Wednesday, September 5, 2012

കണ്ണീരും കിനാവും

ഒരു നാല്ക്കവലയാണ് ഞാറച്ചോട്. നാടിനെ രണ്ടായി കീറിമുറിച്ചുകൊണ്ട്, തെക്കുവടക്കായി ഒന്നാം നമ്പര്‍ സംസ്ഥാനപാത പാഞ്ഞുപോകുന്നു. കവലയില്‍ നിന്ന് പടിഞ്ഞാറ് പുഴയിങ്കല്‍ പട്ടണത്തിലേക്ക് ഒരു പാത പോകുന്നു. കിഴക്കോട്ട് പോകുന്നത് നെടുമണ്‍കാട്ടിലേയ്ക്കാണ്. ആ നാല്ക്കവലയില്‍ രണ്ടു പാതകളില്‍ മുഖംനോക്കിയാണ് ഞാറച്ചോട് ഹൈസ്കൂള്‍ നില്ക്കുന്നത്. ഒരു കിമീ അകലെ, സംസ്ഥാനപാതയ്ക്കരികില്‍ തന്നെയാണ് ഞാറച്ചോട് എല്‍പീ സ്കൂള്‍.

ഇരട്ടപ്പേരിട്ടു വിളിക്കല്‍ ഗ്രാമീണരുടെ ഒരു പ്രധാന വിനോദമാണല്ലോ. പാവം ഞാറച്ചോട് എല്‍പ്പീക്കുമുണ്ട് ഒരു ഇരട്ടപ്പേര് – 'കേവീയെം'!! സങ്കടകരമാണ് ആ പേരിന്റെ കഥ. സ്കൂളിന്റെ തൊട്ടടുത്ത് ഒരു ക്ളിനിക്കുണ്ട്. അതിന്റെ പേരാണ് KVM! സ്കൂളിന്റെ പേര്, ഒരു കറുത്ത ബോഡില്‍ വെളുത്ത അക്ഷരങ്ങളില്‍ ചെറുതായി, അവ്യക്തമായി എഴുതിയിരിക്കുമ്പോള്‍, തൊട്ടടുത്ത് മത്തങ്ങാ വലിപ്പത്തിലാണ് ക്ളിനിക്കിന്റെ പേര് എഴുതിയിരിക്കുന്നത്. നാട്ടുകാര്‍ എന്തു പിഴച്ചു?!!

ആ വിദ്യാക്ഷേത്രത്തിലാണ് വെഞ്ഞാറന്‍ അറിവിന്റെ ലോകത്തിലേയ്ക്ക് 'പിച്ച' വച്ചത്. അന്ന് ഞങ്ങള്‍ ഒന്നാംക്ളാസ്സുകാര്‍ക്ക് പ്രിയപ്പെട്ട അധ്യാപിക 'പാട്ടുസാര്‍' എന്നു വിളിച്ചിരുന്ന വൃദ്ധയായ അദ്ധ്യാപികയായിരുന്നു. കൊടുംദേഷ്യക്കാരനായ ശിവദാസന്‍സാര്‍, ബ്രഹ്മാനന്ദന്‍ സാര്‍, രവീന്ദ്രന്‍സാര്‍, തലപ്പാവും കുപ്പായവുമണിഞ്ഞ അറബിസാര്‍, ദിവാകരന്‍സാര്‍, ഹെഡ്മാസ്റ്റര്‍ ഉണ്ണിത്താന്‍സാര്‍ എന്നിവരെയൊക്കെ ഇപ്പോഴും ഓര്‍മ്മയുണ്ട്. കേരളത്തില്‍ കുട്ടികളുടെ നാടകവേദിയുടെ ജീവാത്മാവും പരമാത്മാവും ആയിരുന്ന സാക്ഷാല്‍ ആലന്തറ കൊച്ചുകൃഷ്ണപിള്ളസാറായിരുന്നു ഞങ്ങളെ മലയാളം പഠിപ്പിച്ചിരുന്നത്. ആദ്യമായ് എന്നോട് അഭിനയിക്കാന്‍ അവശ്യപ്പെട്ടത് സാറായിരുന്നു. മുടന്തനെ അനുകരിക്കാനാണ് സാര്‍ ആവശ്യപ്പെട്ടത്. പേരോര്‍മ്മയില്ലാത്ത, വികലാംഗനായ ഒരു സ്കൂള്‍മേറ്റിനെ അനുകരിച്ച് ഞാന്‍ സാറിന്റെ അഭിനന്ദനം നേടി. പിന്നീടൊരിക്കല്‍ ഗിരീഷും ഞാനും മൂന്നാംക്ളാസ്സിലെ 'കുട്ടനും മുട്ടനും' കഥ അഭിനയിച്ചു. മുട്ടുകാലില്‍ നടന്ന് ഞങ്ങള്‍ മുട്ടനാടുകളായി. ചോരകുടിക്കാനെത്തിയ കുറുക്കനായി സാറും. സാറിനെ മൃദുവായി ഇടിച്ചത് സാര്‍ അംഗീകരിച്ചില്ല. പിന്നെ ഒന്നും നോക്കിയില്ല; ഞങ്ങള്‍ രണ്ടുംകൂടി ഇടിച്ചു തെറിപ്പിച്ചു സാറിനെ!!

കൊല്ലങ്ങള്‍ക്കിപ്പുറത്ത്, ഈ മരുഭൂമിയിലിരുന്ന് ഓര്‍മ്മിക്കുമ്പോള്‍, ഏറെ മുഖങ്ങള്‍ ഓര്‍ത്തെടുക്കാനാവുന്നുണ്ട്. ഷെര്‍ഷ, അസിം, ഹസ്സിം, കണ്ണന്‍ ബിനു, ബിനു ജോര്‍ജ്, നാസിം, അഭിലാഷ്, അനില്‍, മഞ്ചേഷ്, ഷിബു (പാവം, കഴിഞ്ഞ കൊല്ലം ഹൃദയസ്തംഭനം വന്ന് അവന്‍.......) അങ്ങനെയങ്ങനെ...

ഇവരാരുമല്ലാതെ, ഞാന്‍ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന ഒരു സഹപാഠിയുണ്ട്. അങ്ങോട്ടുമിങ്ങോട്ടുമെല്ലാം ഡിവിഷനുകള്‍ മാറ്റിമറിച്ചുകൊണ്ടിരുന്നപ്പോള്‍, രണ്ടാംക്ളാസ്സില്‍ എന്നോടൊപ്പം ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടി – റീന. വെളുത്തുമെലിഞ്ഞ ഒരു പാവം മിണ്ടാക്കുട്ടി. ഒരിക്കലും ഞങ്ങള്‍ മിണ്ടിയിട്ടില്ല. മിണ്ടാന്‍ പാടില്ലെന്ന ബോധം അന്നത്തെ രണ്ടാംക്ളാസ്സുകാര്‍ക്കുമുണ്ടായിരുന്നു!

ഒരിക്കലെനിക്കൊരു പുതിയ ജോടി ഉടുപ്പുകിട്ടി. ഓഫ്‌വൈറ്റില്‍ മെറൂണ്‍ ബലൂണുകളുടെ ചിത്രമുള്ള ഷര്‍ട്ട്, മെറൂണ്‍ ട്രൗസര്‍. അതിട്ട് പുതുമോടിയില്‍ ക്ളാസ്സില്‍ വന്നപ്പോള്‍, അന്ന് അവള്‍ക്കും അതേ വേഷം! അതേ ഷര്‍ട്ടുടുപ്പും പാവാടയും.

കൗതുകം കൊണ്ടാവാം ഞാനും ഒരു കൂട്ടുകാരനും ആ സാദൃശ്യത്തെപ്പറ്റിപ്പറഞ്ഞ് അവളെ നോക്കിച്ചിരിച്ചു. കളിയാക്കിയതല്ല, സത്യം. പക്ഷേ, അവള്‍ക്കങ്ങനെ തോന്നിക്കാണും. കണ്ണിലെഴുതിയ മഷി മുഴുവന്‍ വെളുത്ത മുഖത്ത് പടര്‍ത്തിക്കൊണ്ട് അവള്‍ നിശബ്ദമായി കരഞ്ഞുതുടങ്ങി. അമ്പരന്ന ഞങ്ങള്‍ എങ്ങോട്ടോ മാറിപ്പോയി.

അന്നു രാത്രി, രണ്ടാംക്ളാസ്സുകാരനായ ഞാന്‍ ഒരു സ്വപ്നം കണ്ടു. എന്റെ ആ സഹപാഠിനി കരയുന്നു; ആ കണ്ണീര്‍, തുമ്പിക്കൈ വണ്ണത്തില്‍ എന്റെ ദേഹത്തു പതിക്കുന്നു. കുത്തൊഴുക്കില്‍ പെട്ടുപോയ ഞാന്‍ വെപ്രാളപ്പെട്ട് ഞെട്ടിയുണര്‍ന്നു.

സത്യമാണ്; അതിനു ശേഷം ഇന്നോളം ഒരു പെണ്‍കുട്ടിയെയും ഞാന്‍ വാക്കിലോ നോക്കിലോ ശല്യപ്പെടുത്തിയിട്ടില്ല, വേദനിപ്പിച്ചിട്ടില്ല. സത്യം.

ആ എല്‍ പീ സ്കൂള്‍കാലത്തിനു ശേഷം റീന എവിടെയാണെന്ന് എനിക്ക് അറിയില്ല. കാലങ്ങള്‍ക്കിപ്പുറത്തിരുന്ന് ഞാനിപ്പോഴും ആഗ്രഹിക്കുന്നു: റീനയെ ഒരിക്കല്‍ക്കൂടി കണ്ടിരുന്നെങ്കില്‍.....

11 comments:

 1. ഓർമ്മകളുടേ പുതുനാമ്പുകൾ..
  കഥകളുടേ ഏറ്റം കെട്ടി വളർത്തുക.
  ആശംസകൾ

  ReplyDelete
 2. ഓര്‍മ്മകള്‍ക്ക് മധുരമേറുന്ന നാളുകളിലൂടെ....

  ReplyDelete
 3. നല്ല ചോദ്യം..നാട്ടുകാര്‍ എന്തു പിഴച്ചു?!നന്നായി എഴുതി.

  ReplyDelete
 4. പ്രിയ കലാവല്ലഭന്‍, റാംജിമാഷ്, മുഹമ്മദ്മാഷ്
  വായനയ്ക്കു നന്ദി..

  ReplyDelete
 5. ഹൃദയസ്പര്‍ശിയായി ....ആശംസകള്‍

  ReplyDelete
 6. ഓർമകൾ എന്നെയും ഭൂമിയുടെ പടിഞ്ഞാറെ ചെരിവിലേക്ക് പോയി... അവിടെ ഞാ‍നും ചില മുഖങ്ങൾ തപ്പി; പക്ഷെ....

  ReplyDelete
 7. ഒരു വാക്ക് വിട്ട് പോയി “കൊണ്ട്”

  ReplyDelete
 8. orunimisham pazhaya 2 class orthupoieeeee

  ReplyDelete
 9. എല്ലാ ഓർമ്മകളെയും ശമിപ്പിക്കുന്ന മരുന്നാണല്ലോ കാലം. എന്നാലും ചില ഓർമ്മകൾ,,,,.....

  ReplyDelete
 10. വെഞ്ഞാറന്‍.... ബ്ലോഗേഴ്‌സിന്റെ ഒരു വാട്‌സ്അപ്പ് ഗ്രൂപ്പുണ്ടാക്കുന്നു നമ്പര്‍ തരാമോ ? എന്റെ വാട്‌സ്അപ്പ് നമ്പര്‍ 00971 564972300
  (രാമു, നോങ്ങല്ലൂര്‍ രേഖകള്‍)  ReplyDelete