Wednesday, July 20, 2011

നാട്ടിലെ താരം

സിനിമകളെ മറന്നൊരു ജീവിതം ഞാറച്ചോടിനുണ്ടായിരുന്നില്ല. എനിക്കിപ്പം തോന്നുന്നു, ഞാറച്ചോടിന്റെ മണ്ണിലും കാറ്റിലും സിനിമ നിറഞ്ഞു നിന്നിരുന്നു എന്ന്. ആകെ രണ്ടു തീയറ്ററുകളാണുള്ളത്. ബിന്ദുവും തരം‌ഗവും. ഏതു സിനിമയും നിറഞ്ഞ സദസ്സിൽ ഒന്നും രണ്ടും വാരം ഓടാൻ ഒരുപാടുമില്ല ഞാറച്ചോട്ടിൽ. ‘ബിന്ദു’വിൽ മഴവിൽ ബോർഡറോടു കൂടിയ സ്ക്രീനിനോടു ചേർന്ന് പഴയ ഏതോ സൂപ്പർ ഹിറ്റിലെ നസീറിന്റെയും ഷീലയുടെയും ബ്ലാക് ആന്റ് വൈറ്റ് കട്ടൌട്ട് വച്ചിരുന്നു. സിനിമ തുടങ്ങും വരെയുള്ള ആകാക്ഷയുടെയും അക്ഷമയുടെയും യുഗങ്ങൾ തള്ളി നീക്കാൻ ഒരു പിടിവള്ളി…

ഞാറച്ചോടുകാർ താരങ്ങളെ നേരിൽ കണ്ടിട്ടില്ല എന്നല്ല. പറഞ്ഞു വരുമ്പം നിത്യവസന്തത്തിന്റെ നാടിന്റെ നേരേ കിഴക്കാണല്ലോ ഞാറച്ചോട്. പ്രേംനസീർ ഒരിക്കൽ ഞാറച്ചോട്ടിൽ വന്നിരുന്നു. ജവഹർ യൂത്ത് സെന്റർ ഉദ്ഘാടിക്കാൻ വന്നതാണെന്നാണ് എന്റെ ഓർമ്മ. ജനസമുദ്രം എന്നൊക്കെപ്പറയുന്നത് അതാണ്! ആൾക്കൂട്ടത്തിന്റെ തലകൾക്കു മീതെ വല്യചേട്ടൻ എടുത്തുയർത്തിയപ്പോൾ കണ്ട മനോഹരമായ ചിരിയാണ് ഇന്നും എനിക്ക് നസീർ.

പിന്നെയും ചിലരൊക്കെ വന്നിട്ടുണ്ട്. അതേ ക്ലബ്ബുകാർ തന്നെ ഉർവ്വശിയേയും മറ്റും ഒരിക്കൽ ഞാറച്ചോട്ടിലെത്തിച്ചു. പുത്തൻ‌കെട്ടിടം പാലുകാച്ചിനു വൈറ്റ്സിമന്റടിച്ചു നിൽക്കും പോലെ മേക്കപ്പിൽ മുങ്ങിക്കുളിച്ചാണ് ഉർവ്വശി വന്നത്.

ഇടയ്ക്കിടെ ചില സന്ധ്യകളിൽ ഇരുണ്ട നിറമുള്ള ഫിയറ്റ് കാറിൽ ‘പെരുന്തച്ചൻ’ ഞാറച്ചോടു വഴി കടന്നു പോകും. ‘മാവേലിശത്രുപുര’ത്തുള്ള ഏതോ നാടകാഭിനേത്രിയെ സന്ദർശിക്കാനുള്ള യാത്രയാണെന്ന് ചില ദുർബുദ്ധികൾ പറഞ്ഞിരുന്നു. ചിലപ്പോൾ മൂപ്പർ ഞാറച്ചോട്ടിൽ കാർ നിർത്തി ‘നക്ഷത്ര’മെഡിക്കത്സിൽ കയറി സംസാരിച്ചിരിക്കുന്നതു കാണാം. ആ കടയുടെ ഉടമകൾ നാടകട്രൂപ്പുടമകൾ കൂടിയാണ്. ചേട്ടാനിയന്മാർ പ്രൊഫഷണൽ നാടകകൃത്തുക്കളും സംവിധായകരുമൊക്കെയാണ്. ഏറ്റവും മൂത്തയാളായ രാമചന്ദ്രൻസാർ മികച്ച നാടകസംവിധായകനുള്ള സംസ്ഥാന അവാർഡും ഏറ്റവും ഇളയ ശശിസാർ മികച്ച നാടകകൃത്തിനുള്ള സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്. രണ്ടു പേരും എന്നെ പാരലൽ കോളജിൽ അംഗ്രേസി പഠിപ്പിച്ചിട്ടുമുണ്ട്. അസാധാരണമായ രംഗ/നർമ്മബോധത്തോടെ ഷായെയും ഷേക്സ്പിയറിനെയും അവതരിപ്പിച്ചിരുന്ന രാമചന്ദ്രൻസാർ ഏതാനും മാസം മുൻപാണ് അകാലത്തിൽ അന്തരിച്ചത് – ഈ ശിഷ്യന്റെ വിദൂര പ്രണാമം!

കടുംപച്ച നിറത്തിലുള്ള ഒരു മാരുതി 800ൽ സുകുമാരൻ ഞാറച്ചോട്ടിലൂടെ പോകുമായിരുന്നു. ഹാൾട്ട് ഇല്ല. ‘തറമേൽ’ പട്ടണത്തിലേക്കാണു യാത്ര. അന്നവിടെ മൂപ്പർ ഒരു ഓഡിറ്റോറിയം പണിയുന്നുണ്ടായിരുന്നു. അതു വീക്ഷിക്കാനാണു പോകുന്നത്. സിനിമയിൽ നിന്ന് ഏറെക്കുറേ ഔട്ടായ കാലം. ഓഡിറ്റോറിയത്തിനു മുന്നില്‍, പല്ലുകൊഴിഞ്ഞ സിംഹത്തെപ്പോലെ, പകയോടെ പുകവലിച്ചു നിൽക്കുന്നത് ഇന്നുമോർമ്മയുണ്ട്.

പിന്നെ, സാക്ഷാൽ ശ്രീമാൻ ജഗതി! നാട്ടിലെ സമ്പന്നപുത്രന്മാരുടെ താവളങ്ങളിലൊന്നായ മേടക്കടക്കടമുറിയിൽ ചിലപ്പോൾ കാണാം.

പല താരങ്ങളും പലവട്ടം വന്നു പോയിരുന്നെങ്കിലും ‘ഞാറച്ചോടിന്റെ സിനിമാതാരം’ അവരാരുമായിരുന്നില്ല. ആരാണെന്നോ? മറ്റേ രഞ്ജിനി ഹരിദാസിനെപ്പോലെ അലച്ചു വിളിച്ച് പറയട്ടെ : “ അദാണ് മ്മടെ ‘മാവറ സസാങ്കൻ…’“!!!!!

ഞാറച്ചോടുകവലയ്ക്കു പടിഞ്ഞാറുള്ള ഒരു ഉൾപ്രദേശമാണു മാവറ. നാട്ടിൽ‌പ്രസിദ്ധമായ ഒരു ക്ഷേത്രവുമുണ്ടവിടെ. അവിടെ ജനിച്ചു വളർന്ന്, മദ്രാസിൽ മലയാളസിനിമയുടെ രോമാഞ്ചമായി മാറിയ മഹാപ്രതിഭയാണ് ‘മാവറ സസാങ്കൻ’! കുട്ടിക്കാലത്ത് അവിടെ ഉത്സവപ്പറമ്പിലൂടെ നടക്കുമ്പോ കൂട്ടുകാർ പറയും “മാവറ സസാങ്കൻ വന്നിട്ടുണ്ടാകും…!“ ഞാൻ കണ്ടിട്ടില്ല ഒരു സിനിമാതാരത്തെയും നേരിട്ട്. ഒരെണ്ണത്തെയെങ്കിലും നേരിൽ കാണാൻ കൊതിയുമുണ്ട്. പക്ഷേ, വിശ്വാസം വരില്ല. സിനിമാതാരങ്ങൾ അങ്ങുദൂരെ മദ്രാസിലല്ലേ കാണൂ? കൂട്ടുകാർ സമ്മതിക്കില്ല: അവരൊക്കെ ഒരുപാടു തവണ കണ്ടിട്ടുള്ളതാണ്. എന്നെയും കൂട്ടി അവർ അവിടെ മുഴുവൻ തിരഞ്ഞു നടക്കും. തിരുമുറ്റത്തും നടവഴിയിലും സ്റ്റേജിനു പിന്നിലും അമ്പലക്കുളത്തിലും വയൽവരമ്പിലും വെടിപ്പുരയിലും കമ്മറ്റിയാപ്പീസിലും വളക്കടയിലും ചായത്തട്ടിലും കിലുക്കിക്കുത്തുന്നിടത്തും എല്ലാം. പക്ഷേ, എന്റെ മുന്നിൽ പെടാതെ മാവറ സസാങ്കൻ മാറിമാറിപ്പോയി! ചങ്കുമൊതലാളിയുടെ ആനയെപ്പോലെ സസാങ്കനെയും ഒരിക്കലും കാണാനാവില്ലെന്ന് എനിക്ക് തോന്നിയിരുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും, സുപ്രസിദ്ധ സിനിമാതാരം മാവറ സസാങ്കൻ ഏതൊക്കെ സിനിമകളിൽ അഭിനയിച്ചു എന്ന് ആർക്കും അറിയില്ല. ഞാൻ കണ്ട ഒരു സിനിമയിലും സസാങ്കൻ ഇല്ലായിരുന്നു. ഉണ്ടെന്ന് ആരും പറഞ്ഞിട്ടുമില്ല. ഏതു സിനിമയിലെ അഭിനയമാണു സസാങ്കനെ ‘സുപ്രസിദ്ധ സിനിമാതാര’മാക്കിയത് എന്ന് ആർക്കുമറിയില്ല. പക്ഷേ, മൂപ്പർ ഞാറച്ചോടിന്റെ സുപ്രസിദ്ധ സിനിമാതാരമാണ്!

കുറച്ചു കൂടി മുതിർന്നപ്പോൾ എനിക്കു തോന്നി ‘മാവറ സസാങ്കൻ’ ഒരു മിത്തായിരിക്കുമെന്ന്. നാടുവിട്ട് കള്ളവണ്ടി കയറി മദ്രാസിലെങ്ങാനും ചെന്ന് വല്ല ചായക്കടയിലും സപ്ലയറായി നിന്നിട്ട് വർഷങ്ങൾ കഴിഞ്ഞ് മടങ്ങി വന്നപ്പോൾ ചുമ്മാ പറഞ്ഞ കല്ലുവച്ച നുണ പാവം ഗ്രാമീണർ വിശ്വസിച്ചതായിരിക്കാം. തമിഴ്നാട്ടിലെ ഏതെങ്കിലും തെരുവിൽ തമിഴത്തിയെയും കെട്ടി എരുമയെയും വളർത്തി കട്ടൻബീഡിയും വലിച്ച് നടക്കുകയായിരിക്കും യഥാർത്ഥത്തിൽ സസാങ്കൻ. അലക്കുകടയിൽ നിന്ന് കടം വാങ്ങി ഇട്ടുകൊണ്ടു വരുന്ന കളസവും കോട്ടും കണ്ട് മാവറക്കാർ വിശ്വസിച്ചതായിരിക്കും. ഞാറച്ചോടുകാർ അഭിമാനിച്ചതായിരിക്കും.

അങ്ങനെയിരിക്കെ ഒരു ദിനം. ഞാറച്ചോടു ഹൈസ്കൂളിലെ യുവജനോത്സവം. കലാപരിപാടികൾ അരങ്ങു തകർക്കുന്നു. അതിനിടയിൽ ഒരു അറിയിപ്പ്: “ഞാറച്ചോടിന്റെ അഭിമാനമായ സുപ്രസിദ്ധ സിനിമാതാരം ശ്രീ മാവറ സസാങ്കൻ നിങ്ങളുടെ കലാപരിപാടികൾ വീക്ഷിക്കുവാൻ നമ്മുടെ സ്കൂളിൽ എത്തിച്ചേർന്നിട്ടുണ്ട്. അദ്ദേഹം ഇപ്പോൾ നിങ്ങളോട് രണ്ടു വാക്ക് സംസാരിക്കും.“ ഹോ! എന്തായിരുന്നു കയ്യടിയും ആർപ്പുവിളിയും!!

കർട്ടനുയർന്നു. മൈക്കിനു മുന്നിലേക്ക് ഇരുണ്ട ഒരു തടിയൻ മദ്ധ്യവയസ്കൻ വന്നു. സിനിമാതാരങ്ങളെക്കുറിച്ചുള്ള എന്റെ എല്ലാ സങ്കല്പങ്ങളും എന്നെന്നേയ്ക്കുമായി തകർന്നു. ആ കഷണങ്ങൾ തട്ടിമാറ്റിക്കൊണ്ട്, എന്റെ ‘ചായക്കട സിദ്ധാന്തം’ ശരിയാണെന്ന് ഞാൻ ഊഹിച്ചു.

പ്രസംഗിക്കാനറിയില്ലെന്ന പല്ലവിയോടെ കുറച്ചു വാക്കുകൾ. എന്റെ അനിഷ്ടം മാഞ്ഞു പോയി. നല്ല പ്രസംഗം. നല്ല നർമ്മബോധം. ഞങ്ങളെ ചിരിപ്പിക്കാൻ ഒരു തിരുവാതിരപ്പാരഡിയും പാടി.
“പട്ട മുട്ട പാമ്പിന്മുട്ട
പേരുകേട്ട കുളയട്ട
എട്ടുകാലി ഇവയിട്ട
പട്ടച്ചാരായം….”
ഞങ്ങൾ ആർത്താർത്തു ചിരിച്ചു. സസാങ്കൻ മടങ്ങിപ്പോയി. അല്ലെങ്കിൽ, അവിടെയെവിടെയോയിരുന്ന് കുറേനേരം കലാപരിപാടികൾ കണ്ടുകാണും.

അന്നു സസാങ്കനായിരുന്നു സംസാരവിഷയം. എപ്പോഴാണയാൾ വന്നത്, എപ്പോഴാണയാൾ പോയത്? ഞങ്ങൾക്കറിയില്ല. ഉറപ്പാണ്, ഒരു സിനിമയിലും ആ മുഖം കണ്ടിട്ടില്ല. ഉച്ചപ്പടങ്ങളിലും കണ്ടിട്ടില്ലെന്ന് ആ രംഗത്തെ വിദഗ്ധർ തീർച്ച പറഞ്ഞു.

* * * * * * * * * * *

ഇന്നലെവർഷങ്ങൾക്കു ശേഷം എനിക്ക് ആ പേര് ഓർമ്മ വന്നു. വെറുതെ, വെറുംവെറുതെ ഞാനാ പേര് ഗൂഗിളിൽ സെർച്ചു ചെയ്തു. അത്ഭുതം ! മലയാളം സിനി ആർടിസ്റ്റ് അസോസിയേഷന്റെ അംഗംങ്ങളുടെ ലിസ്റ്റിൽ പതിനൊന്നാമത് കിടക്കുന്നു ആ പേര്.!

ഞാറച്ചോടിന്റെ പ്രിയപ്പെട്ട കലാകാരാ, അറിയാതെയുള്ള അവഹേളനങ്ങൾക്ക് ക്ഷമാപണം……….

14 comments:

 1. പുള്ളീയുടെ മകന്‍ ഷമ്മി നമ്മുടെ അടുത്ത കൂട്ടുകാരനല്ലേ?! :)
  പിന്നെ നീ ഒരിടത്ത് മാവറയെ കാവറ തന്നെയാക്കിയിട്ടുണ്ട്.

  ReplyDelete
 2. നല്ല ഒരു ഓര്‍മ്മക്കുറിപ്പ് മാഷേ...

  ReplyDelete
 3. ഞാറച്ചോട്ടിലെ വിശേഷങ്ങള്‍ രസായി. മാവറ സസാങ്കന്‍ കീജെയ്..

  ReplyDelete
 4. ഹരിയണ്ണാ, നീയെവിടെയായിരുന്നു...???!!
  ഷമ്മിയുടെ അച്ഛനോ? ‘ഫ്രീസിങ് പോയ്ന്റ്’ നടത്തിയിരുന്ന ഷമ്മിയാണോ? അയ്യോ, എനിക്കറിയില്ലായിരുന്നു!!!

  നന്ദി ശ്രീ...

  നന്ദി അജിത് മാഷേ..

  ReplyDelete
 5. ormmakkurippu manoharamayi..... aashamsakal........

  ReplyDelete
 6. പുത്തൻ‌കെട്ടിടം പാലുകാച്ചിനു വൈറ്റ്സിമന്റടിച്ചു നിൽക്കും പോലെ മേക്കപ്പിൽ മുങ്ങിക്കുളിച്ചാണ് ഉർവ്വശി വന്നത്.

  :) ഇഷ്ടപ്പെട്ടു സരസസുന്ദരമായ ഈ പോസ്റ്റ്.

  ReplyDelete
 7. "പുത്തൻ‌കെട്ടിടം പാലുകാച്ചിനു വൈറ്റ്സിമന്റടിച്ചു നിൽക്കും പോലെ "
  ഞായറല്ല തിങ്കളും ചിരിക്കും..
  യ യ ഒരക്ഷരം ഇടയ്ക്ക് ഫ്രീ.

  ReplyDelete
 8. ഞാൻ വിശദമാ‍യൊരു കമന്റ് എഴുതിയിരുന്നത് ഇവിടെ കാ‍ണുന്നില്ല.

  ReplyDelete
 9. പ്രിയ തട്ടത്തുമല,
  ഞാന്‍ ആ കമന്റ് കണ്ടില്ല. എന്തെങ്കിലും സാങ്കേതിക പ്രശ്നം നിമിത്തം അത് നഷ്ടപ്പെട്ടതാകും. ദയവായി വീണ്ടുമെഴുതുക.
  നന്ദി.

  ReplyDelete
 10. “പട്ട മുട്ട പാമ്പിന്മുട്ട
  പേരുകേട്ട കുളയട്ട
  എട്ടുകാലി ഇവയിട്ട
  പട്ടച്ചാരായം….”

  ReplyDelete
 11. PLSVISIT MY BLOG AND SUPPORT A SERIOUSISSUE..................

  ReplyDelete
 12. ഞാൻ , താങ്ങൾ എഴുതിയ ഒരു കമന്റ് വായിച്ച് ഇവിടെ എത്തി. എന്റെ ഇവിടുത്തെ തുടക്കം തന്നെ രസമായി... രസമായി... ആശംസകൾ....

  ReplyDelete