Monday, January 11, 2010

മറക്കുമോ നീയെന്റെ.....

ജനുവരി 10

യേശുദാസിന് 70 വയസ്സ് തികഞ്ഞു.

കേരളത്തില്‍ എവിടെയും എപ്പോഴും യേശുദാസ് പാടുന്നുണ്ടാവും. യേശുദാസിനെക്കുറിച്ചുള്ള എന്റെ ആദ്യഓര്‍മ്മകള്‍ ഞാറച്ചോടുമായി ബന്ധപ്പെട്ടുകിടക്കുന്നു. അക്കാലത്ത് ഞാറച്ചോട്ടില്‍ ധാരാളം പരിപാടികള്‍ നടക്കുമായിരുന്നു. രാഷ്ട്രീയ സമ്മേളനങ്ങള്‍, കലാപരിപാടികള്‍, സാംസ്കാരികപരിപാടികള്‍, കച്ചവടപരിപാടികള്‍..... എല്ലാത്തിനും മൈക്കും പാട്ടും ഉണ്ടാവും. വൈകുന്നേരം നടക്കുന്ന പരിപാടിക്ക് രാവിലേതന്നെ പാട്ട് തുടങ്ങും. ഈ പരിപാടികളിലെല്ലാം ഒരാള്‍ സ്ഥിരം സാന്നിദ്ധ്യമാണ് : ശ്രീമാന്‍ അബു. കലാസാംസ്കാരികപ്രിയനായതിനാലല്ല - മൂപ്പര്‍ ഞാറച്ചോട്ടിലെ മൈക്ക്സെറ്റ് രംഗത്തെ കിരീടം വയ്ക്കാത്ത രാജാവാണ്.അബുവാക്കയുടെ സംഘാടനസഹായവും മൈക്ക്സെറ്റുമില്ലാതെ നടക്കുന്ന പരിപാടികള്‍ ഞാറച്ചോട്ടില്‍ അപൂര്‍വ്വമായിരുന്നു.

അക്കാലത്ത് പാട്ടുകേള്‍ക്കാനുള്ള ഏകാശ്രയം റേഡിയോകളാണ്. എന്റെ വീട്ടില്‍ എന്നോളം പ്രായമുള്ള ‘നെല്‍കൊ’ റേഡിയോയാണ് ഡ്യൂട്ടിയില്‍. മൂപ്പരെ പിരിച്ചുവിടണമെന്നും ഒരു തക്കുടുമോള്‍ ചുണ്ടിൽ വിരല്‍ വെച്ചിരിക്കുന്ന ചിത്രം പരസ്യമായുള്ള ‘മര്‍ഫി’ റേഡിയോ വാങ്ങണമെന്നും എനിക്കാഗ്രഹമുണ്ടായിരുന്നു. ഉച്ചയ്ക്കത്തെ ഒരു മണിക്കൂര്‍ ചലച്ചിത്രഗാന പരിപാടിയാണ് പാട്ടുകേള്‍ക്കാന്‍ പ്രധാന ഉപാധി. പിന്നെ രാവിലെ അവ്യക്തമായി വിട്ടുവിട്ടു കിട്ടുന്ന “വിവിധ്ഭാരതിയുടെ വാണിജ്യപ്രക്ഷേപണം, വിഷ്ണുശയ്യാപുരി”യും.

കവലയില്‍ എന്തെങ്കിലും പരിപാടിയുണ്ടെങ്കില്‍ നേരത്തേതന്നെ പാട്ടുതുടങ്ങും. കവലയില്‍ നിന്ന് അധികം അകലെയല്ലാത്ത എന്റെ വീട്ടിലിരുന്നാല്‍ വ്യക്തമായി പാട്ടുകേള്‍ക്കാം. അബുവാക്കയ്ക്ക് കുറേ ശിങ്കിടികളുണ്ട്. അതിലൊരാളായിരുന്ന ‘ചക്കി’ സംഗീത പ്രിയനായ ചെറുപ്പക്കാരനായിരുന്നു. ദാസേട്ടന്റെ ‘തരംഗിണി‘ക്കാസറ്റുകള്‍ കൃത്യമായി വാങ്ങിയിരുന്നു അബുവാക്ക. എന്റെ മനസ്സിലെ ഞാറച്ചോടുകവലയില്‍ ഇപ്പോഴും ദാസേട്ടന്റെ ഗാനങ്ങള്‍ അലയടിക്കുന്നു.

“ഈ പ്രേമഗീതകം പാടാന്‍ നീ മറന്നോ....?”

“ചില്ലിട്ടവാതിലില്‍ വന്നു നില്‍ക്കാമോ...?“

“ശ്രാവണപൌര്‍ണ്ണമി സൌന്ദര്യമേ, എന്റെ സൌഭാഗ്യമേ.....”

“പാതിരാമയക്കത്തില്‍ പാട്ടൊന്നു കേട്ടു...”

“അരയന്നമേ, ആരോമലേ....”

“മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ....”

“കായല്‍....കന്നിയോളങ്ങള്‍ കൊണ്ടേതോ.....”

“പൂക്കളം കാണുന്ന പൂമരം പോലെ നീ....”

“പച്ചപ്പനങ്കിളിത്തത്തേ, നിന്റെ ചിത്തത്തിലാരാണു...”


“അമാവാസിനാളില്‍ ഞാനൊരു...”

“ഉത്രാടപ്പൂനിലാവേ വാ...”

എന്നിങ്ങനെ ഒരുപാടൊരുപാട് ലളിതഗാനങ്ങള്‍. പ്രത്യേകിച്ച്, ദാസേട്ടനല്ലാതെ വേറൊരുത്തനും പാടിഫലിപ്പിക്കരുതെന്ന നിര്‍ബന്ധത്തോടെ രവീന്ദ്രന്‍ സംഗീതം നല്‍കിയ ‘വസന്തഗീതങ്ങ’ളിലെ പാട്ടുകള്‍.

ചലച്ചിത്രഗാനങ്ങളുടെ കാര്യം പറയാനില്ല. ‘ധ്വനി’ പുറത്തിറങ്ങിയപ്പോള്‍ മാസങ്ങളോളം അതുമാത്രമാണ് ഞാറച്ചോട്ടില്‍ മുഴങ്ങിയിരുന്നത്. ഭക്തിഗാനങ്ങള്‍ക്കും പഞ്ഞമുണ്ടായിരുന്നില്ല.

“ഈ വഴിയും പെരുവഴിയും....”

“പൊന്മല നമ്മുടെ പുണ്യമല....”

“പമ്പയാറിന്‍ പൊന്‍പുളിനത്തില്‍.....”

എന്നിങ്ങനെ ഒരുപാട് അയ്യപ്പഗാനങ്ങള്‍.

“ഹരികാംബോജി രാഗം പഠിക്കുവാന്‍...”

“ചന്ദന ചര്‍ച്ചിത നീലകളേബരം....”

“രാധതന്‍ പ്രേമത്തോടാണോ......”

“ചെമ്പൈയ്ക്കു നാദം നിലച്ചപ്പോള്‍....”

തുടങ്ങിയ ഗാനങ്ങള്‍ അടങ്ങിയ ‘മയില്‍പ്പീലി’ പാട്ടുകള്‍.


“സംകൃത പമഗിരി......”

“ആലം പടച്ചോരു റബ്ബേ....”

“മൌത്തും ഹയാത്തിന്നുമുടമസ്ഥനേ......”

“ആകേ ചുറ്റുലകത്തിലു.....”

“കരയാനും പറയാനും.....”

“കണ്ണീരില്‍ മുങ്ങി ഞാന്‍....”

“ഇമ്മലയാളത്തിക്കുറി വന്നതു....”

“എല്ലാം പടൈത്തുള്ള....”
എന്നിങ്ങനെ മൊഞ്ചുള്ള മൈലാഞ്ചിപ്പാട്ടുകള്‍.

എല്ലാം ഞാറച്ചോട്ടില്‍ അബുവാക്കയുടെ ‘റീമാ’സൌണ്ട്സിലൂടെ ഒഴുകി. യഥേഷ്ടം പാട്ടുകേള്‍ക്കാന്‍ നിവൃത്തിയില്ലായിരുന്ന ഞങ്ങള്‍ക്ക് ആശ്രയവും ആശ്വാസവുമായിരുന്നു അബുവാക്ക.

അക്കാലത്ത് ടേപ്പ്റെക്കോഡറുകള്‍ ഗള്‍ഫുകാരുടെ വീട്ടിലേ ഉണ്ടായിരുന്നുള്ളൂ. കൂടുതലും ‘നാഷണല്‍ പാനസോണിക്’. മനോഹരമായിരുന്നു പാനസോണിക്കിലെ സംഗീതാനുഭവങ്ങള്‍. കേരളത്തിലിറങ്ങുന്നതിനേക്കാള്‍ മലയാളഗാനങ്ങള്‍ ഗള്‍ഫില്‍ ലഭ്യവുമായിരുന്നു. ‘തോംസണ്‍’ കമ്പനിയുടെ 90 കാസറ്റുകള്‍ ഗള്‍ഫുകാരുടെ കയ്യില്‍ കാണും.അത്തരമൊരു കാസറ്റിലാണ് എന്റെ എക്കാലത്തെയും പ്രിയ ഗാനങ്ങളിലൊന്നായ, “അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍” ആദ്യം കേട്ടത്. എത്ര കേട്ടാലും മതിയാകുമായിരുന്നില്ല എനിക്കാഗാനം.കാസറ്റു കറങ്ങുന്നതിന്റെ നേര്‍ത്ത ഇരമ്പലിനെ മറികടന്നെത്തുന്ന ഗന്ധര്‍വ്വശബ്ദം....!

വളരെ അപൂര്‍വ്വമായി മാത്രം ഞാന്‍ കേട്ടിട്ടുള്ള ഒരു പാട്ടുണ്ട്. ആകെ മൂന്നോ നാലോ തവണ മാത്രം കേട്ട പാട്ട്. ‘ഇന്നലെ ഇന്ന്’ എന്ന ചിത്രത്തിനു വേണ്ടി ദാസേട്ടന്‍ പാടിയ “പ്രണയസരോവര തീരം....”. ആദ്യം കേട്ടത് പഞ്ചായത്ത് ഗ്രൌണ്ടില്‍‌വച്ചാണ്. ഹിന്ദുസ്ഥാന്‍ ലീവേഴ്സിന്റെ ഉല്‍പ്പന്നങ്ങളുടെ പ്രചരണാര്‍‌ത്ഥം, ഒരു രാത്രിയില്‍ പഞ്ചായത്ത്ഗ്രൌണ്ടില്‍ കമ്പനിയുടെ പ്രദര്‍ശനമുണ്ടായിരുന്നു. 16 mm പ്രൊജക്റ്റര്‍ ഉപയോഗിച്ച് ചിത്രഗീതം മോഡല്‍ പാട്ടും പരസ്യവും. ഒറ്റക്കേള്‍വിയില്‍ ഞാനാ പാട്ടിന്റെ ആരാധകനായിത്തീര്‍ന്നു.

റേഡിയോയിലും അക്കാലത്ത് ദാസേട്ടന്റെ ലളിതഗാനങ്ങള്‍ മിക്കവാറും ഉണ്ടാകുമായിരുന്നു.

“മാമ്പൂവിരിയുന്ന രാവുകളില്‍....”

“സ്വര്‍ണ്ണത്തിന്നു സുഗന്ധം പോലെ...”

“പ്രാണസഖീ നിന്‍ മടിയില്‍ മയങ്ങും.....”

“പൂമുണ്ടും തോളത്തിട്ട്...”

“ചിലപ്പതികാരത്തിന്‍...”

“രാധാമാധവ സങ്കല്‍പ്പത്തിന്‍...”

“മതിലേഖ വീണ്ടും മറഞ്ഞു തോഴീ...”
അങ്ങനെയങ്ങനെയങ്ങനെ.........!


ദാസേട്ടന്റെ ഹിന്ദിപ്പാട്ടുകളുടെ കാസറ്റ് ആദ്യമായി കേള്‍ക്കാന്‍ തന്നത് കണ്ണന്‍ ബിനുവാണ്. ഓടിപ്പഴകിയ ആ കാസറ്റില്‍നിന്ന് “ചാന്ദ് ജൈസേ മുഖ്‌ടേപേ ബിന്ദിയാ സിതാരാ..” എന്ന പാട്ടൊഴുകി വന്ന നിമിഷം മറക്കാന്‍ പറ്റുന്നില്ല.

“ഗോരി തേര ഗാവ്....”

“തുത്ചോ മേരേ സംഘ് മേം.....”

“ഓ...ഗൊരിയാരേ...”

“ജബ് ദീപ് ജലേ ആനാ...”

“ബോലേ തൊ ബാംസുരീ...”

“ആജ് സെ പഹ്‌ലേ.....”

“സിദ് നാ കരൊ...”
മറക്കാനാവുന്നില്ല ആ ഗാനങ്ങള്‍.(കണ്ണന്‍ ബിനുവും ഒരു പാട്ടുപ്രിയനായിരുന്നു. മൂപ്പരിപ്പോള്‍ ‘വെര്‍ജിന്‍‌കുളങ്ങര‘യില്‍ ഹയര്‍ സെക്കന്‍ഡറി വാദ്ധ്യാര്‍.)

ഒരിക്കല്‍ ഒരു കല്യാണത്തിനു ബിജൂ ജോര്‍നൊപ്പം ടൂറിസ്റ്റ് ബസില്‍ യാത്ര ചെയ്യുമ്പോഴാണ് ആദ്യമായി ദാസേട്ടന്റെ തമിഴ് ഗാനങ്ങള്‍ കേട്ടത്. ഓരോ പാട്ടിന്റെയും തുടക്കം കേള്‍ക്കുമ്പോള്‍തന്നെ അവന്‍ ഏതാണു പാട്ടെന്ന് ആവേശത്തോടെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.
“കണ്ണൈ കലമാനേ....”

“പാടി അഴൈത്തേന്‍....”

“ഈറമാന റോജാവേ....”

“ചിന്ന ചിന്ന റോജാപ്പൂവേ....”


എന്നെ ഏറ്റവുമധികം സ്പര്‍ശിച്ച ദാസേട്ടന്റെ ഗാനങ്ങള്‍ ഇതൊന്നുമല്ല. ജീവിതത്തിലെ വല്ലാത്തൊരു ദശാസന്ധിയില്‍, എരിതീയിലെണ്ണയൊഴിക്കുമ്പോലെ, വേദനകളില്‍ തൈലലേപനം പോലെ, വീശിക്കടന്നുവന്ന ഏതാനും ഗാനങ്ങളുണ്ട്. ബാലു കിരിയത്ത് രചിച്ച്, ദര്‍ശന്‍ രാമന്‍ ഈണം പകര്‍ന്ന, തരംഗിണിയുടെ ‘വിഷാദഗാനങ്ങള്‍’. ‘കടലിന്നഗാധതയില്‍...’, ‘പ്രതിശ്രുതപ്രിയവധുവൊരുങ്ങി...’, ‘ഇനിയാരെ തിരയുന്നു മഴമേഘമേ...’, ‘ആരും കേള്‍ക്കാത്ത...’, ‘തിരുവാതിരപ്പൂവേ...’, ‘എന്റെ പ്രാര്‍ത്ഥനകേള്‍ക്കാന്‍...’, ‘ആ നല്ല നാളിന്റെ ഓര്‍മ്മയ്ക്കായി..’, ‘സ്വപ്നങ്ങളൊരു വഴിയേ...’, ‘കാര്‍ത്തികത്താരമുറങ്ങി...’, ‘പറയാതെ എന്റെ...’, ‘എട്ടും പൊട്ടും തിരിയാതെ...’, ‘ഒരിക്കലീശ്വരന്‍...’ എന്നീ പന്ത്രണ്ടു ഗാനങ്ങള്‍.പടപേടിച്ചു ചെന്നിടത്ത് പഴയ പടയാളി വര്‍ഗ്ഗം സ്ഥാപിച്ച കോളേജിലെ, വിജനമായ ഹോസ്റ്റലിലെ മൂന്നാം നിലയിലെ മുറിയുടെ ജനാലയ്ക്കലിരുന്ന് ആ ഗാനങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് കേട്ടത് ഞാനെങ്ങനെ മറക്കാനാണ്..? ജനാലയ്ക്കപ്പുറത്ത് മൈതാനത്തും വഴികളിലും അപ്പോള്‍ നിലാവും തളര്‍ന്നു കിടക്കുകയായിരുന്നു.

‘യേശുദാസിനു ശേഷം എന്ത്?’ എന്ന് ഞാന്‍ പണ്ട് ചിന്തിക്കാറുണ്ടായിരുന്നു. ഇപ്പോഴതില്ല. കാരണം, ദാസേട്ടനു മാത്രം പാടാവുന്ന ഗാനങ്ങള്‍ ഇപ്പോള്‍ സൃഷ്ടിക്കപ്പെടുന്നില്ല. ഇപ്പോഴത്തെ ഗാനങ്ങള്‍ക്ക് ദാസേട്ടന്റെ ആവശ്യവുമില്ല. രണ്ടു വര്‍ഷം മുമ്പ് ടൌണ്‍ ഹാളില്‍ കച്ചേരി കഴിഞ്ഞിറങ്ങിയ ദാസേട്ടന്റെ കരം ഗ്രഹിച്ച് ആ ശബ്ദം കേട്ടുകൊണ്ട് അല്പ ദൂരം നടക്കന്‍ കഴിഞ്ഞ നിമിഷങ്ങള്‍ ഒരു മനോഹര ഗാനം പോലെ എന്റെ മനസ്സിലുണ്ട്. കച്ചേരികളില്‍ ദാസേട്ടന്‍ പാടിയവസാനിപ്പിക്കുന്ന പാട്ടുതന്നെ ഞാന്‍ ഓര്‍ക്കട്ടെ :“...ആയുരാരോഗ്യസൌഖ്യം....”

25 comments:

 1. കടലിനകാതമാം നീലിമയിൽ....
  യെശുദാസിനെ പറ്റി മറ്റു പോസ്റ്റുകളും വായിക്കണം
  ഒരു നായരുടെ പ്പൊസ്റ്റ്
  നന്മകൽ നേരുന്നു
  നന്ദന

  ReplyDelete
 2. തീര്‍ച്ചയായും നന്ദനാ. നന്ദി

  ReplyDelete
 3. എടാ എന്നിനി നിന്നെ വിളിക്കാമെന്നുതോന്നുന്നു.
  :)

  ReplyDelete
 4. വെറും തോന്നലാക്കേണ്ട; വിളിച്ചോളൂ!

  ReplyDelete
 5. അല്ല, ഹരിയണ്ണാ, തുടക്കക്കാരന് ഉപദേശമൊന്നും തരാനില്ലേ?

  ReplyDelete
 6. ഇത്രയേറെ ഒരു നാടിനും ജനതക്കും പ്രിയമുള്ള മറ്റെന്തുണ്ട്? അമ്മയെ കൊന്നാലും രണ്ടുപക്ഷമുള്ള നമ്മുടെ നാട്ടില്‍, കലഹങ്ങളില്ലാതെ ഒരുത്തരം മാത്രം കിട്ടുന്നൊരു ചോദ്യമുണ്ട്. “ആരാണ് മലയാളത്തിലെ ഇഷ്ട ഗായകന്‍?”

  അവസരോചിതമായ പോസ്റ്റ്. ഒപ്പം മറക്കാനാവാത്ത ചില പാട്ടുകളുടെ ഓര്‍മയുണര്‍ത്തലുകളും....

  ഇനിയിത്തിരി നേരം ഞാനാ പാട്ടുകള്‍ കേള്‍ക്കട്ടെ....

  ആശംസകള്‍...

  ReplyDelete
 7. നല്ല നാലുപദേശം തരണമെന്നുണ്ട്.
  മെയിലിലോ ചാറ്റിലോ ആക്കാമെന്നുകരുതി.
  :)

  ReplyDelete
 8. അഷ്ടവൈദ്യനേക്കാള്‍ നല്ലത് ഇഷ്ടവൈദ്യനാണെന്നല്ലേ?!

  ReplyDelete
 9. ഗാനഗന്ധര്‍വ്വന്‍ ഒന്നേയുള്ളു മലയാളത്തില്‍...യേശുദാസ്!

  ReplyDelete
 10. ഏറെ പ്രിയപ്പെട്ട ഗായകന്റെ കേള്‍ക്കാത്ത ഒരു പാട് പാട്ടുകള്‍ ഇവിടെ എഴുതി കണ്ടു. കേള്‍ക്കാത്ത പാട്ടുകള്‍ക്ക് മധുരം കൂടും ല്ലേ?

  ReplyDelete
 11. enikkoru mailayakkaamo?

  vereyum chila kaaryangalund...

  :)

  hari

  ReplyDelete
 12. ഈ നല്ല പോസ്റ്റിനു ആശംസകള്‍

  ഓഹരിനിലവാരം പോയ വാരം

  ReplyDelete
 13. നന്നായിട്ടുണ്ട്

  ReplyDelete
 14. നന്നായിരിക്കുന്നു.ഒരുപാട് പാട്ടുകൾ ഞാൻ കേട്ടിട്ടേ ഇല്ല പ്രണയസരോ‍വരതീരം...ആ പാട്ട് എനിക്കൊരു വീക്ക്നസ്സാണ്.കള്ളടിച്ചാൽ എന്റെ പഴയ ഒരു സുഹ്രൂത്ത് ആദ്യം പാടുക ആ പാട്ടാ

  ReplyDelete
 15. സത്യം, കേള്‍ക്കാത്ത പാട്ടുകള്‍ക്ക് മധുരം കൂടുതലാണ്! ഇപ്പോഴും ഇതുവരെ കേള്‍ക്കാത്ത ദാസ്ഗാനങ്ങള്‍ റേഡിയോയിലും മറ്റും കേള്‍ക്കാറുണ്ട്. പ്രണയസരോവരതീരത്തിന്റെ സംഗീതകന്‍ ആരെന്നറിയില്ല. നമുക്കുവേണ്ടി ദാസേട്ടനല്ലാതെ ആരാ പാടുക? നന്ദി വിനൂ,അക്ബര്‍, ബിജൂ, രാധാ, ഖാദര്‍.

  ReplyDelete
 16. യേശുദാസിന്റെ കാര്യത്തിൽ രണ്ടഭിപ്രായത്തിനിടമില്ല. പക്ഷേ പ്രണയസരോവരത്തിനുണ്ട്‌ ഒരു കല്ല്. അടുത്ത വരി ശ്രദ്ധിച്ചിട്ടുണ്ടോ
  പണ്ടൊരു പ്രദോഷ സന്ധ്യാ നേരം.
  പ്രദോഷവും സന്ധ്യയും അജഗജാന്തര വ്യത്യാസം പോലെ കിടക്കും.

  നല്ല പോസ്റ്റ്‌. മലയാളിയുടെ മനസിനെതൊട്ട പാട്ടുകളുടെ ഒരു ലിസ്റ്റ്‌. ഇനിയും പഴയപാട്ടുകൾ ഉണ്ട്‌, ഇതിലും ഇമ്പമാർന്നവ.

  ReplyDelete
 17. ‘പ്രദോഷസന്ധ്യ’ എന്ന പ്രയോഗത്തില്‍ തെറ്റില്ല തിരുവല്ലഭാജീ. സന്ധിക്കുന്നത് - സന്ധ്യ. മൂന്നു സന്ധ്യകള്‍ ഉണ്ട്. പ്രഭാത സന്ധ്യ, മധ്യമ സന്ധ്യ, പ്രദോഷസന്ധ്യ. തീര്‍ച്ചയായും ഇമ്പമാര്‍ന്ന പാട്ടുകള്‍ ഇനിയുമുണ്ട്.

  ReplyDelete
 18. കാണാന്‍ ലേശം വൈകിപ്പോയീന്നൊരു വിഷമം മാഷേ. അതും നമ്മുടെ ദാസേട്ടനെ പറ്റി എഴുതിയ പോസ്റ്റ്!

  ഇതില്‍ പറഞ്ഞിരിയ്ക്കുന്നവയില്‍ 90% പാട്ടുകളും കേട്ടിട്ടുണ്ട്. ഇവിടെ പറഞ്ഞ ലളിതഗാനങ്ങള്‍/ഉത്സവഗാനങ്ങള്‍ എല്ലാം തന്നെ എനിയ്ക്കും പ്രിയങ്കരമായവ തന്നെ. പ്രണയസരോവരതീരം മനോഹരം തന്നെയാണ്.

  തരംഗിണിയുടെ വിഷാദ ഗാനങ്ങള്‍ കളക്ഷനിലുണ്ടായിരുന്നെങ്കിലും അവയോട് അത്രയ്ക് താല്പര്യം തോന്നിയിട്ടില്ല. പക്ഷേ, പഴയ ലളിതഗാനങ്ങളില്‍ വിഷാദച്ഛായയുള്ളവ ഇന്നും ഏറെ ഇഷ്ടമാണ്. (പുതിയ ലിസ്റ്റില്‍ ആരോ കമിഴ്ത്തി വച്ച പോലുള്ളവ എങ്ങനെ മറക്കാന്‍?)

  ReplyDelete
 19. വൌ...വണ്ടർഫുൾ..വെരി ഡെലിഷ്യസ് ഫീസ്റ്റ്..കുറച്ച് ഐറ്റങ്ങൾ എന്റെവക്...
  താരകേ മിഴിയിതളിൽ കണ്ണീരുമായി...
  മിഴിയോരം..
  എന്റെ മൺ വീണയിൽ കൂടണയാനൊരു മൌനം പറന്നു പറന്നു വന്നു..
  എന്റെ ഹൃദയം നിന്റെ മുന്നിൽ പൊന് തുടിയായ് മുഴങ്ങുന്നൂ..

  ReplyDelete
 20. ദുബായില്‍ വെച്ച് അദേഹത്തിന്റെ കൂടെ ഒരു മണികൂര്‍ ചെലവഴിക്കാന്‍ കഴിഞ്ഞതാണ് എന്റെ ജീവിതത്തിലെ ഏറ്റവും അനുഗ്രഹീതമായ നിമിഷങ്ങള്‍. ഞാന്‍ പ്രതീഷിച്ചതത്തിനു വിപരീതമായി തമാശ ഒക്കെ പറഞ്ഞു. എന്റെ കൂടെയുണ്ടായിരുന്ന തടിയനെ കളിയാക്കി അങ്ങിനെ കുറെ നല്ല നിമിഷങ്ങള്‍. ഇതില്‍ പറഞ്ഞ മിക്കവരും എല്ലാ ഗാനങ്ങളും എനിക്കും പ്രിയപെട്ടവ തന്നെ. വളരെ നല്ല പോസ്റ്റ്‌. പട്ടുകളിലെക്കുള്ള ലിങ്ക് കൂടെ ആകാമായിരുന്നു. http://malayalasangeetham.info/ എന്ന വെബ്സൈറ്റില്‍ മിക്കവാറും എല്ലാ പാട്ടുകളും ഉണ്ട്. ഇത്ര നല്ല ഒരു മലയാള ഗാന സമാഹാരം ഉണ്ടാക്കിയ മലയാള സംഗീതം ടീമിന് ആശംസകള്‍.

  ReplyDelete
 21. നല്ല പോസ്റ്റ്‌...കൂടാതെ ദാസേട്ടന്റെ പഴയ ഗാനങ്ങളുടെ ഒരു ലിസ്റ്റ് ഒത്തു...ഇനി ഒന്ന് തപ്പട്ടേ....

  ReplyDelete
 22. Is it Biju George or Binu George? 3-4 manikkorrayi ororuthare thappi eduthu phone cheythu nokki... Ennittum kittiyilla... Must be pretty close though :-)

  - Sreejith

  ReplyDelete
 23. സാരമില്ല ശ്രീജിത്ത്. ഒരു പേരിലെന്തിരിക്കുന്നു? എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും ഒരു ഗ്രാമത്തെ നിന്റെ ഓര്‍മ്മയിലേക്കു പുനരാനയിക്കാന്‍ ‘ഞാറച്ചോടിനു’ കഴിഞ്ഞെങ്കില്‍ എനിക്ക് സന്തോഷം! വായിചതിനു നന്ദി ലംബന്‍ , താരകന്‍,കിച്ചന്‍, ശ്രീ.

  ReplyDelete
 24. ഗാനഗന്ധർവന്റെ അതിമധുരതരമായ ഗാനങ്ങളെ അനുസ്മരിക്കുന്ന പോസ്റ്റ് അതീവതാർപര്യത്തോടെ വായിച്ചു. വളരെ നന്നായിരിക്കുന്നു. കെ.ജയകുമാർ എഴുതി രവീന്ദ്രൻ മാഷ് ഈണമിട്ട വസന്തഗീതങ്ങൾ എന്ന ലളിതഗാനസമാഹാരം എന്റെ മനസ്സിലും നിത്യഹരിതമായ ഓർമ്മയാണ്.താങ്കളുടെ പോസ്റ്റ് ഹ്ര്‌ദ്യമായ വായന നൽകി. നന്ദി.

  ReplyDelete
 25. ഷീനാ ഏലിയാസ് ടീച്ചര്‍, വായനയ്ക്കു നന്ദി..!

  ReplyDelete