Thursday, November 12, 2009

ഗുരുനാഥന്‍

‘നാട്ടിന്‍‌പുറം നന്‍‌മകളാല്‍ സമൃദ്ധം’ എന്നാണല്ലോ.ഞാറച്ചോട് നന്‍‌മകളാല്‍ മാത്രമല്ല, സവിശേഷവ്യക്തിത്വങ്ങളാലും സമൃദ്ധമായിരുന്നു. അവരില്‍ ചിലരെയെങ്കിലും പരിചയപ്പെടുത്താതെ പോകുന്നതെങ്ങനെ?


ഞാറച്ചോട് ഒരു നാല്‍‌ക്കവലയാണ്. പടിഞ്ഞാറേയ്ക്കു പോയാല്‍ 12 കിമീ കഴിയുമ്പോള്‍ ‘പുഴയിങ്കല്‍’ എന്ന പട്ടണം. തെക്കോട്ടു പോയാല്‍ 27 കിമീയ്ക്കപ്പുറത്ത് ‘വിഷ്ണുശയ്യാപുരി’. വടക്കോട്ടു പോയാല്‍ കാതങ്ങള്‍‌ക്കപ്പുറം ‘അക്ഷരനഗരം’. കിഴക്കോട്ടുപോയാല്‍ ‘വലിയമണ്‍‌കാട്’. ആ വഴിയിലൊഴികെ മറ്റു മൂന്നു വഴികളിലും പണ്ട് നിറയെ പാരലല്‍ കോളേജുകളുണ്ടായിരുന്നു. പിഞ്ചും മുറ്റിയതും മൂത്തതും മുരടിച്ചതുമായി ഒരുപാട് പാരലല്‍ വാദ്ധ്യാന്‍‌മാരും. പരശതം പിള്ളേരും.


നാല്‍‌ക്കവലയില്‍ നിന്ന് പുഴയിങ്കല്‍ റോഡിലൂടെ നടന്നാ‍ല്‍, മാഹിയില്‍ ലിക്കര്‍ ഷാപ്പുകള്‍ പോലെയാണ് പാരലല്‍ കോളേജുകള്‍! ‘മൂത്തവര്‍‘ കോളേജ്, ‘വിദ്യാര്‍‌ത്ഥി’ അക്കാഡമി, ‘വാസ്തവം’ കോളേജ്, ‘അതേ-ബീസ്’ കോളേജ് ‌...അങ്ങനെ കുറേയെണ്ണം. അക്കൂട്ടത്തില്‍ ഒരു സ്ഥാപനത്തെക്കുറിച്ചാണ് - അല്ല, അക്കൂട്ടത്തില്‍‌പ്പെടാത്ത ഒരു സ്ഥാപനത്തെക്കുറിച്ചാണ് എനിക്ക് പറയേണ്ടത്.


സ്ഥലത്തെ ആദ്യകാല പാരലല്‍ കോളേജാണത്. ഞാറച്ചോടിന്റെ ‘എം. പീ. പോള്‍സ് ടൂട്ടോറിയല്‍‌സ് ‘! പ്രീഡിഗ്രിക്കും ഡിഗ്രിക്കും പീജീക്കുമെല്ലാം പഠിതാക്കളുണ്ടായിരുന്ന ഒരു സുവര്‍‌ണ്ണകാലം പഴമക്കരുടെ മനസ്സിലുണ്ട്. ഇന്നിപ്പോ അതൊന്നുമില്ല. ഇപ്പോ അതൊരു ഏകാദ്ധ്യാപകവിദ്യാലയമാണ്. പ്രിന്‍സിപ്പലും പ്യൂണും കാഷ്യറും ക്ലര്‍‌ക്കുമെല്ലാം ഒരാള്‍ തന്നെ - സീ.ജി. സാര്‍!

മലയാളത്തിലും ഇംഗ്ലീഷിലും ചരിത്രത്തിലും എമ്മേയുള്ള സീജിസാര്‍ ഇംഗ്ലീഷ് സ്പെഷ്യലിസ്റ്റാണ്. ‘57-ല്‍ വിരല്‍ മുറ്ച്ച ചോരയാല്‍ ഒപ്പിട്ട് പര്‍‌ട്ടിയില്‍ ചേര്‍‌ന്ന, ഖദറുടുത്ത കമ്മൂണിസ്റ്റ്. തോറ്റുപഠിക്കാന്‍ വരുന്നവരാണ് സാറിന്റെ ശിഷ്യഗണങ്ങളില്‍ അധികവും. പമ്പ് ഹൌസിലേക്കുള്ള ഇടവഴിയിലൂടെ ചെല്ലുമ്പം മണ്‍‌തിട്ടിനു മുകളില്‍ ആശ്രമം പോലെ ഒരു സ്ഥലം. നിറയെ ചെടികള്‍, വള്ളികള്‍, പൂക്കള്‍, നടുക്കൊരു വീടും ഷെഡ്ഡും.

പൂപോലെ നരച്ച തലയും സ്ഥൂലശരീരവുമായി സാറവിടെ ഇരിക്കും.മറ്റുള്ളവരെ പോലെ സാര്‍ ആരെയും തിരക്കിപ്പോവില്ല, വിളിച്ചു വരുത്തില്ല.സാറിന്റെ ഭാഷയില്‍ പറഞ്ഞാല്‍, “വരുന്ന കഴുവേറിയെ പഠിപ്പിക്കും”. ചെല്ലുന്ന ‘കഴുവേറി’ പഠിച്ചു പോകും! സ്നേഹം വന്നാല്‍ സാര്‍ ‘മക്കളേ’ എന്നേ വിളിക്കൂ. കലി വന്നാല്‍ ‘കഴുവേറി‘യില്‍ തുടങ്ങും. മെഡിക്കല്‍ കോളേജില്‍ നിന്ന് ഉപേക്ഷിച്ച രോഗികളെപ്പോലെ, പല ചികിത്സ ചെയ്തിട്ടും ഫലിക്കാതെ അത്യാസന്ന നിലയിലായ ജീവിതങ്ങളാണ് സാറിനെത്തേടി വരുന്നത്. ഒന്നുരണ്ടുകാര്യം തിരക്കുമ്പോള്‍തന്നെ രോഗിയുടെ നിലവാരം സാറിനു മനസ്സിലാകും. പിന്നെ എസ്സേയും അനോട്ടേഷനുമെല്ലാം അവര്‍‌ക്കുപറ്റിയ ഡോസില്‍ ഗുളികയാക്കി കൊടുക്കും. സാറിന്റെ സരസ്വതീവിളയാട്ടം ഒരിക്കല്‍ കേട്ടാല്‍ മതി അറിയാതെ പഠിച്ചുപോകും!

സാറിന്റെ മുന്നിലെ പഠനം വലിയൊരനുഭവമാണ്. സാറ് അവതരിപ്പിക്കുമ്പോള്‍, ഇംഗ്ലീഷുകവിതകള്‍ എത്ര ഹൃദ്യമാണെന്നോ. മറ്റൊരു ഭാഷയിലെ കവിതയാണെന്നു തോന്നുകയേയില്ല. ആകാസത്തിനു കീഴിലെ ഒരു വിഷയവും ആ ക്ലാസ്സുകളില്‍ നിഷിദ്ധമല്ല. എല്ലാത്തിനെക്കുറിച്ചും സാറിനു സ്വന്തം അഭിപ്രായമുണ്ട്. നമുക്കുമാകാം സ്വന്തം അഭിപ്രായം. പക്ഷേ, സൂക്ഷ്മതയോടെ അവതരിപ്പിക്കണമെന്നു മാത്രം. വല്ലവരും പറഞ്ഞ അഭിപ്രായങ്ങള്‍ വിഴുങ്ങിച്ഛര്‍ദ്ദിക്കാന്‍ ശ്രമിച്ചാല്‍ സാറ്കൊല്ലും! അവനവന്റെ ചിന്തയ്ക്കനുസരിച്ച് പറയണം. സാറ് പറയും: “കുഞ്ഞിനെ മടിയിലിരുത്തി മാനത്തേയ്ക്കു ചൂണ്ടി, ‘മോനേ അതാ അമ്പിളിഅമ്മാവന്‍’ എന്നു നമ്മള്‍ പറയുമ്പോള്‍ കുഞ്ഞും ‘അമ്പിളിഅമ്മാവ’നെന്നു പറയും, പറയണം. അല്ലാതെ, ‘അമ്പിളിഅമ്മാവനോ, അതൊരു ഗോളമല്ലേ’ എന്നു കുഞ്ഞു പറഞ്ഞാല്‍ നമ്മള്‍ കിറുക്കെടുത്തു ചാടി തെങ്ങിലടിച്ചു ചാവില്ലേ?”

കുറച്ചു കാലമെങ്കിലും സാറിന്റെ മുന്നിലിരുന്നു പഠിച്ചവര്‍‌ക്ക് ഒരു കാര്യം ഉറച്ച ബോധ്യമുണ്ടായിരിക്കും:‘വിദ്യാഭ്യാസമാണ് ഏറ്റവും വലിയ സമ്പത്ത്”

ഒരിക്കല്‍, യൂണിവേഴ്സിറ്റിയുടെ ക്ഷമ പരിശോധിക്കാന്‍ തുനിഞ്ഞിറങ്ങിയ ഞങ്ങള്‍ കുറച്ചുപേരോട് ക്ലാസ്സിനിടയില്‍ സാര്‍ ചോദിച്ചു: “ജയിച്ചാല്‍ എന്താണെടാ അടുത്ത പ്ലാന്‍?” ഒന്നു രണ്ടു പേര്‍ മടിച്ചു മടിച്ചാണെങ്കിലും പറഞ്ഞു :‘ഒരു ബീയെഡ്ഡ് ‘....

സാര്‍ കുറച്ചു നേരം മിണ്ടാതിരുന്നു. എന്നിട്ടു പറഞ്ഞു :“മക്കളേ, ഓയെന്‍‌വീസാറും കൃഷ്ണന്‍ നായര്‍ സാറും എന്‍ കൃഷ്ണപിള്ളസാറും ഗുപ്തന്‍‌നായര്‍ സാറുമൊക്കെയാണ് എന്നെ പഠിപ്പിച്ചത്. എന്നിട്ട് എന്റെ നിലവാരം അവര്‍‌ക്കടുത്തെങ്ങാനുമെത്തുമോ? ഞാന്‍ പഠിപ്പിക്കുന്ന നിന്റെയൊക്കെ നിലവാരം എനിക്കറിയാം. അപ്പോ, നീയൊക്കെ പഠിപ്പിക്കുന്നവരുടെ നിലവാരം എന്തായിരിക്കും...?”

ആ ചോദ്യം ഇപ്പോഴും........


8 comments:

 1. അവസാനത്തെ പഞ്ച് കലക്കി.

  ReplyDelete
 2. നന്ദി.
  ആ പഞ്ച് ആദ്യം കലക്കിയത് ഞങ്ങളുടെ ചങ്ക് ആണ്.

  ReplyDelete
  Replies
  1. അദ്ദേഹം എന്നെയും പഠിപ്പിച്ചിട്ടുണ്ട്. പക്ഷെ ഞങ്ങളുടെ മുന്‍ തലമുറക്കാരും ഞാനും നാട്ടുകാരും ഒക്കെ സീ.വീ.സര്‍ എന്നാണ് വിളിക്കുന്നത്‌.ഒരുപാട് തെറി വിളിച്ചാലും ആ നല്ല ക്ലാസ്സുകള്‍ മറക്കാനാവില്ല.ബസ്‌ സ്റ്റാന്‍ഡില്‍ പെണ്‍കുട്ടികളെ വായി നോക്കുന്ന എന്‍റെ കൂട്ടുകാരോട് അദ്ദേഹം പറയുമായിരുന്നു-നിന്റെ അമ്മയ്ക്കും പെങ്ങള്‍ക്കും ഉള്ളതോക്കെയെ അവള്‍ക്കും ഉള്ളൂ എന്ന്
   http://onlinekeralacafe.blogspot.in

   Delete
 3. വെഞ്ഞാറന്റെ ഓരോ പോസ്റ്റുകളും വായിക്കുമ്പോള്‍ മനസ്സിലേക്ക് അവ ഓരോന്നും സുഖകരമായ കൊളുത്തുകളെറിയുന്നു.

  ആ കുടിപ്പള്ളിക്കൂടത്തില്‍ ഞാനും ഇരുന്നിട്ടുണ്ട്!

  ഓരോ തെറിയും സ്നേഹത്തിന്റെ മധുരമൂറുന്ന ലാളനകളായി ശിഷ്യന്മാരുടെ ഓര്മ്മകളില്‍ അവശേഷിപ്പിക്കാന്‍ കഴിവുള്ള മഹാനായ ആ ഗുരുനാഥനെ ഞാനും നമിക്കുന്നു!

  ReplyDelete
 4. സ്വന്തം മാഷുടേ ആ വിലയിരുത്തലിനാട്ടാ..കാശ്..
  കലക്കി.

  ReplyDelete
 5. ബ്ലോഗനയിലെത്തിയ വെഞ്ഞാറന്‍...

  http://venjaramood.blogspot.com/2010/01/blog-post.html

  ReplyDelete
 6. “മെഡിക്കല്‍ കോളേജില്‍ നിന്ന് ഉപേക്ഷിച്ച രോഗികളെപ്പോലെ, പല ചികിത്സ ചെയ്തിട്ടും ഫലിക്കാതെ അത്യാസന്ന നിലയിലായ ജീവിതങ്ങളാണ് സാറിനെത്തേടി വരുന്നത്.“

  ഒരുപാട് ഓർമ്മകൾ തിരികെവന്നു.

  പാരലന്മാരുടെ ഒരു വസന്തകാലമുണ്ടായിരുന്നു. ഗുണ്ടും വടയും വസന്തമായി കരുതിയ ഗുരുക്കന്മാരുടെ കാലം.അതിനപ്പുറം പ്രതീക്ഷിക്കാനില്ല. ഇന്ന് പാരലന്മാർക്ക് വസന്തമെന്നാൽ ചിക്കമട്ടാദികൾ!

  എന്തായാലും ഒരു കാലത്ത് വിദ്യാർത്ഥികളെ ഇത്തരം പാരലൽ അദ്ധ്യാപകർ ഏറെ സ്വാധീനിച്ചിട്ടുണ്ട്. പാരലൽ കോളേജുകളെന്നാൽ ഒരുകാലത്ത് ഗ്രാമപ്രദേശങ്ങളിൽ സാംസ്കാരിക കേന്ദ്രങ്ങളും രാഷ്ട്രീയ അവബോധത്തിന്റെ ഉറവിടങ്ങളുമായിരുന്നു.

  നർമ്മത്തിൽ ചാലിച്ചെങ്കിലും പാരലൽ അദ്ധ്യാപകനെ പരാമരിച്ച് എഴുതിയതിന് മറ്റൊരു പാരലന്റെ പ്രത്യേക പ്രശംസ അറിയിക്കുന്നു.

  ReplyDelete
 7. “മെഡിക്കല്‍ കോളേജില്‍ നിന്ന് ഉപേക്ഷിച്ച രോഗികളെപ്പോലെ, പല ചികിത്സ ചെയ്തിട്ടും ഫലിക്കാതെ അത്യാസന്ന നിലയിലായ ജീവിതങ്ങളാണ് സാറിനെത്തേടി വരുന്നത്.“
  valara seriyaanu

  ReplyDelete