Wednesday, December 9, 2009

കുന്ദായണം

കുന്ദനെ ആദ്യം കാണുന്നത് ‘ആത്മാര്‍‌ത്ഥതാ’ പാരലല്‍ കോളേജില്‍‌വച്ചാണ്.എട്ടാം ക്ലാസ്സുകഴിഞ്ഞുള്ള വെക്കേഷന്‍ ക്ലാസ്സ് തുടങ്ങിയപ്പോഴായിരുന്നു അത്. കളം പിടിച്ചടക്കി കസറുന്ന കുന്ദനും കൂട്ടുകാരും. അന്നേ അവന് ആറടിക്കടുത്ത് പൊക്കമുണ്ട്, ഒത്ത വണ്ണവും. കൂട്ടത്തില്‍ ശ്രദ്ധേയനാണവന്‍.ബുദ്ധിമാന്‍. തന്ത്രശാലി. ‘തേസാബ്’ലെ പാട്ടുകളെക്കുറിച്ച് ആധികാരികമായി അവന്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ടിരുന്നത് ഇന്നുമോര്‍ക്കുന്നു.

പത്താം ക്ലാസ്സായപ്പോള്‍ അവനായിരുന്നു ഞാറച്ചോടുഹൈസ്കൂളിലെ സ്കൂള്‍ലീഡര്‍. ഏതു പാര്‍ട്ടിയെന്നു ചോദിക്കാനില്ല: എസ്സഫ്ഫൈ. അല്ലാതൊരു പാര്‍ട്ടി അവിടെ ജയിച്ചിട്ടുണ്ടൊ?


ഒരിക്കല്‍ ഒരു ശനിയാഴ്ച ഞാറച്ചോടു ജംങ്ഷനിലൂടെ പോവുകയായിരുന്ന എന്നെ ആരോ പിറകില്‍ നിന്നും വിളിക്കുന്നു. ഞാന്‍ തിരിഞ്ഞു നോക്കി. കുറേകൂട്ടുകാരെയും നറ്യിച്ചുകൊണ്ട് കുന്ദന്‍ വരുന്നു. കയ്യില്‍ നോട്ടീസുകള്‍, രെസീതുകുറ്റികള്‍. എസ്സഫ്ഫൈയുടെ ജില്ലാസമ്മേളനപ്പിരിവാണ്. കയ്യില്‍ കാശില്ലാത്തതുകൊണ്ട് ഞാന്‍ അടുത്തുചെന്നു.
“എവിടെപ്പോണെടാ?”
“ചുമ്മാ...”
“ എന്നാ ഞങ്ങടെ കൂടെ വാ..”
കൂടെപ്പൊയി ഞാന്‍. ആദ്യം കയറിയത് ഒരു ചെരിപ്പുകടയിലാണ്. കുന്ദന്‍ മുന്നില്‍ കയറി. ഒപ്പം ഞാനും. കൂടെയുള്ളവരില്‍ ഒന്നുരണ്ടുപേര്‍ അകത്തു വന്നു. മറ്റുചിലര്‍ പുറത്ത്. പിരിവെഴുതി കാശുവാങ്ങി. ഇറങ്ങിവന്ന് അടുത്ത സ്ഥലത്തേക്ക് പോകുമ്പൊള്‍ കൂടെയുള്ളവര്‍ എന്തോപറഞ്ഞ് ഭറ്യങ്കര ചിരി. എന്താണെന്നു ചോദിച്ചു ഞാന്‍. അന്നേരമാണറിയുന്നത്, കൂട്ടത്തില്‍ ഒരുത്തന്‍ സ്വന്തം പഴയ ചെരിപ്പ് കടയ്ക്ക് പുറത്ത് റോഡില്‍ അഴിച്ചിട്ടിട്ടാണ് കടയില്‍ കയറിയത്. മറ്റുള്ളവര്‍ കടക്കാരനെ വളഞ്ഞുനില്‍ക്കുന്നതിനിടയില്‍ ഇഷ്ടന്‍ ഇഷ്ടപ്പെട്ട ഒരു ചെരിപ്പ് കടയില്‍ നിന്നെടുത്തിട്ട് കൂളായി ഇറങ്ങിപ്പോന്നു! മോഷണമോ? അങ്കലാപ്പിലായി ഞാന്‍. വണ്ടികത്തിക്കുന്ന അണികളുടെ ആവേശം കണ്ടു ചിരിക്കുന്ന നേതാവിനെപ്പോലെ കുന്ദന്‍ അവരുടെ ചിരിയില്‍ പങ്കെടുത്തു. പിന്നെ സംഘത്തെയും നയിച്ചുകൊണ്ട് അടുത്ത സ്ഥലത്തേയ്ക്ക്.


അഞ്ചാറു കടകഴിഞ്ഞു. കൂറേ ചില്ലറ എന്റെ കയ്യില്‍ തന്നു കുന്ദന്‍. “എത്രയുണ്ടെന്ന് എണ്ണി നോക്ക്..” ഞാന്‍ എണ്ണി: പത്തു രൂപ. “ അത് കയ്യില്‍ വച്ചേരേ..” അനുസരണയോടെ ഞാന്‍ ചില്ലറ പോക്കറ്റിലിട്ടു. ഉച്ചയ്ക്ക് ‘അസുഖേറ്റു’മുക്കിലെ ഷാപ്പില്‍ നിന്ന് പൊരോട്ടയും ചാറും കഴിച്ചു എല്ലാവരും. പിരിയാന്‍ നേരം ഞാന്‍ ചില്ലറ ഏല്‍പ്പിക്കാന്‍ തുടങ്ങിയപ്പോ അവന്‍ തടഞ്ഞു. “അതു നിനക്കുള്ളതാ..” ഞാന്‍ വീണ്ടും അമ്പരന്നു. രാഷ്ട്രീയത്തെക്കുറിച്ച് ഞാനെന്തറിയുന്നു!

പ്രീഡിഗ്രിക്ക് ‘തറമേല്‍’ എന്നെസ്സെസ്സ് കോളേജില്‍ എനിക്കൊപ്പം അവനുമുണ്ടായിരുന്നു. എന്താണെന്നറിയില്ല, എസ്സെഫ്ഫൈയില്‍ അവന്‍ സജീവമായിരുന്നില്ല. വെറും അനുഭാവി ഭാവം മാത്രം. ഒരിക്കല്‍ ഒരു പ്രകടത്തിനിടയില്‍ ഞഞ്ഞാപിഞ്ഞാ മുദ്രാവാക്യങ്ങള്‍ മടുപ്പിച്ചു തുടങ്ങിയ നേരം, പിന്‍ നിരയില്‍ നിന്ന് കിടിലന്‍ മുദ്രാവാക്യം മുഴക്കി വിളിച്ച് കുന്ദന്‍ കളം പിടിച്ചെടുത്തത് ഓര്‍ക്കുന്നു.
“മഞ്ഞണിഞ്ഞ ഹിമാചലില്‍......
മരുഭൂമികളുടെ രാജസ്ഥാനില്‍....
തോക്കുകളലറും പഞ്ചാബില്‍ ..
സിന്ധൂഗംഗാഭൂമികളില്‍........
......................
എന്നവന്‍ കത്തിപ്പടര്‍ന്നപ്പോള്‍ പ്രകടനക്കാരുടെ എണ്ണവും കാഴ്ചക്കാരുടെ എണ്ണവും ആവേശവും പെട്ടന്നു വര്‍ദ്ധിച്ചു.

എന്നാണവനു ദിശാബോധം നഷ്ടമായത്? മറ്റൊരാളുടെ ബൈക്ക് ഓടിച്ച് ആക്സിഡെന്റില്‍ പെട്ട് അവന്റെ മുന്‍പല്ലിന്റെ പകുതി പൊട്ടി. അതിനു കിട്ടിയ ഇന്‍ഷുറന്‍സ് കാശുകൊണ്ട് അവനൊരു ബൈക്ക് വാങ്ങി‌- ഞാറച്ചോട്ടിലെ ആദ്യത്തെ സുസുകി ഷോഗണ്‍. അതില്‍ KSRTC ബസിടിച്ചപ്പോള്‍, ഉടന്‍ തന്നെ ഫോട്ടോഗ്രാഫറെ വരുത്തി ഫോട്ടോയെടുത്ത്, ഇന്‍ഷുറന്‍സിനുള്ള കാര്യങ്ങള്‍ സെറ്റപ്പാക്കിയപ്പോഴേക്കും വലത്തേക്കാല്‍ നീരുവന്നു വീര്‍ത്തിരുന്നു. അടുത്ത ബസിനു അനന്തശയ്യാപുരി മെഡിക്കല്‍ കോളേജില്‍ എത്തി എക്സ്രേ എടുത്തപ്പോള്‍ കാലില്‍ പൊട്ടലുണ്ടെന്നറിഞ്ഞു. എന്നാലെന്താ? അതിനു കിട്ടിയ കാശുകൊണ്ടല്ലേ സെക്കന്‍ഡ്‌ഹാന്‍ഡ് അംബാസ്സഡര്‍ വാങ്ങിയത്!

ഒരിക്കല്‍, പിക്നിക്കിനു പോകാനുള്ള കാശെങ്ങനെ കിട്ടുമെന്ന് ‘ചിഹ്ന’ ക്ലബ്ബിലിരുന്നു തലപുകഞ്ഞ് ആലോചിക്കുകയായിരുന്നു ഞങ്ങളുടെ ചില സുഹൃത്തുക്കള്‍. പറ്റിയ വഴി പറഞ്ഞു കൊടുത്തു കുന്ദന്‍: അവന്റെ വീട്ടിനടുത്തു ഒരാളുറ്റെ പറമ്പില്‍, വഴിക്കടുത്തായി ഒരു ചെങ്കദളിക്കുല വിളഞ്ഞു നില്‍പ്പുണ്ട്. അത് രാത്രി അടിച്ചുമാറ്റി(മോഷ്ടിച്ചല്ല!) ചന്തയില്‍ വില്‍ക്കുക! ഐഡിയ ഹര്‍ഷാരവങ്ങളോടെ സ്വീകരിക്കപ്പെട്ടു. പക്ഷേ ഒരു സംശയം ‌- രാത്രിതന്നെ അടിച്ചുമാറ്റി ചന്തയില്‍ കൊണ്ടുവരാന്‍ പറ്റില്ലല്ലോ. കുന്ദന്‍ അതിനും മറുമരുന്നു പറഞ്ഞു കൊടുത്തു. ആ പറമ്പില്‍ നിന്ന് കുറച്ചപ്പുറത്ത് ആള്‍താമസമില്ലാത്ത ഒരു പറമ്പുണ്ട്. രാത്രി അടിച്ചുമാറ്റുന്ന കുല അവിടെ തല്‍ക്കാലം ഒളിച്ചുവയ്ക്കുക. രാവിലെ വന്ന് എടുത്ത് ചന്തയില്‍ കൊടുക്കുക! സുഹൃത്തുക്കള്‍ക്ക് പെരുത്ത സന്തോഷം. അടിച്ചുമാറ്റല്‍ തീയതി അപ്പോള്‍ തന്നെ കുറിക്കപ്പെട്ടു. പ്രശ്നം പരിഹരിക്കപ്പെട്ട സന്തോഷത്തില്‍ അവര്‍ അവിടന്നു പോയി.


അവരെല്ലാം പോയിക്കഴിഞ്ഞപ്പോള്‍ കുന്ദന്‍ എന്നെ വിളിച്ചു പറഞ്ഞു :“ എടാ, അവന്മാര് കൊല അടിച്ചുമാറ്റി ആ പറമ്പില്‍ കൊണ്ട് വച്ചു കഴിയുമ്പോള്‍ നമുക്ക് അത് അവിടന്ന് അടിച്ചുമറ്റി അവന്മാരറിയാതെ വില്‍ക്കാം !!..”


കുന്ദന്റെ ധിഷണാശാലിത്വവും സഹായമനസ്ഥിതിയും നിമിത്തം ksrtc നിയമങ്ങള്‍ പോലും മാറ്റിയെഴുതപ്പെട്ടിട്ടുണ്ട്. അക്കാലത്ത്, വിദ്യാര്‍ത്ഥികള്‍ക്ക് KSRTC കണ്‍സെഷന്‍ കാര്‍ഡ് ലഭിക്കുന്നതിന്, പഠിക്കുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ ഒപ്പും സീലും പതിച്ച ആപ്ലിക്കേഷന്‍ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് നല്‍കിയാല്‍ മാത്രം മതിയായിരുന്നു.ഞാറച്ചോട്ടില്‍നിന്ന് ധാരാളം പയ്യന്മാര്‍ നഗരത്തിലെ സ്ഥാപനങ്ങളില്‍ ജോലിചെയ്യാനായി പോകുമായിരുന്നു. അവരെല്ലാം എന്നും ഫുള്‍ടിക്കറ്റെടുത്താണ്പോകുന്നത്. അവര്‍ക്ക് കണ്‍സെഷന്‍ കാര്‍‌ഡുണ്ടായിരുന്നെങ്കില്‍ എന്തു നന്നായിരുന്നു. നഗരത്തില്‍ പോളീടെക്നിക്ക് വിദ്യാര്‍ത്ഥിയായിരുന്ന കുന്ദന്റെ മനസ്സുനിറയെ പയ്യന്‍‌മാരുടെ സങ്കടമായിരുന്നു. എന്താണ് അവരെ സഹായിക്കാന്‍ ഒരു മാര്‍ഗ്ഗം? അവര്‍ക്ക് ആപ്ലിക്കേഷനില്‍ പോളിയിലെ പ്രിന്‍സിപ്പല്‍ ഒപ്പിട്ടുതരില്ല, സീലും കിട്ടില്ല. ഒടുവില്‍, ‘ദുഖം സഹിക്കാനാവാതെ’ കുന്ദന്‍ പോളിയിലെ പ്രിന്‍സിപ്പലിന്റെ സീല്‍ സ്വന്തമായി ഉണ്ടാക്കി! ആവശ്യക്കാര്‍ക്കെല്ലാം കണ്‍സെഷന്‍ വാങ്ങിക്കൊടുത്തു.( തിരക്കു നിയന്ത്രിക്കാന്‍ വേണ്ടി മാത്രം ഫീസ് ഏര്‍പ്പെടുത്തിയിരുന്നു.) എന്തൊരു സഹായമനസ്ഥിതി! പോളി വിദ്യാര്‍ഥികളുടെ എണ്ണം ക്രമാതീതമായി കൂടിയപ്പോള്‍ സംശയം തോന്നിയ സ്റ്റേഷന്‍ മാസ്റ്റര്‍ അന്വേഷണം തുടങ്ങിയപ്പോഴാണ് അവശകലാകാരന്‍‌മാരെ തിരിച്ചറിയുന്നത്. അക്കൊല്ലം KSRTC നിയമം മാറ്റി: വര്‍ഷാരംഭത്തില്‍ ഓരോ സ്ഥാപനത്തിലെയും വിദ്യാര്‍ഥികളുടെ ലിസ്റ്റ് ഔദ്യോഗികമായി സ്റ്റെഷന്മാസ്റ്റര്‍ക്കു നല്‍കണം. അതിലുള്‍പ്പെട്ടവര്‍ക്കു മാത്രം കണ്‍സെഷന്‍ കാര്‍ഡ്. “മാറ്റുവിന്‍ ചട്ടങ്ങളെ....” എന്നു പാടി കുന്ദന്‍ ആശ്വസിച്ചു.

കുറച്ചു നാള്‍ പെപ്സിയുടെ ഡീലര്‍ഷിപ് നേടി വിതരണക്കാരനായി കുന്ദന്‍ നടക്കുന്നത് കണ്ടു.(പങ്കുകച്ചവടക്കാരനായ നാജീമിനെ ഒരു സുപ്രഭാതത്തില്‍ ചവിട്ടിപ്പുറത്താക്കിയത്രേ). പിന്നൊരുനാള്‍, കുലുക്കിത്തുറന്ന കോളക്കുപ്പി പോലെ സംഗതി പൊട്ടി. ഇപ്പം കക്ഷി എവിടെയാണോ ആവോ.എവിടെയാണെങ്കിലും ജീവിക്കും! മടുക്കാത്ത പരിശ്രമങ്ങളാണല്ലോ അവന്റെ മുഖമുദ്ര. ആദ്യത്തെ പ്രണയ ലേഖനം വേളിയില്‍ കടലിനു സമര്‍പ്പിക്കുമ്പോള്‍ മാത്രമാണല്ലോ അവനെ മൂഡോഫില്‍ ആദ്യമായും അവസാനമായും കണ്ടത്. ഇപ്പോ ആരുടെയെങ്കിലും തോളില്‍ കയ്യിട്ട് കവിളില്‍ നുള്ളിനുള്ളി അവന്‍ ജീവിക്കുന്നുണ്ടാവും- ജോളിയായിത്തന്നെ!

4 comments:

 1. കുന്ദായണം കൊള്ളാം. നന്നായി എഴുതിയിരിയ്ക്കുന്നു

  ReplyDelete
 2. ഞാനും ഈ കഥയിലെ നായകനും ജനനം മുതല്‍ അയല്ക്കാരും ഒന്നാം ക്ലാസുമുതല്‍ ക്ലാസ്മേറ്റ്സും പിന്നീടെപ്പോഴൊക്കെയോ ഗ്ലാസ്മേറ്റ്സും ആയിരുന്നു.
  ഇതില്‍ ആദ്യത്തെ പദവി ഇപ്പോഴും നിലനില്ക്കുന്നുണ്ട്.

  പണ്ട് ഒരു സ്കൂള്‍ കോമ്പറ്റീഷനിലും പങ്കെടുക്കാതിരുന്ന എന്നിലെ ഇത്തിരിപ്പോന്ന കഥയെഴുത്തുകാരനെ വിളിച്ചുണര്ത്തി ഒറ്റയിരുപ്പില്‍ കഥയെഴുതിപ്പിച്ച് മേല്പ്പറഞ്ഞ ചിഹ്നം ക്ലബ്ബിന്റെ മാഗസിനില്‍ അച്ചടിച്ചതും അവന്‍ തന്നെ.എന്റെ ആദ്യ ബ്ലോഗ് പോസ്റ്റ് ആ കഥയുടെ പുന:പ്രസിദ്ധീകരണമായിരുന്നുവെന്നുപറയുമ്പോള്‍ അവനെ ഞാന്‍ നന്ദിയോടെ സ്മരിക്കുന്നു.

  ReplyDelete
 3. വെഞ്ഞാറന്‍ പറഞ്ഞ ആ ബൈക്കപകടത്തില്‍, ആ ബൈക്ക് ഓടിച്ചിരുന്ന കുന്ദന്‍ ,അവനെ ഇടിച്ചതായി അതിന്റെ ഉടമസ്ഥനെതിരേ കേസുകൊടുത്ത് ഇന്ഷ്വറന്സ് തുക ഒപ്പിച്ചുവെന്നാണുചരിത്രമ്!
  :)

  അവനിപ്പോള്‍ ഒരു വനിതാപ്പോലീസിനെക്കെട്ടി ഒരു കുഞ്ഞിക്കാലൊക്കെ കണ്ട് മര്യാദക്കാരനായിക്കഴിയുന്നുണ്ട്.

  ഇത്രയുമായ സ്ഥിതിക്ക് അവന്റെ ഒരു കുട്ടിക്കാലസാഹസം കൂടിപ്പറയാമ്.

  വീടിന്റെ ടെറസില്‍ നിന്ന് താഴേക്കു നോക്കിയ നാലാം ക്ലാസുകാരനായ കുന്ദന്‍ പക്ഷികളെക്കണ്ട് അസൂയമൂത്ത് താഴേക്കു പറന്നു.

  മനുഷ്യനു പക്ഷികളെപ്പോലെ പറക്കാനാവില്ലെന്ന് ഞങ്ങളെപ്പഠിപ്പിക്കാന്‍ വേണ്ടി അവന്‍ ഒന്നു രണ്ടുമാസം ഒടിഞ്ഞ കാലുമായി അവധിയെടുത്തിരുന്നു.
  :)

  ReplyDelete