Thursday, February 25, 2010

വോളന്റിയേഴ്സ്

ഞാറച്ചോടിന്റെ അഭിമാനമായിരുന്നു ഞങ്ങളുടെ ‘ചിഹ്നം‘ ക്ലബ്ബ് (എന്നു ഞങ്ങള്‍ പറയും)! പൊതുജനം റ്റീവീക്കു മുന്നില്‍ തലവച്ച് ഒടുങ്ങാതിരുന്ന ഒരു കാലമായിരുന്നു അത്. ഏതു നാട്ടിലും ഒന്നിലേറെ ക്ലബ്ബുകള്‍ ഉണ്ടായിരുന്ന കാലം. ഞാറച്ചോട്ടിലും ഞങ്ങള്‍ മാത്രമായിരുന്നില്ല. ‘ജവഹര്‍’ യൂത്ത് സെന്റര്‍ എന്ന പേരില്‍ അതിപ്രബലമായ ഒരു ക്ലബ്ബും ഉണ്ടായിരുന്നു. പ്രഗല്‍ഭമതികളും പ്രതിഭാശാലികളുമായിരുന്നു ആ ക്ലബ്ബിന്റെ പിന്നണിയില്‍. കേരളത്തിലാദ്യമായി പാരലല്‍ കോളജുകള്‍ക്കായി കലാമത്സരം സംഘടിപ്പിച്ചത് അവരാണ്. ഞങ്ങളും മോശമായിരുന്നില്ല. റെഗുലര്‍-പാരലല്‍-പ്രൊഫഷണല്‍ കോളജുകളിലെയും പോളീടെക്നിക്കുകളിലെയും വിദ്യാര്‍ത്ഥികള്‍ക്കായി കലാമത്സരങ്ങള്‍ ആരംഭിച്ചു ഞങ്ങള്‍ - ‘ചിഹ്നം ഫെസ്റ്റ്’ എന്ന പേരില്‍. പാരലല്‍ കോളജ് കലോത്സവത്തില്‍ സമ്മാനര്‍ഹര്‍ക്ക് സര്‍ട്ടിഫിക്കേറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ സ്ഥാനമനുസരിച്ച് 501, 251, 101 എന്ന കണക്കില്‍ ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കേറ്റും നല്‍കിയിരുന്നു. പാരലല്‍ കോളജ് കലോത്സവം ഉദ്ഘാടനം ചെയ്യാമെന്നേറ്റിരുന്ന സിനിമാതാരം പര്‍വ്വതപുത്രിയെ, ഷൂട്ടിങ് സൈറ്റിലേയ്ക്ക് ഫോണ്‍ ചെയ്ത്, ‘ഞാറച്ചോട്ടില്‍ കാലുകുത്തിയാല്‍ കാലുവെട്ടു‘മെന്ന് ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചത് ഞങ്ങളായിരുന്നു.(എന്നിട്ടും അവര്‍ വന്നാല്‍ കാണാമല്ലോ എന്ന കൊതിയോടെ ഞങ്ങളും കാത്തു നിന്നിരുന്നു!)

‘ചിഹ്നം’ ക്ലബ്ബില്‍ അംഗങ്ങള്‍ വളരെക്കുറവായിരുന്നു. പുതിയതായി അംഗങ്ങളെ ചേര്‍ക്കുക എന്നൊരു ഏര്‍പ്പാടിനു ഞങ്ങള്‍ തയ്യാറായിരുന്നില്ല. ‘ഞങ്ങള്‍ക്കു ശേഷം പ്രളയം’! വൈകുന്നേരങ്ങളില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയുടെ മട്ടുപ്പാവില്‍ ഞങ്ങള്‍ക്കൊരു സമ്മേളനമുണ്ട്. കഥകളും ചിരികളുമായി ഒരാഘോഷം. സമയം പോകുന്നതറിയുകയേയില്ല.

ഒരിക്കല്‍ വൈകുന്നേരസദസ്സില്‍ വന്ന നാജിം തിരിച്ചുപോകാന്‍ ധൃതി കാട്ടി. സാധാരണ, രാത്രി പത്തുമണി കഴിഞ്ഞാണ് ഓന്‍ കവലയില്‍ നിന്നും പോകുന്നത്.
“എന്താടാ ഇന്നിത്ര ധൃതി?”
കാര്യമുണ്ട്. മൂപ്പരുടെ വയല്‍ കൊയ്ത് കറ്റ വരമ്പില്‍ വച്ചിരിക്കുകയാണ് ലോറി വിളിച്ച് അതെടുപ്പിച്ച് വീട്ടിലെത്തിക്കണം. ഗള്‍ഫീന്നു വന്ന വാപ്പാ വീട്ടിലുണ്ട്. അവനു നേരത്തേ പോകണം.

“ആരാടാ ചൊമന്നു കേറ്റുന്നത്?”
അതിനു ചുമട്ടുകാരെ വിളിക്കണം. അത്യാവശ്യത്തിനു ചെന്നാല്‍ ഒരുത്തനും അവിടെങ്ങും കാണില്ല. തപ്പി നടക്കണം. ഇരുട്ടിയാല്‍ അവമ്മാരു വരത്തില്ല. നാജിമിനു പറഞ്ഞു നില്‍ക്കാന്‍ നേരമില്ല. ഞങ്ങള്‍ വിട്ടില്ല. കറ്റ വീട്ടിലെത്തിയാല്‍ പോരേ? അതിനു ചൊമട്ടുകാരൊന്നും വേണ്ട. വെറുതേ കാശു കളയുന്നതെന്തിന്? ഞങ്ങള്‍ മതി! എല്ലാവര്‍ക്കും സമ്മതം, ആവേശം , സന്തോഷം. പക്ഷേ,ഒരല്‍പ്പം ഇരുട്ടു വീണോട്ടെ. ജനം കാണേണ്ട.

നാജിമിനെ പിടിച്ചവിടിരുത്തി. ഒടുവില്‍ ഇരുട്ടു വീണപ്പോള്‍ ലോറിയുമായി വയലിലെത്തി. ഒരു ലോഡ് കറ്റ ലോറിയില്‍ കയറാന്‍ ഏറെ നേരമൊന്നും വേണ്ടിവന്നില്ല. പുല്ലുപോലെ എടുത്തെറിയുകയായിരുന്നു. എന്നിട്ട്, ആര്‍ത്തു വിളിച്ച്, പാട്ടുപാടി അവന്റെ വീട്ടിലേയ്ക്ക് യാത്രയായി. ആരവം കേട്ട് അവന്റെ വാപ്പ ഇറങ്ങി വന്നു. ഞങ്ങളെല്ലാരും ലോറിയ്ക്കു മുകളിലാണ്. “ഇവര് ചെയ്തോളാമെന്നു പറഞ്ഞു വാപ്പാ...” : നാജിം തല ചൊറിഞ്ഞു.

കയറ്റിയതിനേക്കാള്‍ വേഗത്തില്‍ ഇറക്കിത്തീര്‍ന്നു. ദേഹം മുഴുവന്‍ പൊടിയാണ്. നല്ല ചൊറിച്ചിലും. അവരുടെ പശുവിനെ കുളിപ്പിക്കാനുള്ള ഓസെടുത്ത് എല്ലാരും ആര്‍ഭാടമായി കുളിച്ചു! ആവേശമൊട്ടും ചോരാതെ തിരികെപ്പോരാനൊരുങ്ങി.


“എടാ...” വാപ്പ നാജിമിനെ വിളിച്ചു. “ഇവര്‍ക്കെല്ലാം ചിക്കന്‍ കോര്‍ണറീന്ന് പൊറോട്ടേം എറച്ചീം വാങ്ങിക്കൊട്. കാശ് നാളെ ഞാന്‍ കൊടുത്തോളാം.”
ആനന്ദലബ്ധിക്കിനിയെന്തു വേണം!
ഇരച്ചു വരുന്നവരെക്കണ്ട് ഹോട്ടലുകാരന്‍ നടുങ്ങിക്കാണും!!


പിറ്റേന്ന്.
വൈകിട്ട് നിസ്കാരത്തിനു പള്ളിയിലേയ്ക്ക് പോയ നാജിമിന്റെ വാപ്പയെ ഞാന്‍ വഴീല്‍ വച്ചു കണ്ടു.
“മാമാ,കറ്റയെല്ലാം റെഡിയായി കിട്ടീല്ലേ..?” : ഞാന്‍ വെറുതേ കുശലം ചോദിച്ചു.

അദ്ദേഹം സങ്കടഭാവത്തില്‍ അല്പം നിന്നു. എന്നിട്ട് പറഞ്ഞു
“മോനേ, ചൊമട്ടുകാരെ വിളിക്കുന്നതായിരുന്നു ലാഭം...!”