Tuesday, July 27, 2010

ചക്രശ്വാസ സ്മരണകള്‍

ബസ്ചാര്‍ജ് വീണ്ടും വീണ്ടും കൂട്ടുകയല്ലേ സര്‍‌ക്കാര്‍. എനിക്ക് കടുത്ത പ്രതിഷേധമുണ്ട് അതില്‍. എങ്കിലും ഇപ്പോ മിനിമം ചാര്‍ജ് എത്രയാണെന്നു ചോദിച്ചാല്‍‌ എനിക്കറിയില്ല! എത്രയോ നാളായി ബസില്‍ കയറിയിട്ട്. ഇപ്പോഴുമെനിക്കോര്‍‌മ്മയുണ്ട്, അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് 40 പൈസയായിരുന്നു മിനിമം ചാര്‍ജ്. അന്ന് അതും ഒരു വലിയ തുകയായിരുന്നല്ലോ.പക്ഷേ മറ്റു മാര്‍‌ഗ്ഗമെന്തുണ്ട്. യാത്രക്കാര്യത്തില്‍‌ ‍ഞാറച്ചോടുകാര്‍ ഒട്ടൊക്കെ ഭാഗ്യവാന്മാരായിരുന്നു. ഞാറച്ചോട്ടില്‍‌ കേയെസ്സാര്‍‌ട്ടീസിയും പ്രൈവറ്റ് ബസുകളുമുണ്ടായിരുന്നു. പിന്നെ ട്രക്കര്‍ സര്‍വ്വീസും. സ്വന്തമായി വാഹനമുള്ളവര്‍ അന്ന് അപൂര്‍വ്വമായിരുന്നു.

ഓര്‍ക്കുന്നുണ്ടോ, എണ്‍പതുകളില്‍ പെട്രോളിനു 10 രൂപയില്‍ താഴെയായിരുന്നു വില.( ഇന്നും ആ വിലയായിരുന്നെങ്കില്‍, ഞാന്‍ 50 രൂപയുടെ പെട്രോള്‍ വാങ്ങി പൊട്ടക്കിണറ്റിലൊഴിച്ച് തീയിട്ട്, ‘എണ്ണക്കിണര്‍‘ കത്തുന്നത് നേരിട്ട് കണ്ടേനേ!) പെട്രോള്‍ കുടിച്ചു വറ്റിക്കുന്ന പഴഞ്ചന്‍ ടൂവീലറുകളായിരുന്നു അന്നു മുഴുവന്‍. ലാംബി, വിജയ് സൂപ്പര്‍, അവന്തി, കെല്‍‌വിനേറ്റര്‍, ബജാജ് കബ്....പലതരം ജീവികള്‍.ആരും അക്കാലത്ത് പുത്തന്‍ വണ്ടികള്‍ കണ്ടിട്ടുണ്ടായിരുന്നില്ല. പല സ്കൂട്ടറുകളിലും എല്ലാ ഗിയറും പ്രവര്‍‌ത്തിക്കുന്നുണ്ടാവില്ല. ഒരിക്കല്‍ കുന്ദന്റെ കൂടെ അവന്റെ കൂട്ടുകാരന്റെ പഴയ ലാംബിയില്‍ ഒരിടം വരെ പോയി. ഇറക്കത്തില്‍ മാത്രമേ ടോപ്പ്ഗിയറില്‍ ഓടൂ. കയറ്റം വലുതാണെങ്കില്‍ ഫസ്റ്റ്ഗിയറിലിട്ട് ഇറങ്ങി പിടിച്ചുകൊണ്ട് കൂടെ ഓടണം രണ്ടു പേരും! അതൊന്നും അക്കാലത്ത് അതിശയക്കാഴ്ചകളായിരുന്നില്ല.

ക്ഷുദ്രജീവികളെപ്പോലെയുള്ള ടൂവീലറുകള്‍ക്കിടയിലേക്കാണ് ‘ഹാന്‍സം’ ആയ വെസ്പ വന്നത്. തണ്ട്രാംകുളത്തിലെ സാജുസാറിന് അന്ന് മനോഹരമായ ഒരു വെസ്പ ഉണ്ടായിരുന്നു.(‘ചിലര്‍ക്ക്’ ആ വണ്ടി ഇഷ്ടപ്പെടാതെ വന്നപ്പോ സാറതു വിറ്റു.) ‘ഫോര്‍ രെജിസ്റ്റ്രേഷന്‍’ എന്ന സ്റ്റിക്കര്‍ ഞങ്ങള്‍ കണ്ടു തുടങ്ങിയത് റാവുജി കുന്ത്രാണ്ടം ഒപ്പിട്ടതിനു ശേഷം മാത്രമാണ്.

ബുള്ളറ്റ് അന്നുമുണ്ട് ‌‌- രാജകീയമായിത്തന്നെ. ഏറ്റവും കൂടുതല്‍ പേര്‍ കൊതിക്കുകയും ഏറ്റവും കുറച്ചുപേര്‍ വാങ്ങുകയും ചെയ്യുന്ന വാഹനം! നിരത്തു കീഴടക്കി പോകുന്ന അവന്റെ യാത്ര കാണുമ്പോള്‍ ‘വിടര്‍ കണ്ണാലെ പിന്നാലെ പോയിരുന്നു’. ഞാറച്ചോട്ടിലെ പ്രസിദ്ധമായ ബുള്ളറ്റ്, എസ്.എന്‍.മെഡിക്കത്സുകാരന്റെയായിരുന്നു. ‘മെയ്ഡ് ഫോര്‍ ഈച്ച് അദര്‍’ ആയിരുന്നു കക്ഷിയും ബുള്ളറ്റും. (പിന്നീട് കക്ഷി അത് അനന്തരവനായ അരചമൌലിക്കു കൊടുത്തു. അവന്‍ അത് സ്വയം ഓടിക്കാതെ, ഒരു കൂട്ടുകാരനെക്കൊണ്ട് ഓടിപ്പിച്ച് പിറകില്‍ ഇരിക്കും. അങ്ങനെ, ഞാറച്ചോട്ടില്‍ ആദ്യമായി ടൂവീലറിനു ഡ്രൈവറെ നിയമിച്ചയാളായി അരചമൌലി! അതിനും മുമ്പ്, ഞാറച്ചോട്ടിലാദ്യമായി പുതിയ മോഡല്‍ ‘ഹീറോ റേഞ്ചര്‍’ സൈക്കിള്‍ സ്വന്തമാക്കിയതും അവനായിരുന്നു.) ഇടയ്ക്ക് ചില ഗള്‍ഫുകാരുടെ ബുള്ളറ്റുകള്‍ റോഡേ പോകുന്നതു കാണാം. ഹാന്‍ഡില്‍ ബാറില്‍ വലിയ വിന്‍ഡ്ഷീല്‍ഡ് പിടിപ്പിച്ചിരിക്കും ചിലതില്‍. മുറം പോലെയുള്ള മഡ്ഫ്ലാപ്പുകളും പത്തായം പോലെ ഒരു സൈഡ്ബോക്സും ഉറപ്പായും കാണും. കാറിന്റെ ഹോണും. ചങ്കിടിച്ചു കലക്കുന്ന ശബ്ദവുമായി ഒരു പോക്കാണ്.

മിമിക്രി വേദിയില്‍ മമ്മൂട്ടിയെ അനുകരിക്കുന്ന പത്താംക്ലാസ്സുകാരനെപ്പോലെ, ബുള്ളറ്റിനെ അനുകരിച്ചുകൊണ്ട് ഒരു കൂട്ടരുണ്ടായിരുന്നു - യെസ്ഡി. ടൂവീലര്‍ ഓടിക്കുന്നവരെ അരാധനയോടെ കണ്ടിരുന്ന കാലത്തും പുറകില്‍ കയറിയിരിക്കാന്‍ പോലും എനിക്കിഷ്ടമില്ലായിരുന്ന വണ്ടിയാണ് യെസ്ഡി. ഗിയറും കിക്കറും ഒരു ലിവര്‍ തന്നെയാണ്-ഇടതുവശത്ത്. അനീമിയ ബാധിച്ചതു പോലെയുള്ള ശരീരവും ‘ഖുടും ഖുടും’ ശബ്ദവും. മൂപ്പര്‍ക്ക് ഒരു ചേട്ടനുണ്ടായിരുന്നു : ജാവ.(മസില്‍മാന്‍ ജയന്‍, നേവിയില്‍ വെറും കൃഷ്ണന്‍ നായരായിരുന്ന കാലത്ത് കറങ്ങിനടന്നിരുന്നത് ജാവയിലായിരുന്നത്രേ.)

ഞാന്‍ സ്കൂട്ടറോടിക്കാന്‍ പഠിച്ചത് ലാംബിയിലാണ്. അന്നൊക്കെ ‘ലാമ്പി‘യോടും ആരാധനയാണ്. ചങ്ങാതിയുടെ ചേട്ടന് ഒരു പഴഞ്ചന്‍ ലാമ്പിയുണ്ട്. വണ്ടി ചേട്ടന്റെയാണെങ്കിലും കൊണ്ടുനടക്കുന്നത് ചങ്ങാതിയാണ്. ചേട്ടന്‍ പേടിച്ചുപേടിച്ചാണ് ഓടിക്കുന്നത്. മൂപ്പര്‍ സ്ഥിരം ഞാറച്ചോട്ടില്‍ അവിടെയുമിവിടെയും നിര്‍ത്തിയിട്ടിരിക്കുന്നതു കാണാം. ബസിനും മറ്റും സൈഡു കൊടുക്കുന്നതാണ്! ടോപ്പ് ഗിയറില്‍ തന്നെ ക്ലച്ച് പിടിച്ച് മൂപ്പര്‍ നിര്‍ത്തും. എന്നിട്ട്, ചിരവയില്‍ തേങ്ങ തിരുമ്മുന്നതു പോലെ , രണ്ടു കൈകൊണ്ടും കുറേനേരം പരിശ്രമിച്ചിട്ടാണ് ഫസ്റ്റ് ഗിയറില്‍ എത്തിക്കുന്നത്!


ഒരു ഞായറാഴ്ച, തീവെയിലത്താണ് ചങ്ങാതിയെ ഗുരുവായി സ്വീകരിച്ച് ഞാന്‍ വണ്ടി പഠിക്കാന്‍ പോയത്. സ്റ്റാര്‍ട്ട് ചെയ്യാനാണ് ആദ്യം പഠിക്കേണ്ടതെന്ന് ഗുരു മൊഴിഞ്ഞു. എന്നിട്ട് ‘കെട്ടുവള്ളം’ എന്നെ ഏല്‍‌പ്പിച്ചു. ഞാനത് മറിയാതിരിക്കാന്‍ പാടുപെട്ടുകൊണ്ട് കിക്കുചെയ്യാന്‍ തുടങ്ങി. കൊടും വെയിലില്‍ തകര്‍ന്നിട്ടും ഒന്നും സംഭവിച്ചില്ല. ഗുരു തണലത്ത് മാറി നിന്ന് കല്പനകള്‍ പുറപ്പെടുവിക്കുന്നുണ്ട്. ഒടുവില്‍ സ്റ്റാന്‍ഡിലിട്ട് കിക്കുചെയ്യാന്‍ അനുമതി കിട്ടി. ഞാന്‍ കയ്യും കാലും പിടിച്ചപേക്ഷിച്ചിട്ടും സ്റ്റാന്‍ഡിലേറി നില്‍ക്കാന്‍ വണ്ടി തയ്യാറായില്ല. ഒടുവില്‍ മനമലിഞ്ഞ് ഗുരു വന്ന് സ്റ്റാന്‍ഡിലിട്ടു. ഞാന്‍ വീണ്ടും തുടങ്ങി അഭ്യാസം.. വിയര്‍ത്തു കുളിച്ചു, നടു കഴച്ചൊടിഞ്ഞു, കാലുതെറ്റി കിക്കറിലും ബോഡിയിലുമുരഞ്ഞും തറയിലിടിച്ചും മുറിഞ്ഞു. എന്നിട്ടും വണ്ടി മിണ്ടുന്നില്ല. “വണ്ടിയോടിക്കാന്‍ പടിക്കുന്നവന്‍ ആദ്യം സ്റ്റാര്‍ട്ട് ചെയ്യാന്‍ പടിക്ക്” എന്ന സ്ഥിരം പല്ലവി മാത്രമേ ഗുരുമുഖത്തു നിന്ന് ഉയരുന്നുള്ളൂ. ഒടുവില്‍, ഇനി വയ്യ നിലയില്‍ ഞാന്‍ തറയില്‍ ഏതാണ്ട് കിടപ്പായപ്പോഴാണ് ഗുരു നേരിട്ട് വന്ന് സ്റ്റാര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്. ഓടിക്കാനറിയാത്ത സകല മണ്ടകെണേശന്മാരോടുമുള്ള പുച്ഛം മുഖത്ത് നിറച്ച് മൂപ്പര്‍ കിക്കു ചെയ്തിട്ടും വണ്ടി സ്റ്റാര്‍ട്ടായില്ല. കിടന്ന കിടപ്പിലും എനിക്കു സന്തോഷമായി. ഒടുവില്‍ ഗുരു മൊഴിഞ്ഞു :“ഇതിനെന്തോ കുഴപ്പമുണ്ട്.” വര്‍ക്ഷോപ്പില്‍ കൊണ്ടുപോകണം. ഒന്നൊന്നര കിലോമീറ്റര്‍ അകലെയാണ് വര്‍ക്‌ഷോപ്പ്. “തള്ളിക്കൊണ്ട് പോകാനെങ്കിലും പടിക്കെടാ...” എന്ന കല്പനയോടെ ഗുരു വണ്ടി എന്നെ ഏല്പിച്ചു.

അതൊരു യാത്രയായിരുന്നു. കുടിയനെ കൊണ്ടു പോകുന്നതു പോലെ. വണ്ടി വലത്തോട്ടുമിടത്തോട്ടും ആടിയുലഞ്ഞുകൊണ്ടേയിരിക്കും. ചിലപ്പോള്‍ റോഡിനു നടുക്കോട്ടു പോകും, ചിലപ്പോള്‍ കാട്ടിലേയ്ക്കു കയറിപ്പോകും, ചിലപ്പോള്‍ എന്നെയും കൊണ്ട് വലത്തോട്ടു മറിയും. അതിലുമെളുപ്പം സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കലാണെന്നു പോലും എനിക്കു തോന്നി. ഒടുവില്‍ വര്‍ക്ഷോപ്പിലെത്തിയപ്പോള്‍ സംഗതി അടഞ്ഞു കിടക്കുന്നു. ഞായര്‍ അവധി!

വണ്ടി അവിടെ നിക്ഷേപിച്ച് ഞങ്ങല്‍ മേശിരിയുടെ വീട്ടില്‍ തിരക്കിപ്പിടിച്ചു ചെന്നു. കദനകഥകളും മുഖസ്തുതിയുമെല്ലാമവതരിപ്പിച്ച് പുള്ളിയെ ഒരുവിധം ആവാഹിച്ചു കൊണ്ടുവന്നു. മൂപ്പര്‍ വണ്ടിയുടെ തല തല്ലിത്തുറന്ന് ഞരമ്പുകളെവിടെയൊക്കെയോ മാറ്റിക്കൊടുത്തപ്പോള്‍ വണ്ടി സ്റ്റാര്‍‌ട്ടായി. ഇത്രയും ആശ്വാസദായകമായ ശബ്ദം മുമ്പൊരിക്കലും കേട്ടിട്ടില്ലായെന്നെനിക്കു തോന്നി. ഗുരുവിന്റെ പുറകില്‍ കയറി പഴയ ‘സംഭവസ്ഥലത്ത്’ വീണ്ടുമെത്തി.

വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ വണ്ടിസ്റ്റാര്‍ട്ടായി. ഒരുപാട് ‘എക്സ്പീരിയന്‍സ്’ ആയല്ലോ എനിക്ക്! പിന്നെ ഒരുവിധം ഫസ്റ്റ് ഗിയറില്‍ വണ്ടി മൂവ് ചെയ്യിച്ചു. അതിനിടയില്‍ കുറേ വഴക്കും അഞ്ചെട്ടടിയും ഒരു കടിയും ഗുരുവിന്റെ വകയായി കിട്ടിക്കഴിഞ്ഞിരുന്നു. സെക്കന്റ് ഗിയറിലേക്ക് മാറിക്കഴിഞ്ഞപ്പോഴാണ്, ഫിയറ്റില്‍ ഞങ്ങളെ ഓവര്‍‌ട്ടേക്ക് ചെയ്ത പാതിരി, തിരിഞ്ഞു നോക്കി എന്തോ ആം‌ഗ്യം കാട്ടിയത്. “ലൈറ്റ് കത്തിക്കിടക്കുന്നെന്നാ. ഓഫ്ചെയ്യടാ ലൈറ്റ്..”: ഗുരു. സ്വിച്ചെവിടെയെന്നാര്‍ക്കറിയാം. ഗുരു നോക്കിയപ്പോള്‍ സ്വിച്ച് ഓഫാണ്. പിന്നെന്തിനാണ് അച്ചനങ്ങനെ കാണിച്ചതെന്ന് ഞങ്ങള്‍ ഒരുമിച്ച് ആലോചിച്ചു തുടങ്ങിയപ്പോഴെക്കും ഹാന്‍ഡിലിന് ഒരു മുറുക്കം, വെട്ടല്‍, സൈഡ്‌വലിവ്! ബ്രേക്ക് തപ്പി കണ്ടുപിടിച്ച് ചവിട്ടി ഒടുവില്‍ നിര്‍ത്തി. ഇറങ്ങി നോക്കുമ്പോള്‍ ബാക്ക് വീല്‍ സുന്ദരമായ പഞ്ചര്‍! വീണ്ടൂം കൊടും വെയിലത്ത് വണ്ടിയും തള്ളി വര്‍ക്‍ഷോപ്പിലേയ്ക്ക്.
.......................................................

വണ്ടിയോടിക്കാന്‍ പഠിക്കാന്‍ പോയ ഞാന്‍ വണ്ടി തള്ളുന്നതില്‍ എക്സ്പേര്‍ട്ടായി വൈകിട്ട് മടങ്ങി വന്നു!!

29 comments:

 1. യാത്രയ്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലെ ഇന്നസെന്റിന്റെ ഡ്രൈവിംഗ് സ്കൂള്‍ ഓര്‍മ്മ വന്നു ....

  ReplyDelete
 2. വണ്ടി ഓടിക്കാന്‍ പഠിക്കുന്നതിനു മുന്‍പ്‌ തള്ളി തന്നെയാണ് പഠിക്കേണ്ടത്‌. എന്തായാലും സംഭവം രസായി.

  ReplyDelete
 3. എന്റെ ബ്ലോഗ്ഗില്‍ ആദ്യമായി കമന്റിട്ടത് ചേട്ടനാണ്...നന്ദിയുണ്ട്. ഇനിയും പ്രോത്സാഹിപ്പിക്കണം.

  ReplyDelete
 4. ലാമ്പി ഗുരുവിനു പ്രണാമം ..എന്റെയും ഗുരുവാണല്ലോ..
  ആദ്യം ഓടിച്ചപ്പോള്‍ ബ്രേക്ക്‌ അറിയാതെ ഒരു കടയിലേക്ക് ഇടിച്ചു കയറ്റി നിരത്തിയ അനുഭവം ഓര്‍മ വന്നു.
  ആശസകള്‍

  ReplyDelete
 5. sangathy assalayi....... iniyum itharam postukal pratheekshikkunnu..........

  ReplyDelete
 6. നന്നായിരിക്കുന്നു

  ReplyDelete
 7. എണ്‍പതുകളില്‍ പെട്രോളിനു 10 രൂപയില്‍ താഴെയായിരുന്നു വില.( ഇന്നും ആ വിലയായിരുന്നെങ്കില്‍, ഞാന്‍ 50 രൂപയുടെ പെട്രോള്‍ വാങ്ങി പൊട്ടക്കിണറ്റിലൊഴിച്ച് തീയിട്ട്, ‘എണ്ണക്കിണര്‍‘ കത്തുന്നത് നേരിട്ട് കണ്ടേനേ!)


  കൊള്ളാം എനിക്കിഷ്ടമായി.

  ReplyDelete
 8. എങ്കിലും ഇപ്പോ മിനിമം ചാര്‍ജ് എത്രയാണെന്നു ചോദിച്ചാല്‍‌ എനിക്കറിയില്ല! എത്രയോ നാളായി ബസില്‍ കയറിയിട്ട്.

  എനിക്കും അറിയില്ല. കുട്ടിക്കാലത്ത് സിനിമക്ക് പോവാന്‍ പൈസ തട്ടികൂട്ടുമ്പോല്‍ പ്രധാനമായും നോക്കിയിരുന്നത് ബസ്സ് ചാര്‍ജ് ആയതിനാല്‍ അന്നെല്ലാം അറിഞ്ഞിരുന്നു.

  എഴുത്ത് രസകരമായി..

  ReplyDelete
 9. “തള്ളിക്കൊണ്ട് പോകാനെങ്കിലും പടിക്കെടാ...”
  പഠിച്ചല്ലോ.
  എന്തൊരു ഗുരുശിഷ്യബന്ധം
  പറഞ്ഞാൽ പറഞ്ഞതുപോലെയനുസരിക്കും.
  ഗുരുത്വമുണ്ട്.

  ReplyDelete
 10. വണ്ടിയോടിക്കാന്‍ പഠിക്കാന്‍ പോയ ഞാന്‍ വണ്ടി തള്ളുന്നതില്‍ എക്സ്പേര്‍ട്ടായി വൈകിട്ട് മടങ്ങി വന്നു!!

  good

  ReplyDelete
 11. അക്ഷരം , എനിക്കാ സിനിമ കാണാൻ പറ്റിയില്ല.
  റാംജി മാഷ് , നന്ദി.
  നന്ദി വാക്കേർ, ക്രോണിക്.
  ദ മാൻ, ലാംബി ഒരസാധാരണ സൃഷ്ടിതന്നെയായിരുന്നു!
  പ്രോത്സാഹനതിനു നന്ദി മുരുക്കുമ്പുഴാ.
  നന്ദി തൊമ്മി, ലക്ഷ്മി.
  പെട്രോൾ വിലയോർക്കുമ്പോൾ...താന്തോന്നീ!
  അങ്ങോട്ടു ബസിലും ഇങ്ങോട്ടു നടന്നും പോയ സിനിമാക്കാലങ്ങൾ മറക്കില്ല ഹംസാ!
  നന്ദി കലാവല്ലഭാ, മാനവധ്വനീ.

  ReplyDelete
 12. ..
  മാഷെ, ബ്ലോഗിലെ സന്ദര്‍ശനത്തിന് നന്ദി. അതിനേക്കാള്‍ വിലയേറിയ അഭിപ്രായത്തിനാണ് നന്ദി. :) ഞാനത് ഉള്‍ക്കൊള്ളുന്നു :)

  ഇവിടെ ബ്ലോഗ് നെടുനീളനാണല്ലൊ, സമയം പോലെ വായിക്കാം.
  ആശംസകള്‍
  ..

  ReplyDelete
 13. വായിച്ചു തുടങ്ങിയതു മുതല്‍ ചിരി പടര്‍ന്നിറങ്ങുകയാണ്.ഇതില്‍ ഒരു സറ്റയറിന്റെ സര്‍വ്വ ഗുണങ്ങളുമടങ്ങിയിരിക്കുന്നു. ഞാന്‍ ലാംബിയുടെ ചേട്ടന്‍ ലാംബ്രട്ടയിലാണ് ഇരുച്ചക്രസവാരി പഠി
  ച്ചത്.ഒമ്പതു രൂപ അമ്പതു പൈസക്കു ഒരു ലിറ്റര്‍ പെട്രോളും
  2 റ്റി ഓയിലുമടിച്ചത് ഓര്‍ത്തു പോകുന്നു.നടപ്പത മാത്രം സിമന്റി
  ട്ട നിറയെ മരങ്ങളും ചെടികളും നിറഞ്ഞ തിരുവനന്തപുരം നഗര
  പ്രദേശത്തെ എന്റെ കൊച്ചു പുരയിടത്തെക്കുറിച്ച് ലേശം അഭിമാ
  നം തോന്നുന്നു.
  ദയാവധം കവിതയില്‍ മാറ്റങ്ങള്‍ വരുത്തി.വീണ്ടും
  വരുന്നതാണ്.

  ReplyDelete
 14. ഹ ഹ ഹ .....അതുകലക്കി .ഇതൊരു 11 kv. പോസ്റ്റു തന്നെ .എന്‍റെ യൌവനം കുറച്ചു നേരത്തേയ്ക്ക് തിരിച്ചുകിട്ടി. അന്നൊക്കെ പുതു മണവാളനെപ്പോലെയായിരുന്നു മോളീന്ന് ഇറങ്ങാന്‍ നേരം കിട്ടിയിരുന്നില്ല വണ്ടീടെ. പലിശക്കാരന്‍ മാര്‍വാടിയെപ്പോലെ ആര്‍ത്തിയായിരുന്നു. നന്ദി പഴയതൊക്കെ ഓര്‍മ്മിപ്പിച്ചതിന്

  ReplyDelete
 15. കലക്കന്‍ പോസ്റ്റാണ് കേട്ടാ Abdulkader kodungallur..പറഞ്ഞപോലെ

  ReplyDelete
 16. Njaan Ethilea Oru Kadaapathram aanu....Araja Mauli Eanna Rajamauli, Bullet Driver a veachu odichathum Hero Ranger Swanthamaakiyathum eeyullavanaaa.......

  Ormakalil Eanno Maranja.... aa vasantha kaalathintea Mangaatha ormakal....veendum ..veendumm........

  Eannalum Eanta Blogereaaa...eannathinaaa... ee Olichu kali.....

  ReplyDelete
 17. കലക്കി......

  വണ്ടി ഓടിക്കാന്‍ പഠിക്കുന്നതിനു മുന്‍പ്‌ തള്ളി തന്നെയാണ് പഠിക്കേണ്ടത്‌..
  ഈ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു

  ReplyDelete
 18. സംഗതി ജോറായി....

  ആശംസകൾ

  ReplyDelete
 19. എണ്ണ കിണറ് കത്തുന്നത് കാണാനുള്ള പൂതിയേ...ഹോ! ഭയങ്കരം.
  രസിപ്പിച്ചു..നല്ല പോസ്റ്റ്.

  ReplyDelete
 20. രവീ, അഭിപ്രായത്തിനു കാത്തിരിക്കുന്നു.

  ജെയിംസ് സണ്ണി പാറ്റൂർ, തിരുവനന്തപുരത്തിന്റെ പഴയ ഭംഗി എന്നേ മറഞ്ഞിരിക്കുന്നു. എംജീ റോഡ് വീതി കൂട്ടിയപ്പോൾ അത് പൂർണ്ണമായി.
  വായനയ്ക്കും പ്രോത്സാഹനത്തിനും നിറഞ്ഞ നന്ദി.

  അബ്ദുൾഖാദർ കൊടുങ്ങല്ലൂർ, വായനയ്ക്കു നന്ദി. പഴയതൊക്കെ ഓർക്കാതിരിക്കുന്നതെങ്ങനെ?

  വായനയ്ക്കു നന്ദി, ആയിരത്തിയൊന്നാം രാവേ.

  മൌലീ,
  ‘ഓർമ്മകളിൽ എന്നോ മറഞ്ഞ..’
  എഴുതിത്തുടങ്ങുമ്പോൾ ഓർമ്മകൾക്ക് ഒരുപാട് അവ്യക്തതയായിരുന്നു. ഇപ്പോഴിപ്പോൾ പഴയ സംഭവങ്ങൾ പൊടുന്നനെ ഓർമ്മകളിലേയ്ക്ക് വന്നുകയറുന്നു. നമ്മുടെ ആ പഴയ വെഞ്ഞാറമൂടിനെ ഇനി എവിടെയാണ് കണ്ടെത്തുക! ഞാനിപ്പോഴുമോർക്കുന്നു, നീ ഹീറോ റേഞ്ചറിൽ, ഓർഡർ അനുസരിച്ച് ‘സ്കിഡിങ്’ പ്രദർശിപ്പിച്ച് പോകുന്നത്. ടെലഫോൺ നമ്പരുകളെഴുതിയ ചെറുബുക്ക് ഞങ്ങളെ കാണിക്കുന്നത്. ഡാൽ ബേക്കറിയിലെ ഭീമൻ ഫ്രീസർ പത്തായം പോലെ വീട്ടിൽ വച്ചിരിക്കുന്നത്…എല്ലാം.
  ഞാൻ ഒളിച്ചിരിക്കട്ടെ മൌലീ. എന്നെ തിരിച്ചറിയുന്നതു കൊണ്ട് എന്തു പ്രയോജനം? ചിലർക്കെങ്കിലും പഴയകാലങ്ങളെ ഓർത്തെടുക്കാൻ ‘ഞാറച്ചോട്ടിൽ’ പ്രചോദനമായേക്കാം.ഞാനും കാത്തിരിക്കുകയാണ്, വായിക്കാൻ വരുന്ന പഴയ സുഹൃത്തുക്കളെ.

  വായനയ്ക്കു നന്ദി, നിയ ജിഷാദ്, ഗോപൻ, സ്മിത ആദർശ്.

  ReplyDelete
 21. "ഓര്‍ക്കുന്നുണ്ടോ, എണ്‍പതുകളില്‍ പെട്രോളിനു 10 രൂപയില്‍ താഴെയായിരുന്നു വില.( ഇന്നും ആ വിലയായിരുന്നെങ്കില്‍, ഞാന്‍ 50 രൂപയുടെ പെട്രോള്‍ വാങ്ങി പൊട്ടക്കിണറ്റിലൊഴിച്ച് തീയിട്ട്, ‘എണ്ണക്കിണര്‍‘ കത്തുന്നത് നേരിട്ട് കണ്ടേനേ!)"

  ചിരിച്ചു മണ്ണെണ്ണ കപ്പി സാറേ.. കലക്കന്‍ സാധനം ഇപ്പോഴെങ്കിലും കണ്ടല്ലോ..

  ReplyDelete
 22. വാഹനപുരാണം രസായി വായിച്ചു.:)

  ReplyDelete
 23. ഇന്നും ആ വിലയായിരുന്നെങ്കില്‍, ഞാന്‍ 50 രൂപയുടെ പെട്രോള്‍ വാങ്ങി പൊട്ടക്കിണറ്റിലൊഴിച്ച് തീയിട്ട്, ‘എണ്ണക്കിണര്‍‘ കത്തുന്നത് നേരിട്ട് കണ്ടേനേ!)

  hahaha..

  ReplyDelete
 24. ഞാറച്ചോട്ടിലെ ഒടുക്കത്തെ ഓര്‍മ്മ....ഡ്രൈവിംഗ് പഠിത്തവും പഴയകാല വണ്ടി പുരാണവും കലക്കി. സ്റ്റാര്‍ട്ട് ചെയ്താല്‍ നാല് കിലോമീറ്റെര്‍ ദൂരെനിന്നും കേള്‍ക്കാവുന്ന എസ്ടിയുടെ ശബ്ധമോക്കെ വീണ്ടും ഓര്‍മ്മയിലെത്തി. രസകരമായി എഴുതി.

  ReplyDelete
 25. valare rasakaramaayi ezhuthi.... aashamsakal.............

  ReplyDelete
 26. ഈ മഹാനവർകൾ അല്പം വൈകിയാണു ടൂവീലറോടിക്കാൻ പഠിച്ചത്. അതും രണ്ടായിരം രൂപയ്ക്ക് ഒരു ലാംബ്രട്ട ( പാട്ടയുടെ ആക്രി വിലതന്നെ) സ്വന്തമാക്കി അഭിമാനിച്ചു കൊണ്ടായിരുന്നു പഠനം. ആദ്യഗുരു ഒരു അനുജൻ (കൊച്ചയുടെ മകൻ). അവൻ പറഞ്ഞുതന്നതനുസരിച്ച് ഞാൻ എല്ലാം ചെയ്തിട്ടും വണ്ടി മൂവ് ആയില്ല. പിന്നെ വഴിയേ വന്ന ഒരു ടാപ്പിംഗ് തൊഴിലാളി ഏറ്റെടുത്ത് വണ്ടി മൂവാക്കി പുറകിൽ കയറി ഇരുന്നു (ജീവനിൽ പേടൊയില്ലാത്ത ഒരു സാഹസികൻ). സംഗതി അനിയൻ പയ്യൻ എല്ലാം പറഞ്ഞിരുന്നു; പക്ഷെ ക്ലച്ചു പതിയെ വിടണമെന്ന പ്രധാന പോയിന്റു മാത്രം പറയാൻ വിട്ടുപോയതായിരുന്നു വണ്ടി മൂവാകാത്തതിനു കാരണം. ക്ലച്ചിൽ മുറുകെ പിടിച്ചിരുന്ന് വണ്ടി അമറിയിട്ടും എന്റെ അനിയൻഗുരുവിനു സംഗതി പിടികിട്ടിയില്ല.അതെനിക്കരിയാമായിരിക്കുമെന്ന ധാരണയായിരുന്നു പുള്ളിക്ക്‌.ലാംബ്രട്ട പോകുന്ന തിനു പുറകേ അതിൽ നിന്നും ഇളകി വീഴുന്ന പാട്ടകൾ പെറുക്കി ശേഖരിക്കാൻ ഞാൻ ചില പയ്യൻ മാരെ നിയമിച്ചിരുന്നു. അന്നൊക്കെ വീണും ആ ലാംബ്രട്ടയുടെ പാട്ടകൊണ്ടു പുറം മുറിഞ്ഞ് ടെറ്റ്നസ്സ് പിടിച്ചുമൊക്കെ ചത്തു മണ്ണടിയാതെ പോയതിനാൽ ഇന്നു ഇതൊക്കെ എഴുതുന്നു!

  വെഞ്ഞാറന് ആശംസകൾ!

  ReplyDelete
 27. പ്രിയ വെഞ്ഞാറന്‍ ഞാന്‍ തിരുവനന്തപുരം നഗരത്തെക്കു
  റിച്ചല്ല പറഞ്ഞത്. ആ നഗരത്തില്‍ ഗ്രാമം പോലെ ഞാന്‍
  കാത്തു സൂക്ഷിക്കുന്ന എന്റെ കൊച്ചു പുരയിടത്തെക്കുറിച്ചാണ്.

  ReplyDelete