Thursday, February 25, 2010

വോളന്റിയേഴ്സ്

ഞാറച്ചോടിന്റെ അഭിമാനമായിരുന്നു ഞങ്ങളുടെ ‘ചിഹ്നം‘ ക്ലബ്ബ് (എന്നു ഞങ്ങള്‍ പറയും)! പൊതുജനം റ്റീവീക്കു മുന്നില്‍ തലവച്ച് ഒടുങ്ങാതിരുന്ന ഒരു കാലമായിരുന്നു അത്. ഏതു നാട്ടിലും ഒന്നിലേറെ ക്ലബ്ബുകള്‍ ഉണ്ടായിരുന്ന കാലം. ഞാറച്ചോട്ടിലും ഞങ്ങള്‍ മാത്രമായിരുന്നില്ല. ‘ജവഹര്‍’ യൂത്ത് സെന്റര്‍ എന്ന പേരില്‍ അതിപ്രബലമായ ഒരു ക്ലബ്ബും ഉണ്ടായിരുന്നു. പ്രഗല്‍ഭമതികളും പ്രതിഭാശാലികളുമായിരുന്നു ആ ക്ലബ്ബിന്റെ പിന്നണിയില്‍. കേരളത്തിലാദ്യമായി പാരലല്‍ കോളജുകള്‍ക്കായി കലാമത്സരം സംഘടിപ്പിച്ചത് അവരാണ്. ഞങ്ങളും മോശമായിരുന്നില്ല. റെഗുലര്‍-പാരലല്‍-പ്രൊഫഷണല്‍ കോളജുകളിലെയും പോളീടെക്നിക്കുകളിലെയും വിദ്യാര്‍ത്ഥികള്‍ക്കായി കലാമത്സരങ്ങള്‍ ആരംഭിച്ചു ഞങ്ങള്‍ - ‘ചിഹ്നം ഫെസ്റ്റ്’ എന്ന പേരില്‍. പാരലല്‍ കോളജ് കലോത്സവത്തില്‍ സമ്മാനര്‍ഹര്‍ക്ക് സര്‍ട്ടിഫിക്കേറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ സ്ഥാനമനുസരിച്ച് 501, 251, 101 എന്ന കണക്കില്‍ ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കേറ്റും നല്‍കിയിരുന്നു. പാരലല്‍ കോളജ് കലോത്സവം ഉദ്ഘാടനം ചെയ്യാമെന്നേറ്റിരുന്ന സിനിമാതാരം പര്‍വ്വതപുത്രിയെ, ഷൂട്ടിങ് സൈറ്റിലേയ്ക്ക് ഫോണ്‍ ചെയ്ത്, ‘ഞാറച്ചോട്ടില്‍ കാലുകുത്തിയാല്‍ കാലുവെട്ടു‘മെന്ന് ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചത് ഞങ്ങളായിരുന്നു.(എന്നിട്ടും അവര്‍ വന്നാല്‍ കാണാമല്ലോ എന്ന കൊതിയോടെ ഞങ്ങളും കാത്തു നിന്നിരുന്നു!)

‘ചിഹ്നം’ ക്ലബ്ബില്‍ അംഗങ്ങള്‍ വളരെക്കുറവായിരുന്നു. പുതിയതായി അംഗങ്ങളെ ചേര്‍ക്കുക എന്നൊരു ഏര്‍പ്പാടിനു ഞങ്ങള്‍ തയ്യാറായിരുന്നില്ല. ‘ഞങ്ങള്‍ക്കു ശേഷം പ്രളയം’! വൈകുന്നേരങ്ങളില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയുടെ മട്ടുപ്പാവില്‍ ഞങ്ങള്‍ക്കൊരു സമ്മേളനമുണ്ട്. കഥകളും ചിരികളുമായി ഒരാഘോഷം. സമയം പോകുന്നതറിയുകയേയില്ല.

ഒരിക്കല്‍ വൈകുന്നേരസദസ്സില്‍ വന്ന നാജിം തിരിച്ചുപോകാന്‍ ധൃതി കാട്ടി. സാധാരണ, രാത്രി പത്തുമണി കഴിഞ്ഞാണ് ഓന്‍ കവലയില്‍ നിന്നും പോകുന്നത്.
“എന്താടാ ഇന്നിത്ര ധൃതി?”
കാര്യമുണ്ട്. മൂപ്പരുടെ വയല്‍ കൊയ്ത് കറ്റ വരമ്പില്‍ വച്ചിരിക്കുകയാണ് ലോറി വിളിച്ച് അതെടുപ്പിച്ച് വീട്ടിലെത്തിക്കണം. ഗള്‍ഫീന്നു വന്ന വാപ്പാ വീട്ടിലുണ്ട്. അവനു നേരത്തേ പോകണം.

“ആരാടാ ചൊമന്നു കേറ്റുന്നത്?”
അതിനു ചുമട്ടുകാരെ വിളിക്കണം. അത്യാവശ്യത്തിനു ചെന്നാല്‍ ഒരുത്തനും അവിടെങ്ങും കാണില്ല. തപ്പി നടക്കണം. ഇരുട്ടിയാല്‍ അവമ്മാരു വരത്തില്ല. നാജിമിനു പറഞ്ഞു നില്‍ക്കാന്‍ നേരമില്ല. ഞങ്ങള്‍ വിട്ടില്ല. കറ്റ വീട്ടിലെത്തിയാല്‍ പോരേ? അതിനു ചൊമട്ടുകാരൊന്നും വേണ്ട. വെറുതേ കാശു കളയുന്നതെന്തിന്? ഞങ്ങള്‍ മതി! എല്ലാവര്‍ക്കും സമ്മതം, ആവേശം , സന്തോഷം. പക്ഷേ,ഒരല്‍പ്പം ഇരുട്ടു വീണോട്ടെ. ജനം കാണേണ്ട.

നാജിമിനെ പിടിച്ചവിടിരുത്തി. ഒടുവില്‍ ഇരുട്ടു വീണപ്പോള്‍ ലോറിയുമായി വയലിലെത്തി. ഒരു ലോഡ് കറ്റ ലോറിയില്‍ കയറാന്‍ ഏറെ നേരമൊന്നും വേണ്ടിവന്നില്ല. പുല്ലുപോലെ എടുത്തെറിയുകയായിരുന്നു. എന്നിട്ട്, ആര്‍ത്തു വിളിച്ച്, പാട്ടുപാടി അവന്റെ വീട്ടിലേയ്ക്ക് യാത്രയായി. ആരവം കേട്ട് അവന്റെ വാപ്പ ഇറങ്ങി വന്നു. ഞങ്ങളെല്ലാരും ലോറിയ്ക്കു മുകളിലാണ്. “ഇവര് ചെയ്തോളാമെന്നു പറഞ്ഞു വാപ്പാ...” : നാജിം തല ചൊറിഞ്ഞു.

കയറ്റിയതിനേക്കാള്‍ വേഗത്തില്‍ ഇറക്കിത്തീര്‍ന്നു. ദേഹം മുഴുവന്‍ പൊടിയാണ്. നല്ല ചൊറിച്ചിലും. അവരുടെ പശുവിനെ കുളിപ്പിക്കാനുള്ള ഓസെടുത്ത് എല്ലാരും ആര്‍ഭാടമായി കുളിച്ചു! ആവേശമൊട്ടും ചോരാതെ തിരികെപ്പോരാനൊരുങ്ങി.


“എടാ...” വാപ്പ നാജിമിനെ വിളിച്ചു. “ഇവര്‍ക്കെല്ലാം ചിക്കന്‍ കോര്‍ണറീന്ന് പൊറോട്ടേം എറച്ചീം വാങ്ങിക്കൊട്. കാശ് നാളെ ഞാന്‍ കൊടുത്തോളാം.”
ആനന്ദലബ്ധിക്കിനിയെന്തു വേണം!
ഇരച്ചു വരുന്നവരെക്കണ്ട് ഹോട്ടലുകാരന്‍ നടുങ്ങിക്കാണും!!


പിറ്റേന്ന്.
വൈകിട്ട് നിസ്കാരത്തിനു പള്ളിയിലേയ്ക്ക് പോയ നാജിമിന്റെ വാപ്പയെ ഞാന്‍ വഴീല്‍ വച്ചു കണ്ടു.
“മാമാ,കറ്റയെല്ലാം റെഡിയായി കിട്ടീല്ലേ..?” : ഞാന്‍ വെറുതേ കുശലം ചോദിച്ചു.

അദ്ദേഹം സങ്കടഭാവത്തില്‍ അല്പം നിന്നു. എന്നിട്ട് പറഞ്ഞു
“മോനേ, ചൊമട്ടുകാരെ വിളിക്കുന്നതായിരുന്നു ലാഭം...!”

28 comments:

 1. ചൊമട്ടുകാരെ വിളിക്കുന്നതായിരുന്നു ലാഭം...!
  കൊള്ളാം ...

  ReplyDelete
 2. മുടിഞ്ഞ തീറ്റിയല്ലേ പിന്നെങ്ങനാ മുതാലവുന്നത്. ന്നാലും ഇങ്ങനെയുണ്ടോ ഒരു തീറ്റൈ!!

  ReplyDelete
 3. ha ha chirichu chirichu mannu kappi....

  ReplyDelete
 4. ഹഹഹ... വാപ്പ പൊറോട്ട വാങ്ങിക്കൊടുക്കാന്‍ പറഞ്ഞപ്പോഴേ ഇതായിരിക്കും വരാനിരിക്കുന്നതെന്ന് പ്രതീക്ഷിച്ചു.

  ReplyDelete
 5. nannayi rasichu......... aashamsakal.....

  ReplyDelete
 6. ഞാന്‍ കേട്ടത് നാജിമിന്റെ വാപ്പയെക്കൊണ്ട് ചിക്കന്‍ കോര്‍ണറിന്റെ മുതലാളി ആ ഓഫര്‍ കൊടുപ്പിച്ചെന്നാണ്.

  മൂന്നുദിവസം വില്‍ക്കാതിരുന്നതൊക്കെ ഒറ്റയടിക്ക് പോയിക്കിട്ടി.
  നിനക്കൊക്കെ ഒരു പണിതരണമെന്ന് അയാള്‍(അങ്ങനെ പറയാമോ മലയാളത്തില്‍?! ) കരുതിയിരുന്നതായിരിക്കും.
  :)

  ReplyDelete
 7. പാവം . നിങ്ങള്‍ ഒടുക്കത്തെ തീറ്റ തിന്നാല്‍ പിന്നെ വാപ്പ അങ്ങനെ പറയാതിരിക്കോ….

  ReplyDelete
 8. നന്ദി ജീവി,നന്ദന .
  കുമാരേട്ടാ ഇങ്ങനല്ലാതെ സംഭവിച്ചാല്‍ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ?!
  നന്ദി ജയരാജ്.
  ഇനിയിപ്പം അങ്ങനെയെങ്ങാനും സംഭവിച്ചതായിരിക്കുമോ ഹരിയണ്ണാ?!ചിക്കങ്കോര്‍ണര്‍ ആയതുകൊണ്ട് 3 ദിവസം. ഓടക്കട ആയിരുന്നെങ്കില്‍...?!ഹെന്റമ്മ്മേ.......
  നന്ദി ഹംസാ.

  ReplyDelete
 9. വപ്പയെകൊണ്ട് അവര്‍ അരിയാട്ടിക്കാത്തത് ഭാഗ്യം!

  ReplyDelete
 10. പാവം നാജിമിന്റെ വാപ്പ..
  ആ പാവത്തിനെ മുടിച്ചു അല്ലെ..?
  മൂപര് പിറ്റേന്ന് തന്നെ ഗള്‍ഫിലേക്ക് തിരിച്ച്ചിട്ടുണ്ടാവും.

  ReplyDelete
 11. മുടിഞ്ഞ തീറ്റ!കാട്ടിലെ മരം...തേ....
  പിന്നെങ്ങനാ ആ വാപ്പേം...അതിനൊത്ത മക്കളും...

  ReplyDelete
 12. അവസാനത്തെ അല്പം ഹാസ്യം മാറ്റിനിറുത്തിയാല്‍ പണ്ട് നടന്നിരുന്ന ഒരുമയുടെ ഒരു നേര്‍ക്കാഴ്ചയാണ് വരച്ചത്.
  നന്നായി.

  ReplyDelete
 13. സൂചി കയറ്റെണ്ടിടത്ത് തൂമ്പാ കയറ്റുന്ന കൂട്ടുകാര്‍ !!
  ( ഒരു പക്ഷെ പരിചയമില്ലാത്ത കയറ്റിറക്ക് കാരണം ഉള്ള നെന്മണിയൊക്കെ താഴെ കൊഴിഞ്ഞു പോയതിനാല്‍ വെറും വൈക്കോല്‍ മാത്രമേ ഉടമക്ക് കിട്ടിയിരിക്കൂ. അതിനാലാവാം ചൊമട്ടുകാരെ വിളിക്കുന്നതായിരുന്നു ലാഭം...എന്ന് വാപ്പ പറഞ്ഞത് .ന്തേ?)

  ReplyDelete
 14. ചാത്തനേറ്: ആദ്യമായാ ഈ വഴി മൊത്തം പോസ്റ്റുകളും വായിച്ചു. ഒരു ഗ്രാമം മൊത്തം ആവാഹിക്കുവാണല്ലെ:)

  ReplyDelete
 15. വായനയ്ക്കു നന്ദി തെച്ചിക്കോടാ,സിനൂ, നുറുങ്ങേ.
  അതേ പട്ടേപ്പാടംജീ, ഓര്‍മ്മയായ ഒരുമയുടെ കാലം!
  കറ്റയില്‍ വല്ലതും ബാക്കിയുണ്ടായിരുന്നോന്ന് ഇപ്പഴാണോര്‍ക്കുന്നത്, തണലേ!
  ഈ വഴി വന്നതില്‍ സന്തോഷം ചാത്താ! മൊത്തം പോസ്റ്റുകളിലും ‘കയറി’യതിന് നന്ദി.

  ReplyDelete
 16. ഇത്രേം വല്യ ഉപകാരം ചെയ്ത് മുടിക്കണ്ടായിരുന്നു.
  നാജിമിന് എന്തു കിട്ടിക്കാണുമോ ആവോ?

  ReplyDelete
 17. reached this blog thru hariyannan-enjoyed reading...

  ReplyDelete
 18. Enthaa Venjaara... Puthiya katha onnumille :-) Kathirikkunnu....

  ReplyDelete
 19. എഴുത്ത് നിര്‍ത്തിയോ മാഷേ?

  ReplyDelete
 20. ശോ , ഞാന്‍ വീട് മാറുമ്പോള്‍ സാധനങ്ങള്‍ മാറ്റാന്‍ നിങ്ങളെ വിളിയ്ക്കാമല്ലോ എന്ന് ആദ്യം വിചാരിച്ചതാ .അവസാനത്തെ വരിയില്‍ അത് മാറി ...ഇനി ഏതായാലും വേണ്ട കേട്ടോ :)
  ഏതായാലും കൊള്ളാം ..

  ReplyDelete
 21. ഹ്ഹ്ഹ് കൊള്ളാം..ആശംസകള്‍..!!

  ReplyDelete
 22. ‘ഞങ്ങള്‍ക്കു ശേഷം പ്രളയം’!

  ReplyDelete
 23. ചില കാരണങ്ങളാല്‍ കുറേനാള്‍ മാറി നില്‍ക്കേണ്ടി വന്നു.
  വായനയ്ക്കു നന്ദി ഗീതാ, മൈത്രേയീ.
  ശ്രീജിത്തേ ഞാനിതാ വീണ്ടും!
  അന്വേഷണത്തിനു നന്ദി ശ്രീ, ജിഷാദ്.
  നന്ദി അക്ധരം, ലക്ഷ്മി, പാവപ്പെട്ടവന്‍..

  ReplyDelete
 24. ജാവായും എസ്ഡിയും മറന്നു പോയതാണൊ?

  ReplyDelete
 25. “മോനേ, ചൊമട്ടുകാരെ വിളിക്കുന്നതായിരുന്നു ലാഭം...!”

  . ഇപ്പോഴും അങ്ങനെ തന്നെയോ?

  താങ്കളും ക്ലബ്ബ്‌ അംഗങ്ങളും!

  നന്നായിട്ടുണ്ട്‌ ജീവിതഗന്ധിയായ ഈ സംഭവം!

  ആശം സകൾ!..

  ReplyDelete
 26. നന്നായിട്ടുണ്ട്‌ ജീവിതഗന്ധിയായ ഈ സംഭവം!

  ReplyDelete