അങ്ങനെ ഒടുവില്‍ പുതുവര്‍ഷം വന്നു. വര്‍ഷങ്ങള്‍ ഇങ്ങനെ പുതിയത് പുതിയത് വന്നുകൊണ്ടേയിരിക്കും. പക്ഷേ, പഴയതൊന്നും മറക്കാനാവില്ലല്ലോ. പുതുവര്‍ഷത്തെപ്പറ്റി കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യമോര്‍ക്കുന്നത് ഞാറച്ചോട്ടിലെ ഒരു പഴയ പുതുവര്‍ഷരാത്രിയാണ്.
ഓണവും പെരുനാളും പുതുവര്‍ഷവുമെല്ലാം ഞാറച്ചോടിനു സന്തോഷവും ആഘോഷവുമായിരുന്നു. ഓണത്തിനു ഞങ്ങളുടെ ‘ചിഹ്നം’ ക്ലബ്ബ് തട്ടി(പ്പ്)ക്കൂട്ട് പരിപാടികളുമായി ഇറങ്ങും. ക്ലബ്ബിന്റെ മുന്നില്‍ നിറം കലര്‍ത്തിയ ഉപ്പുകൊണ്ട് ‘അത്തപ്പൂക്കള’മിടും. പിന്നെ, ക്ലബ്ബിന്റെ രക്ഷാധികാരി അസ്‌ഹര്‍കാക്കയുടെ മിസ്ബുഷി ലോറിയില്‍ മൈക്ക് സെറ്റ് ഫിറ്റ് ചെയ്ത്, മാവേലിയുടെയും വാമനന്റെയും പുലിയുടെയും ഒക്കെ പ്രച്ഛന്നവേഷങ്ങളുമായി ഒരു ചുറ്റല്‍. ബക്കറ്റ് പിരിവ്.
ഒരിക്കല്‍ ഞാറച്ചോട് ടൌണില്‍ പിരിവ് നടത്തുകയായിരുന്നു. ഒരു ബക്കറ്റ് കൂടി ഉണ്ടായിരുന്നെങ്കില്‍ കൊള്ളാമെന്ന് അഭിപ്രായമുണ്ടായി. ഞാനുടനെ ക്ലബ്ബിന്റെ അടുത്ത മുറിയിലെ എ.കെ. ട്രാവലേജന്‍സിയിലെത്തി ബക്കറ്റ് ചോദിച്ചു.ഗതികേടിന് അവരുടെ എംഡി അവിടുണ്ടായിരുന്നു. മനസ്സില്ലാമനസ്സോടെ മൂപ്പര്‍ ബക്കറ്റ് തന്നു.
ഗംഭീര പിരിവായിരുന്നു. രണ്ടാമത്തെ ബക്കറ്റ് നിറയെ നോട്ടും ചില്ലറയും സത്യമായും ഞാന്‍ കണ്ടതാണ്. പക്ഷേ, പരിപാടി അവസാനിച്ചപ്പോള്‍ പണത്തോടൂകൂടി ബക്കറ്റ് കാണാനില്ല! എത്ര അന്വേഷിച്ചിട്ടും ആരാണ് കോച്ചിയതെന്നു ഒരു പിടിയും കിട്ടിയില്ല. ഒടുവില്‍ മാസങ്ങളോളം ഞാന്‍ ട്രാവത്സുകാരെ ഒളിച്ചു നടന്നു.
പുതുവര്‍ഷത്തിന് ക്ലബ്ബില്‍ പരിപാടിയൊന്നുമില്ല. ഞങ്ങളങ്ങനെ കറങ്ങി നടക്കും. അക്കൊല്ലം പുതുവര്‍ഷ രാത്രിയില്‍ അല്പം വൈകിയാണ് ഞങ്ങള്‍ ക്ലബ്ബിലെത്തിയത്. എല്ലാവരുമൊന്നുമില്ല; താഹിര്‍, ഷെഹര്‍ഷ, നജിം, പാണ്ടി സിബു, ഞാന്‍. കുറേ നേരം ക്ലബ്ബിന്റെ മുന്നില്‍ ആഘോഷങ്ങള്‍ കണ്ടുനിന്നു. പിന്നെ, കയ്യിലുള്ള കാശെല്ലാം കൂട്ടിനോക്കി, ചിക്കന്‍ കോര്‍ണറില്‍ നിന്ന് പൊറോട്ടയും സിങ്കിള്‍ മട്ടനും കഴിച്ചു. കറി തന്ന പാത്രം കഴുകേണ്ട ആവശ്യം ഇല്ലാത്ത തരത്തില്‍ മടക്കിക്കൊടുത്തു. ഫോര്‍മാലിറ്റിയുടെ പേരില്‍ കൈകഴുകി ഇറങ്ങി. വീണ്ടും നില്പായി.
അപ്പോ എനിക്കൊരാഗ്രഹം: പുതുവര്‍ഷമല്ലേ, പടക്കം പൊട്ടിക്കണം! അവന്മാര്‍ക്കു താല്പര്യമില്ല. മണി പത്തു കഴിഞ്ഞു. ഒരുപാട് പാമ്പുകള്‍ നടന്നും ബൈക്കിലും ഒക്കെ അലറി വിളിച്ച് പാഞ്ഞ് പോകുന്നുണ്ട്. കടകള്‍ അടച്ചു തുടങ്ങുന്നു. ഞാന്‍ പേഴ്സിന്റെ മുക്കും മൂലയുമെല്ലാം തപ്പിത്തിരഞ്ഞ് രണ്ടു രൂപാ കണ്ടുപിടിച്ചു. (യുറേക്കാ!)പടക്കക്കടയില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ ദാ വന്നു നില്‍ക്കുന്നു പോലീസ് ജീപ്പ്! ലാത്തിധരന്‍മാര്‍ പുറത്തിറങ്ങി. നാട്ടുകാരുടെമേല്‍ കുതിരകയറാന്‍ ലൈസന്‍സുകിട്ടിയ പുതുമുഖമേമാനും പുറത്തിറങ്ങി. കാക്കി കണ്ട പാമ്പുകള്‍ പെട്ടന്നപ്രത്യക്ഷരായി. ഇടറിയ കാലുകള്‍ സ്റ്റെഡിയായി. കാലമാടന്‍മാരെ പ്രാകിക്കൊണ്ട് പടക്കമോഹം ഞാനുപേക്ഷിച്ചു.
കടകള്‍ അടഞ്ഞു തുടങ്ങിയതോടെ ടൌണില്‍ ഇരുട്ടായി. മറ്റു ചില വണ്ടികള്‍ക്കൊപ്പം ഇരുട്ടത്ത് ജീപ്പ് കിടക്കുന്നു. ഇപ്പുറത്ത് ക്ലബ്ബിന്റെ മുന്നിലായി ഞങ്ങള്‍ നിന്നു. ഉടനെ പോയാല്‍ ഏമാനിഷ്ടപ്പെട്ടില്ലങ്കിലോ...
അന്നേരം ഒരു ബൈക്ക് ഇരമ്പിപ്പാഞ്ഞ് വന്ന് ഞങ്ങളുടെ മുന്നില്‍ നിന്നു.പിറകില്‍ ഞങ്ങളുടെ സുഹൃത്ത് സന്‍സീറാണ് അല്പം ആവേശം കൂടുതലാണവന്. പോരാത്തതിന് ഇപ്പോ ‘ഉല്പ്രേരകം’ ഉള്ളിലുണ്ട്താനും.ബൈക്ക് നില്‍ക്കുന്നതിനു മുന്‍പേ അവന്‍ അലറിപ്പറഞ്ഞു:“ഹാപ്പ്പ്പ്പീ...നൂയിയാര്‍ര്‍ര്‍....” ഞങ്ങള്‍ മിണ്ടുമോ? അവന്‍ ചാടിയിറങ്ങി.
“എന്താടാ വിളീക്കാത്തത്? വിളിയെടാ...ഹാപ്പ്പ്പീ..നൂയിയാര്‍ര്‍...” -അവന്‍ അലറി.
നിഴലും വെളിച്ചവും ഇടകലര്‍ന്ന അവ്യക്തതയിലും അവന്‍ അടുത്തെത്തിയ ഏമാനെ തിരിച്ചറിഞ്ഞു. അപായസൂചന അവന്റെ മുഖത്ത് ഇരമ്പിക്കയറിയത് മങ്ങിയ വെട്ടത്തില്‍ ഞാന്‍ കണ്ടു. എന്തെങ്കിലും ചെയ്യാനാന്‍ എനിക്കാവുമായിരുന്നില്ല.
* * * * * * *
പുതുവര്‍ഷമെന്നു കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ മുഴങ്ങുന്നത്, പടക്കം പൊട്ടുന്നതുപോലെയുള്ള ഒരടിയും ‘എന്റുമ്മോ’ന്നുള്ള നിലവിളിയുമാണ്.
പാവം സന്‍സീര്‍! ഒരു ഹാപ്പി ന്യൂ ഇയര്‍ വിളിച്ചതിനു ഇങ്ങനെ ഒരു പുതുവര്‍ഷ സമ്മാനം കിട്ടുമെന്ന് തീരെ പ്രതീക്ഷിച്ചു കാണില്ല.
ReplyDeleteഓര്‍മ്മക്കുറിപ്പ് ഇഷ്ടമായി മാഷേ.
പുതുവത്സരാശംസകള്‍!
Nannayi Maashe. Adi alppam kadannu poyi alle. Paavam
ReplyDeleteതാഹിര്‍, ഷെഹര്‍ഷ, നജിം, പാണ്ടി സിബു...
ReplyDeleteചിക്കന്‍ കോര്‍ണറില്‍ നിന്ന് പൊറോട്ടയും സിങ്കിള്‍ മട്ടനും...
പിറകില്‍ ഞങ്ങളുടെ സുഹൃത്ത് സന്‍സീറാണ് അല്പം ആവേശം കൂടുതലാണവന്....
ഈ വരികളെല്ലാം എന്റ്റെ ഓര്‍മ്മകള്‍ക്ക് ഉള്‍പ്രേരകമാകുന്നെങ്കിലും നീ മാത്രം പിടിതരുന്നില്ലല്ലോടേ..
എങ്കിലും ഞാന്‍ നിന്നോടൊന്നു പറയട്ടേ...
“ഹാപ്പ്പ്പ്പീ...നൂയിയാര്‍ര്‍ര്‍....”
“എന്താടാ വിളീക്കാത്തത്? വിളിയെടാ...ഹാപ്പ്പ്പീ..നൂയിയാര്‍ര്‍...”
ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നുണ്ട്!
ReplyDelete