Friday, November 13, 2009

അകന്നുപോയ ആരവങ്ങള്‍

ഞാറച്ചോടിന്റെ പ്രസിദ്ധി അന്യനാടുകളില്‍ എത്തിച്ചിരുന്നത് പലതും പലരും ചേര്‍‌ന്നാണ്. അതിലൊന്ന് എന്തായിരുന്നെന്നോ? ഞാറച്ചോടിന്റെ ചന്ത! പഴയ ഒരു ചന്തയാണത്. നൂറിലേറെ വര്‍‌ഷം പഴക്കമുള്ള ‘അതി പുരാതന’ചന്ത.

കളിയായി പറഞ്ഞതല്ല കേട്ടോ. പണ്ടേയുണ്ടാ ചന്ത. സ്വാതന്ത്രസമരവുമായി ബന്ധപ്പെട്ട കാര്‍‌ഷിക ലഹളകളില്‍ ഈ ചന്ത ഉള്‍പ്പെട്ടിരുന്നു. ബുധനും ശനിയുമാണ് പ്രധാന ചന്ത ദിവസങ്ങള്‍. ആ ദിവസങ്ങളില്‍ വെളുപ്പാങ്കാലത്തുതന്നെ ഞാറച്ചോട് ഉണരും. അടുത്തുമകലെയുമുള്ള ഉപഗ്രാമങ്ങളില്‍ നിന്ന് പച്ചക്കറികള്‍ തലച്ചുമടായി എത്തും. അവരെക്കാത്ത് കച്ചോടക്കാരും ഏജെന്റുമാരുമെല്ലാം വഴിയില്‍ നില്‍ക്കും. അഞ്ചുമണിയാകുമ്പോഴേയ്ക്കും പുഴയിങ്കല്‍ റോഡിലൂടെ മീന്‍ ലോറികള്‍ പാഞ്ഞു വരും. നിര്‍ത്താതെ ഹോണടിച്ച്, പിറകിലെ ഓസിലൂടെ മീന്‍‌വെള്ളത്തിന്റെ വരകള്‍ റോഡിലുണ്ടാക്കി ഇരമ്പിപ്പാഞ്ഞുപോകുന്ന മീന്‍‌വണ്ടികള്‍ രസകരമായ കാഴ്ചയാണ്.
അതിവിശാലമായ ഒരു സ്ഥലമായിരുന്നു ചന്ത. പ്രധാനപാതയും ചന്തയും തമ്മില്‍ വേര്‍‌തിരിക്കുന്നത് കുറേ ഒറ്റനിലക്കടകളാണ്. കടമുറികള്‍‌ക്കു പിന്നിലെ വിശാലമായ ഇടമാണ് ചന്തയുടെ ഒന്നാം ഭാഗം. അവിടെ വലിയ വട്ടികളുമായി കുറേ പെണ്ണുങ്ങള്‍ ഇരിപ്പുണ്ട്. വട്ടികളില്‍ അരിയാണ്. അളന്നു കൊടുക്കാന്‍ നാഴിയും കാണും കയ്യില്‍. നല്ല ഒന്നാംതരം കുത്തരി. കല്ലില്ല, കലര്‍‌പ്പില്ല. കച്ചോടം നടന്നാലും നടന്നില്ലേലും നാക്കടങ്ങിയിരിക്കരുതെന്നാണല്ലോ ചന്തയുടെ നിയമം! ആരവം അവിടെ ആരംഭിക്കുന്നു. പിന്നെ നിറയെ ചട്ടിയും കലവും പ്ലാസ്റ്റിക് സ്റ്റീല്‍ പാത്രങ്ങളും തട്ടുമുട്ടു സാധനങ്ങളും വില്‍‌ക്കുന്നവരാണ്. അവരെപ്പോഴും വെറുതേ മാറ്റിയും അടുക്കിയും പെറുക്കിയുമിരിക്കും. ഇടയ്ക്കിടെ തലയുയര്‍‌ത്തി വരുന്നവരെ വിളിക്കും. നാക്കടങ്ങിയിരിക്കരുതല്ലോ.

ഒരു മതിലോടെ അവിടം തീരുന്നു. അതിനപ്പുറം കടക്കാന്‍ മൂന്നാലു പടികള്‍ കയറണം. താഴത്തെ തിരക്കൊന്നും തിരക്കല്ലെന്നു ബോധ്യമാകും അങ്ങോട്ടു കയറിയാല്‍. മതിലിനടുത്ത് ഒരു പടുകൂറ്റന്‍ ആല്‍ മരമുണ്ട്. അതിന്റെ ചില്ലകളില്‍ പരശതം കാക്കകളും പരുന്തുകളും. ചന്തയുടെ നിയമം തെറ്റിക്കാതിരിക്കാന്‍ അവരും ആവുന്നത്ര ശ്രമിക്കുന്നുണ്ട്. ആ ആല്‍‌ച്ചുവട്ടിലായിരിക്കണം ചന്ത പിച്ചവച്ചു തുടങ്ങിയിട്ടുണ്ടാവുക. ചന്ത ദിവസം നമ്മളാ ആലു കാണുകയില്ല. അത്രയും വിശാലവീക്ഷണത്തിനു ജനത്തിരക്കു നമ്മളെ സമ്മതിക്കുമോ?

പടികള്‍ കയറിച്ചെല്ലുമ്പോള്‍ മുഴുവന്‍ പച്ചക്കറിക്കാരാണ്. പൂഴിവാരിയിട്ടാല്‍ താഴെ വീഴില്ലാ എന്നു പറയുന്നതില്‍ നോ അതിശയോക്തി. വസങ്ങളില്‍ സ്ഥിരം പച്ചക്കറിക്കടകള്‍. തറയില്‍ വിരിപ്പിനുമുകളില്‍ പച്ചക്കറി കൂനകൂട്ടിയിട്ട് കച്ചവടം നടത്തുന്ന ചന്തദിന വന്‍ കച്ചവടക്കാര്‍. സ്വന്തം പറമ്പിലെ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുന്നവര്‍. അത്തരക്കാരില്‍ നിന്ന് മൊത്തമായെടുത്ത് പലതരം പച്ചക്കറികള്‍ ഒരുമിച്ച് വില്‍ക്കുന്നവര്‍. എല്ലാത്തരക്കരുമുണ്ട്. കയറിച്ചെല്ലുന്നിടത്തു തന്നെ മൂലയില്‍ ഒരു ചെറുപ്പക്കാരനുണ്ട്. കുത്തനെ നിര്‍‌ത്തിയ ഒരു സ്യൂട്കേയ്സിനു മുകളില്‍ മറ്റൊരെണ്ണം തുറന്നു വച്ച് , നിറയെ ചന്ദനത്തിരിയുമായി നില്‍‌ക്കുന്നൊരാള്‍. തുളയ്ക്കുന്ന സ്വരത്തില്‍ അയാള്‍ പറഞ്ഞുകൊണ്ടിരിക്കും :
“തിരിയുടെ കാര്യം, തിരിയുടെ കാര്യം
ഇങ്ങോട്ടു തിരി, ഇങ്ങോട്ടു തിരി....
തിരിയുടെ കാര്യം ,തിരിയുടെ കാര്യം
ഇങ്ങോട്ട് തിരി, ഇങ്ങോട്ടു തിരി......”
ഒന്നുരണ്ടാള്‍ക്കപ്പുറ്ത്ത് മറ്റൊരു ചെറുപ്പക്കാരന്‍. ഊന്നുവടികളിലാണു നില്‍‌പ്പ്. വലതു കയ്യിലെ ചില്ലറ കിലുക്കിക്കൊണ്ട് അയാള്‍ പറയും :
“അമ്മമാരേ.... സോദരിമാരേ......
അഞ്ചു പൈസയാണു ചോദിക്കുന്നത്....
അമ്മമാരേ...സോദരിമാരേ....”

നടക്കുന്നവര്‍‌ക്കും സാധനങ്ങളുമായി പോകുന്നവര്‍‌ക്കും സാധനങ്ങള്‍ വാങ്ങാന്‍ കുനിഞ്ഞു നില്‍‌ക്കുന്നവര്‍‌ക്കും ഇടയിലൂടെ, ഇടത്തൊഴിഞ്ഞ്, വലത്തൊഴിഞ്ഞ്, ചവിട്ടി മാറി, തടുത്തു മാറ്റി, കുനിഞ്ഞമര്‍‌ന്ന് കുറേക്കൂടി മുമ്പോട്ടു പോകുമ്പോള്‍ പച്ചക്കറിക്കാര്‍ അവസാനിക്കും. പിന്നെ കപ്പക്കച്ചവടക്കാരാണ്. മരച്ചീനിക്കച്ചവടം. കുന്നോളം കൂനകൂട്ടിയിരിക്കുന്ന മരച്ചീനിക്കു മുന്‍പില്‍, കപ്പത്തണ്ടുകൊണ്ട് മുക്കാലികെട്ടി അതില്‍ ത്രാസു തൂക്കി ഇരിക്കുന്നവര്‍. ഒരാള്‍ വില്‍‌ക്കും. ഒന്നുരണ്ടുപേര്‍ കപ്പ വാലും തലയും കളഞ്ഞ് വില്‍‌പ്പനയ്ക്ക് റെഡിയാക്കും. എട്ടുപത്തു കൂട്ടരുണ്ടാകും അങ്ങനെ. ഇവിടെയുമുണ്ട് സ്ത്രീ പ്രാതിനിധ്യം. കുട്ടയില്‍ കൊള്ളുന്നത്ര കപ്പയുമായി പത്തുപതിനഞ്ചു സ്ത്രീകള്‍. അവര്‍‌ക്കു ത്രാസ്സില്ല. ഓരോ പങ്ക് വില്‍‌ക്കുകയാണവര്‍. ചന്തയുടെ നിയമം അവര്‍‌ക്കും ബാധകം.

മരച്ചീനിക്കാര്‍ക്കും മലക്കറിക്കാര്‍ക്കുമിടയില്‍ ഒരു വൃദ്ധന്‍ നില്‍ക്കും. പഴകിയ ജുബ്ബയും കൈലിയുമാണ് വേഷം.കയ്യില്‍ ഫ്രെയിം ചെയ്ത ഏതോ ഫോട്ടോയുടെ പുറത്ത് പകുതി തുറന്ന ഒരു ഉണക്കത്തേങ്ങാ.തൊണ്ടില്‍ നിറയെ ഭസ്മം. ആരോടെന്നില്ലാതെ അയാള്‍ പറയും :
“പേപ്പട്ടിക്കാവില്‍ ഉറുമ്പിന് ....വിളക്കിന്.....
“പേപ്പട്ടിക്കാവില്...ഉറുമ്പിന്...വിളക്കിന്...”

മരച്ചീനിക്കാര്‍ക്കപ്പുറത്ത് ഒരരമതില്‍. അതിനപ്പുറത്ത് എന്താണെന്ന് കണ്ണുപൊട്ടര്‍ക്കുപോലും പെട്ടന്നു മനസ്സിലാകും. ചന്തയുടെ ബാക്കി ഭാഗത്ത് ആരവങ്ങളാണെങ്കില്‍, ഇവിടെ അട്ടഹാസങ്ങളാണ്! ‘സാംസ്കാരികകേരള‘ത്തിന്റെ എഡിറ്റോറിയല്‍ മീറ്റിങ്ങാണവിടെ. ഏതു ജലദോഷക്കാരന്റെയും മൂക്കു തുറക്കും ഇവിടെ ഒരല്‍പ്പനേരം നിന്നാല്‍. മീഞ്ചന്ത! അവിടെ മണ്ണ് അഴുകിക്കുഴഞ്ഞ നിലയിലാണ്. കാലാകാലങ്ങളായി മീനുകളുടെ തുറന്ന വായില്‍നിന്നും കീറിയ വയറ്റില്‍നിന്നുമുള്ള നിക്ഷേപങ്ങള്‍.

ഇവിടത്തെ കച്ചവടക്കാര്‍ കലാകാരും കലാപകാരുമാണ്! അലറിവിളിച്ചാണ് വാങ്ങല്‍കാരെ വരുത്തുന്നത്. സംശയക്കണ്ണുകളാല്‍ മീനുകളെ നോക്കിനില്‍ക്കുന്നവരെ ബോധ്യപ്പെടുത്താനുള്ള ഭീകര പ്രഭാഷണങ്ങള്‍, ഡെമോണ്‍‌സ്റ്റ്രേഷനുകള്‍, വെല്ലുവിളികള്‍. ആരെങ്കിലും മീന്‍ വാങ്ങാന്‍ തയ്യാറായാല്‍ ഉടനെ കൊടുത്തു വിടില്ല. അക്കാര്യം അപ്പുറമിപ്പുറമുള്ള മുഴുവന്‍ കച്ചവടക്കാരെയും വാങ്ങാന്‍ വന്ന പൊതു ജനത്തെയും ബോധ്യപ്പെടുത്തിയേ കൊടുക്കൂ. മീന്‍ തലയ്ക്കു മുകളിലുയര്‍ത്തി ഒരു പ്രകടനമുണ്ടായിരിക്കും.പലപ്പോഴും സംഭാഷണരംഗങ്ങളിലേയ്ക്ക് സെന്‍സര്‍ ബോഡിനു പ്രവേശനമുണ്ടാവില്ല.

അടുത്തു തന്നെയാണ് മീന്‍‌കാരികളിരിക്കുന്നത്. കടലോരത്തുനിന്ന് വലിയ അലൂമിനിയച്ചരുവത്തില്‍ മീനുമായി വരുന്ന ഉണ്ണിയാര്‍ച്ചകള്‍!പ്രാചീന പദ്യ സാഹിത്യം പാരായണം ചെയ്യുന്നതില്‍ അവരെ തോല്‍പ്പിക്കാമെന്ന് ആരും വിചാരിക്കേണ്ട. റിലീസുചെയ്യാത്ത പ്രയോഗങ്ങള്‍ അവിടെ കേള്‍ക്കാം. സ്ഥലം‌മീന്‍‌കാരും വരത്തരായ മീന്‍‌കാരികളും തമ്മില്‍ പ്രഖ്യാപിത യുദ്ധത്തിലാണ്.അര്‍ത്ഥം, അലങ്കാരം, ധ്വനി, ദ്വയാര്‍ത്ഥം തുടങ്ങിയ വ്യാകരണകാര്യങ്ങള്‍ പഠിക്കാന്‍ ഇതിനേക്കാള്‍ നല്ലൊരിടം വേറേയില്ല! കൈലിയും ബ്ലൌസുമാണ് മീന്‍‌കാരികളുടെ വേഷം. കാണികള്‍ കുറഞ്ഞാല്‍ ചിലര്‍ക്ക് ചില ടെക്നിക്കുകളൊക്കെയുണ്ട്. ഒരിക്കലുണ്ട് ഒരു മീന്‍‌കാരി എരുമരാഗത്തില്‍, ‘ സങ്കുപുസ്പം കണ്ണെഴുതുമ്പോള്‍‘ എന്ന് പാടിത്തകര്‍ക്കുന്നു!

എല്ലാവരും തേങ്ങാ തിരുമ്മുമ്പോള്‍ ചിരട്ട തിരുമ്മുന്നവരെപ്പോലെ, കുറേ ഉണക്കമീങ്കച്ചവടക്കരുമുണ്ടവിടെ. പക്ഷേ, ഞാറച്ചോടുകാര്‍ക്ക് കരുവാടിനോട് വലിയ പ്രിയമില്ല.
അതിനുമപ്പുരം ഇറച്ചിക്കച്ചവടക്കാരാണ്. കോണ്‍സണ്‍‌ട്രേഷന്‍ ക്യാമ്പിന്റെ പ്രതീതിയാണവിടെ. കൊല്ലപ്പെട്ടവര്‍ ചോരച്ചാക്കുകളായി തൂങ്ങിക്കിടപ്പുണ്ട്. മരണഭയം നിറഞ്ഞുകവിയുന്ന കണ്ണുകളോടെ കൊലക്കത്തി കാത്തുകിടക്കുന്ന കുറേ കന്നുകാലികള്‍. അവശിഷ്ടങ്ങള്‍ക്കായി അടിപിടി കൂടുന്ന സ്ഥലം റൌഡികളായ നായകള്‍. പുളിമരക്കുറ്റികളില്‍ കശാപ്പുകത്തികള്‍ കൊത്തുന്ന ശബ്ദം.
കണ്ണേ മടങ്ങുക. മതി. അതിനപ്പുറം ഒരു ചെറു മതില്‍ക്കെട്ട്. അതിനുള്ളില്‍ തെങ്ങുകള്‍ക്ക് മുകളിലേയ്ക്ക് തലയുയര്‍ത്തിനില്‍ക്കുന്ന പടുകൂറ്റന്‍ ജലസംഭരണി. നെടുങ്കന്‍ കാലുകള്‍. അക്ഷമരായി കാത്തുനില്‍ക്കുന്ന കാക്കക്കൂട്ടങ്ങള്‍.

കാലമെത്ര കഴിഞ്ഞു. ഇന്നുമവിടെ ബാക്കിയുള്ളത് ആ ജലസംഭരണി മാത്രം. ആരവങ്ങളൊഴിഞ്ഞ മണ്ണില്‍ ഇന്ന് ഇരമ്പിയെത്തുന്ന ഇരുമ്പുശകടങ്ങള്‍. ദശാബ്ദങ്ങള്‍ക്കുമുമ്പ് കാളവണ്ടിക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അഭയം കൊടുത്തിരുന്ന ആല്‍മരം ആധുനികയാത്രക്കാര്‍ക്കായി അരങ്ങൊഴിഞ്ഞു. അതിലെ താമസക്കാരായ കാക്കകള്‍ കരഞ്ഞും കലഹിച്ചും പറന്നു പോയിട്ടുണ്ടാവും. കാലം ചവിട്ടിക്കുഴച്ചിട്ട മണ്ണിനുമേല്‍ ടാറിന്റെ വിരിപ്പു വിരിച്ചിരിക്കുന്നു. ഇപ്പോഴും വരുന്നുണ്ട് ജനമവിടേയ്ക്ക്. ഒന്നും വാങ്ങാനല്ല. കാത്തു നില്‍ക്കുകയാണവര്‍. കൃഷിയും കര്‍ഷകനും മണ്ണടിഞ്ഞു തുടങ്ങിയപ്പോള്‍ ഞാറച്ചോടിന്റെ അഭിമാനമായ ചന്ത, K S R T C ബസ്‌സ്റ്റേഷനു വേണ്ടി വഴിമാറിക്കൊടുത്തു. എന്നിട്ട്, കുറച്ചകലെ വയലോരത്തെ ഇത്തിരിവട്ടം സ്ഥലത്തുകിടന്ന് ചൊമച്ചുകൊരച്ച് ചത്തു.

Thursday, November 12, 2009

ഗുരുനാഥന്‍

‘നാട്ടിന്‍‌പുറം നന്‍‌മകളാല്‍ സമൃദ്ധം’ എന്നാണല്ലോ.ഞാറച്ചോട് നന്‍‌മകളാല്‍ മാത്രമല്ല, സവിശേഷവ്യക്തിത്വങ്ങളാലും സമൃദ്ധമായിരുന്നു. അവരില്‍ ചിലരെയെങ്കിലും പരിചയപ്പെടുത്താതെ പോകുന്നതെങ്ങനെ?


ഞാറച്ചോട് ഒരു നാല്‍‌ക്കവലയാണ്. പടിഞ്ഞാറേയ്ക്കു പോയാല്‍ 12 കിമീ കഴിയുമ്പോള്‍ ‘പുഴയിങ്കല്‍’ എന്ന പട്ടണം. തെക്കോട്ടു പോയാല്‍ 27 കിമീയ്ക്കപ്പുറത്ത് ‘വിഷ്ണുശയ്യാപുരി’. വടക്കോട്ടു പോയാല്‍ കാതങ്ങള്‍‌ക്കപ്പുറം ‘അക്ഷരനഗരം’. കിഴക്കോട്ടുപോയാല്‍ ‘വലിയമണ്‍‌കാട്’. ആ വഴിയിലൊഴികെ മറ്റു മൂന്നു വഴികളിലും പണ്ട് നിറയെ പാരലല്‍ കോളേജുകളുണ്ടായിരുന്നു. പിഞ്ചും മുറ്റിയതും മൂത്തതും മുരടിച്ചതുമായി ഒരുപാട് പാരലല്‍ വാദ്ധ്യാന്‍‌മാരും. പരശതം പിള്ളേരും.


നാല്‍‌ക്കവലയില്‍ നിന്ന് പുഴയിങ്കല്‍ റോഡിലൂടെ നടന്നാ‍ല്‍, മാഹിയില്‍ ലിക്കര്‍ ഷാപ്പുകള്‍ പോലെയാണ് പാരലല്‍ കോളേജുകള്‍! ‘മൂത്തവര്‍‘ കോളേജ്, ‘വിദ്യാര്‍‌ത്ഥി’ അക്കാഡമി, ‘വാസ്തവം’ കോളേജ്, ‘അതേ-ബീസ്’ കോളേജ് ‌...അങ്ങനെ കുറേയെണ്ണം. അക്കൂട്ടത്തില്‍ ഒരു സ്ഥാപനത്തെക്കുറിച്ചാണ് - അല്ല, അക്കൂട്ടത്തില്‍‌പ്പെടാത്ത ഒരു സ്ഥാപനത്തെക്കുറിച്ചാണ് എനിക്ക് പറയേണ്ടത്.


സ്ഥലത്തെ ആദ്യകാല പാരലല്‍ കോളേജാണത്. ഞാറച്ചോടിന്റെ ‘എം. പീ. പോള്‍സ് ടൂട്ടോറിയല്‍‌സ് ‘! പ്രീഡിഗ്രിക്കും ഡിഗ്രിക്കും പീജീക്കുമെല്ലാം പഠിതാക്കളുണ്ടായിരുന്ന ഒരു സുവര്‍‌ണ്ണകാലം പഴമക്കരുടെ മനസ്സിലുണ്ട്. ഇന്നിപ്പോ അതൊന്നുമില്ല. ഇപ്പോ അതൊരു ഏകാദ്ധ്യാപകവിദ്യാലയമാണ്. പ്രിന്‍സിപ്പലും പ്യൂണും കാഷ്യറും ക്ലര്‍‌ക്കുമെല്ലാം ഒരാള്‍ തന്നെ - സീ.ജി. സാര്‍!

മലയാളത്തിലും ഇംഗ്ലീഷിലും ചരിത്രത്തിലും എമ്മേയുള്ള സീജിസാര്‍ ഇംഗ്ലീഷ് സ്പെഷ്യലിസ്റ്റാണ്. ‘57-ല്‍ വിരല്‍ മുറ്ച്ച ചോരയാല്‍ ഒപ്പിട്ട് പര്‍‌ട്ടിയില്‍ ചേര്‍‌ന്ന, ഖദറുടുത്ത കമ്മൂണിസ്റ്റ്. തോറ്റുപഠിക്കാന്‍ വരുന്നവരാണ് സാറിന്റെ ശിഷ്യഗണങ്ങളില്‍ അധികവും. പമ്പ് ഹൌസിലേക്കുള്ള ഇടവഴിയിലൂടെ ചെല്ലുമ്പം മണ്‍‌തിട്ടിനു മുകളില്‍ ആശ്രമം പോലെ ഒരു സ്ഥലം. നിറയെ ചെടികള്‍, വള്ളികള്‍, പൂക്കള്‍, നടുക്കൊരു വീടും ഷെഡ്ഡും.

പൂപോലെ നരച്ച തലയും സ്ഥൂലശരീരവുമായി സാറവിടെ ഇരിക്കും.മറ്റുള്ളവരെ പോലെ സാര്‍ ആരെയും തിരക്കിപ്പോവില്ല, വിളിച്ചു വരുത്തില്ല.സാറിന്റെ ഭാഷയില്‍ പറഞ്ഞാല്‍, “വരുന്ന കഴുവേറിയെ പഠിപ്പിക്കും”. ചെല്ലുന്ന ‘കഴുവേറി’ പഠിച്ചു പോകും! സ്നേഹം വന്നാല്‍ സാര്‍ ‘മക്കളേ’ എന്നേ വിളിക്കൂ. കലി വന്നാല്‍ ‘കഴുവേറി‘യില്‍ തുടങ്ങും. മെഡിക്കല്‍ കോളേജില്‍ നിന്ന് ഉപേക്ഷിച്ച രോഗികളെപ്പോലെ, പല ചികിത്സ ചെയ്തിട്ടും ഫലിക്കാതെ അത്യാസന്ന നിലയിലായ ജീവിതങ്ങളാണ് സാറിനെത്തേടി വരുന്നത്. ഒന്നുരണ്ടുകാര്യം തിരക്കുമ്പോള്‍തന്നെ രോഗിയുടെ നിലവാരം സാറിനു മനസ്സിലാകും. പിന്നെ എസ്സേയും അനോട്ടേഷനുമെല്ലാം അവര്‍‌ക്കുപറ്റിയ ഡോസില്‍ ഗുളികയാക്കി കൊടുക്കും. സാറിന്റെ സരസ്വതീവിളയാട്ടം ഒരിക്കല്‍ കേട്ടാല്‍ മതി അറിയാതെ പഠിച്ചുപോകും!

സാറിന്റെ മുന്നിലെ പഠനം വലിയൊരനുഭവമാണ്. സാറ് അവതരിപ്പിക്കുമ്പോള്‍, ഇംഗ്ലീഷുകവിതകള്‍ എത്ര ഹൃദ്യമാണെന്നോ. മറ്റൊരു ഭാഷയിലെ കവിതയാണെന്നു തോന്നുകയേയില്ല. ആകാസത്തിനു കീഴിലെ ഒരു വിഷയവും ആ ക്ലാസ്സുകളില്‍ നിഷിദ്ധമല്ല. എല്ലാത്തിനെക്കുറിച്ചും സാറിനു സ്വന്തം അഭിപ്രായമുണ്ട്. നമുക്കുമാകാം സ്വന്തം അഭിപ്രായം. പക്ഷേ, സൂക്ഷ്മതയോടെ അവതരിപ്പിക്കണമെന്നു മാത്രം. വല്ലവരും പറഞ്ഞ അഭിപ്രായങ്ങള്‍ വിഴുങ്ങിച്ഛര്‍ദ്ദിക്കാന്‍ ശ്രമിച്ചാല്‍ സാറ്കൊല്ലും! അവനവന്റെ ചിന്തയ്ക്കനുസരിച്ച് പറയണം. സാറ് പറയും: “കുഞ്ഞിനെ മടിയിലിരുത്തി മാനത്തേയ്ക്കു ചൂണ്ടി, ‘മോനേ അതാ അമ്പിളിഅമ്മാവന്‍’ എന്നു നമ്മള്‍ പറയുമ്പോള്‍ കുഞ്ഞും ‘അമ്പിളിഅമ്മാവ’നെന്നു പറയും, പറയണം. അല്ലാതെ, ‘അമ്പിളിഅമ്മാവനോ, അതൊരു ഗോളമല്ലേ’ എന്നു കുഞ്ഞു പറഞ്ഞാല്‍ നമ്മള്‍ കിറുക്കെടുത്തു ചാടി തെങ്ങിലടിച്ചു ചാവില്ലേ?”

കുറച്ചു കാലമെങ്കിലും സാറിന്റെ മുന്നിലിരുന്നു പഠിച്ചവര്‍‌ക്ക് ഒരു കാര്യം ഉറച്ച ബോധ്യമുണ്ടായിരിക്കും:‘വിദ്യാഭ്യാസമാണ് ഏറ്റവും വലിയ സമ്പത്ത്”

ഒരിക്കല്‍, യൂണിവേഴ്സിറ്റിയുടെ ക്ഷമ പരിശോധിക്കാന്‍ തുനിഞ്ഞിറങ്ങിയ ഞങ്ങള്‍ കുറച്ചുപേരോട് ക്ലാസ്സിനിടയില്‍ സാര്‍ ചോദിച്ചു: “ജയിച്ചാല്‍ എന്താണെടാ അടുത്ത പ്ലാന്‍?” ഒന്നു രണ്ടു പേര്‍ മടിച്ചു മടിച്ചാണെങ്കിലും പറഞ്ഞു :‘ഒരു ബീയെഡ്ഡ് ‘....

സാര്‍ കുറച്ചു നേരം മിണ്ടാതിരുന്നു. എന്നിട്ടു പറഞ്ഞു :“മക്കളേ, ഓയെന്‍‌വീസാറും കൃഷ്ണന്‍ നായര്‍ സാറും എന്‍ കൃഷ്ണപിള്ളസാറും ഗുപ്തന്‍‌നായര്‍ സാറുമൊക്കെയാണ് എന്നെ പഠിപ്പിച്ചത്. എന്നിട്ട് എന്റെ നിലവാരം അവര്‍‌ക്കടുത്തെങ്ങാനുമെത്തുമോ? ഞാന്‍ പഠിപ്പിക്കുന്ന നിന്റെയൊക്കെ നിലവാരം എനിക്കറിയാം. അപ്പോ, നീയൊക്കെ പഠിപ്പിക്കുന്നവരുടെ നിലവാരം എന്തായിരിക്കും...?”

ആ ചോദ്യം ഇപ്പോഴും........


Monday, November 9, 2009

കുറുപ്പിന്റെ ഉറപ്പ്

വര്‍‌ഷങ്ങള്‍ക്കുമുന്‍പൊരു സായാഹ്നം. ഗുരു നിത്യ ചൈതന്യ യതിയുടെ വാക്കുകള്‍ക്കു കാതോര്‍‌ക്കുകയായിരുന്നു ഞാന്‍. വ്യക്തിയുടെ മേല്‍ , വ്യക്തിത്വത്തിന്റെ മേല്‍ സംഭവങ്ങള്‍ ആധിപത്യം സ്ഥാപിക്കുന്നതിനെ പറ്റി പറയുകയാണ് അദ്ദേഹം. സാധാരണ മനുഷ്യര്‍ ആടിയുലഞ്ഞു പോകുന്ന സന്ദര്‍‌ഭങ്ങളിലും ചില വ്യക്തിത്വങ്ങള്‍ അചഞ്ചലമായിരിക്കും. കവിതയില്‍ അദ്ദേഹം ‘നളിനി’യിലെ ദിവാകരന്റെ ഉദാഹരണം പറഞ്ഞു. ജീവിതത്തിലെ ഉദാഹരണങ്ങള്‍ അദ്ദേഹം പറഞ്ഞില്ല. പക്ഷെ എന്റെ മനസ്സ് ഞാറച്ചോട്ടിലെത്തിയിരുന്നു.......


ഞാറച്ചോട്ടില്‍ കുറുപ്പിന്റെ കടയില്‍ സാധനം വാങ്ങാന്‍ പോകുന്നത് ഞാനോര്‍‌ത്തുപോയി.


നാം കടയില്‍ ചെന്നു നില്‍‌ക്കും. കുറുപ്പ് ഒരു ‘കാല്‍ മന്ദഹാസ‘ത്തോടെ നമ്മളെ നോക്കും. ധൃതിയുള്ളതുകൊണ്ട് നമ്മള്‍ പെട്ടന്നു സാധനത്തിന്റെ പേരുപറയും. വീണ്ടും അതേ ചിരി! അദ്ദേഹം പതുക്കെ എഴുനേറ്റ് ,സാധനം എടുത്ത്, വീണ്ടും വന്നിരുന്ന്, പതുക്കെ ഒരു കടലാസ് എടുത്ത്, പൊതിയാന്‍ വേണ്ടത്ര മാത്രം കീറുയെടുത്ത്, ഭംഗിയില്‍ പൊതിഞ്ഞ്, ഒരു റബ്ബര്‍ ബാന്‍ഡ് എടുത്ത്, ശ്രദ്ധയോടെ ഇട്ട് ‘കാല്‍ മന്ദഹാസത്തോടെ ‘ നമ്മുടെ നേരേ നീട്ടും. നമ്മളുടന്‍ പണം കൊടുക്കും. അദ്ദേഹം രൂപ വാങ്ങി, നിവര്‍‌ത്തി, നീളത്തില്‍ മടക്കി, പെട്ടിയിലിട്ട്, തിരഞ്ഞ് ബാകി എടുത്ത് അതേ ചിരിയോടെ നമുക്കു നീട്ടും.


ഒരിക്കലും അദ്ദേഹത്തെ ബഹളത്തില്‍ കണ്ടിട്ടില്ല. വഴിയേപോകുന്നവരെ വിളിച്ചു കേറ്റുന്ന ആര്‍‌ത്തി ആ മുഖത്ത് ഒരിക്കലുമില്ല.

വഴിയേപോകുന്ന പെണ്‍പിള്ളാരെല്ലാം കടയിലേക്കു കേറണമെന്ന അത്യാഗ്രഹത്തിലല്ലേ ‘ലോപമുദ്ര’ ഫാന്‍‌സിസ്റ്റോര്‍ നടത്തുന്ന മൊട്ട സന്ദീപ്? എതിര്‍ വശത്ത് മെഡിക്കല്‍ സ്റ്റോറിലിരിക്കുന്ന ഹരി ആഗ്രഹിക്കുന്നത് വരുന്നവരെല്ലാം രോഗികളായിരിക്കണേ എന്നല്ലേ? പക്ഷേ കുറുപ്പിനെ നോക്കൂ... ഉറച്ച മനസ്സെന്നുപറഞ്ഞാല്‍......