ ഒളിച്ചു നടന്നു.

പുതുവര്‍ഷത്തിന് ക്ലബ്ബില്‍ പരിപാടിയൊന്നുമില്ല. ഞങ്ങളങ്ങനെ കറങ്ങി നടക്കും. അക്കൊല്ലം പുതുവര്‍ഷ രാത്രിയില്‍ അല്പം വൈകിയാണ് ഞങ്ങള്‍ ക്ലബ്ബിലെത്തിയത്. എല്ലാവരുമൊന്നുമില്ല; താഹിര്‍, ഷെഹര്‍ഷ, നജിം, പാണ്ടി സിബു, ഞാന്‍. കുറേ നേരം ക്ലബ്ബിന്റെ മുന്നില്‍ ആഘോഷങ്ങള്‍ കണ്ടുനിന്നു. പിന്നെ, കയ്യിലുള്ള കാശെല്ലാം കൂട്ടിനോക്കി, ചിക്കന്‍ കോര്‍ണറില്‍ നിന്ന് പൊറോട്ടയും സിങ്കിള്‍ മട്ടനും കഴിച്ചു. കറി തന്ന പാത്രം കഴുകേണ്ട ആവശ്യം ഇല്ലാത്ത തരത്തില്‍ മടക്കിക്കൊടുത്തു. ഫോര്‍മാലിറ്റിയുടെ പേരില്‍ കൈകഴുകി ഇറങ്ങി. വീണ്ടും നില്പായി.

അപ്പോ എനിക്കൊരാഗ്രഹം: പുതുവര്‍ഷമല്ലേ, പടക്കം പൊട്ടിക്കണം! അവന്മാര്‍ക്കു താല്പര്യമില്ല. മണി പത്തു കഴിഞ്ഞു. ഒരുപാട് പാമ്പുകള്‍ നടന്നും ബൈക്കിലും ഒക്കെ അലറി വിളിച്ച് പാഞ്ഞ് പോകുന്നുണ്ട്. കടകള്‍ അടച്ചു തുടങ്ങുന്നു. ഞാന്‍ പേഴ്സിന്റെ മുക്കും മൂലയുമെല്ലാം തപ്പിത്തിരഞ്ഞ് രണ്ടു രൂപാ കണ്ടുപിടിച്ചു. (യുറേക്കാ!)പടക്കക്കടയില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ ദാ വന്നു നില്‍ക്കുന്നു പോലീസ് ജീപ്പ്! ലാത്തിധരന്‍‌മാര്‍ പുറത്തിറങ്ങി. നാട്ടുകാരുടെമേല്‍ കുതിരകയറാന്‍ ലൈസന്‍സുകിട്ടിയ പുതുമുഖമേമാനും പുറത്തിറങ്ങി. കാക്കി കണ്ട പാമ്പുകള്‍ പെട്ടന്നപ്രത്യക്ഷരായി. ഇടറിയ കാലുകള്‍ സ്റ്റെഡിയായി. കാലമാടന്‍‌മാരെ പ്രാകിക്കൊണ്ട് പടക്കമോഹം ഞാനുപേക്ഷിച്ചു.

കടകള്‍ അടഞ്ഞു തുടങ്ങിയതോടെ ടൌണില്‍ ഇരുട്ടായി. മറ്റു ചില വണ്ടികള്‍ക്കൊപ്പം ഇരുട്ടത്ത് ജീപ്പ് കിടക്കുന്നു. ഇപ്പുറത്ത് ക്ലബ്ബിന്റെ മുന്നിലായി ഞങ്ങള്‍ നിന്നു. ഉടനെ പോയാല്‍ ഏമാനിഷ്ടപ്പെട്ടില്ലങ്കിലോ...

അന്നേരം ഒരു ബൈക്ക് ഇരമ്പിപ്പാഞ്ഞ് വന്ന് ഞങ്ങളുടെ മുന്നില്‍ നിന്നു.പിറകില്‍ ഞങ്ങളുടെ സുഹൃത്ത് സന്‍സീറാണ് അല്പം ആവേശം കൂടുതലാണവന്. പോരാത്തതിന് ഇപ്പോ ‘ഉല്പ്രേരകം’ ഉള്ളിലുണ്ട്താനും.ബൈക്ക് നില്‍ക്കുന്നതിനു മുന്‍പേ അവന്‍ അലറിപ്പറഞ്ഞു:“ഹാ‍പ്പ്പ്പ്പീ...നൂയിയാര്‍‌ര്‍‌ര്‍....” ഞങ്ങള്‍ മിണ്ടുമോ? അവന്‍ ചാടിയിറങ്ങി.

“എന്താടാ വിളീക്കാത്തത്? വിളിയെടാ...ഹാപ്പ്പ്പീ..നൂയിയാര്‍‌ര്‍‌...” -അവന്‍ അലറി.

നിഴലും വെളിച്ചവും ഇടകലര്‍‌ന്ന അവ്യക്തതയിലും അവന്‍ അടുത്തെത്തിയ ഏമാനെ തിരിച്ചറിഞ്ഞു. അപായസൂചന അവന്റെ മുഖത്ത് ഇരമ്പിക്കയറിയത് മങ്ങിയ വെട്ടത്തില്‍ ഞാന്‍ കണ്ടു. എന്തെങ്കിലും ചെയ്യാനാന്‍ എനിക്കാവുമായിരുന്നില്ല.

* * * * * * *



പുതുവര്‍ഷമെന്നു കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ മുഴങ്ങുന്നത്, പടക്കം പൊട്ടുന്നതുപോലെയുള്ള ഒരടിയും ‘എന്റുമ്മോ’ന്നുള്ള നിലവിളിയുമാണ്.