Wednesday, September 29, 2010

പാക്കരജന്മം

‘Every village has a Jack..’ എന്ന് ഏതോ ഇംഗ്ലിഷ്കവി എഴുതിയത് പണ്ടു പഠിച്ചിട്ടുണ്ട്. സത്യമാണത്. പിന്നീട് ഞാനറിഞ്ഞ എല്ലാ ഗ്രാമങ്ങൾക്കും ഒരു ജാക്കുണ്ടായിരുന്നു. തീർച്ചയായും ഞാറച്ചോടും വ്യത്യസ്തമായിരുന്നില്ല. ഒരുപാടുപേരെ ഓർമ്മിക്കാനാവുന്നുണ്ട്. കൂലിപ്പണിക്കാരനായ ‘ചാന്തുപൊട്ട്’ തങ്കപ്പൻ, പൊതുനിരത്തിൽ അതിരാവിലെ കല്ലുകൊണ്ട് ഇംഗ്ലിഷ് കവിതകളെഴുതി വച്ചിരുന്ന പേരറിഞ്ഞുകൂടാത്ത ഭ്രാന്തൻ, ‘മരത്തൂന്നു വീണതാണേ, വല്ലതും തരണേ’ന്നു വിലപിച്ചു നടന്ന പ്രായം തിരിച്ചറിയാനാവാത്ത പിച്ചക്കാരൻ (ഞങ്ങൾ അതിനെ ‘മരച്ചീനീന്ന് വീണതാണേ’ എന്നു മാറ്റിയിരുന്നു.), കുട കക്ഷത്തിൽ വച്ച് കുടപ്പല്ല് കാട്ടി ‘സാറേ വല്ലതും തരണേ’ന്നു ചോദിക്കുന്ന അർദ്ധവൃദ്ധ (ഞങ്ങളിൽ പലരെയും ആദ്യമായി ‘സാറേ’ന്നു വിളിച്ചത് അവരായിരുന്നു.)…. അങ്ങനെ ഒരുപാട് പേർ. എന്നാൽ ഞാറച്ചോടിന്റെ ‘സ്റ്റാർ ജാക്ക്‘ അവരാരുമായിരുന്നില്ല – ജെമ്മിപ്പാക്കരനായിരുന്നു!

അന്ന് ഒരു പത്തറുപതു വയസ്സ് തോന്നിക്കുന്ന ഒരാളാണ് ജെമ്മിപ്പാക്കരൻ. മുഴുക്കുടിയൻ, പരനാറി. ചാരായത്തിന്റെ നാറ്റത്തെ തോല്പിക്കുന്ന നാറിയ വസ്ത്രങ്ങൾ. അഖണ്ഡതെറിജപമാണ് എപ്പോഴും. വഴുതുന്ന വാക്കുകളിൽ ഇടതടവില്ലാതെ അത് തുടരും. ഞാറച്ചോട്ടിലെ ഹോട്ടലുകളിൽ വെള്ളം കോരുകയാണ് മൂപ്പരുടെ സൈഡ് ബിസിനസ്! വലിയ കലത്തിൽ വെള്ളം തലയിൽ വച്ചുകൊണ്ട് റോഡിലൂടെ നടക്കും. ദൂരേന്നു കാണുമ്പോഴേ ഞാനൊക്കെ മാറിപ്പോകുമായിരുന്നു. പിന്നീടാണ് അങ്ങേരെക്കുറിച്ച് കൂടുതൽ അറിയുന്നത്.

ജെമ്മിപ്പാക്കരനെന്ന് അങ്ങേരെ ചുമ്മാ വിളിക്കുന്നതല്ല: ‘ജന്മിപ്പാക്കര’നാണയാൾ. ഞാറച്ചോട്ടിൽ ആദ്യമായി കാർ വാങ്ങിയ മുതലാളി! ഇരുപത്തേഴു കിലോമീറ്റർ അകലെയുള്ള ‘വിഷ്ണുശയ്യാപുരിയിൽ’ എല്ലാ വൈകുന്നേരവും കാറിൽ പോയി മദ്യപിച്ചിരുന്നയാൾ. ശ്രദ്ധിച്ചപ്പോഴാണു തിരിച്ചറിയുന്നത്; എത്ര ഗംഭീരമാണാ മുഖം. കടഞ്ഞെടുത്ത മൂക്ക്, മുഖത്തിനു പകിട്ടേകുന്ന താടി, രൂപഭംഗിയാർന്ന ചെവികൾ. പക്ഷേ, ഓടച്ചെളിയിലെ കുട്ടപ്പന്നിയെപ്പോലെ മുഴുവൻ വൃത്തികേടായിരിക്കുന്നു. കുടിച്ച് കുടിച്ച് മുഴുവൻ നശിപ്പിച്ചതാണത്രേ. കാറും വസ്തുവകകളുമെല്ലാം വിറ്റുതുലച്ചു. കിടപ്പാടം പോലുമില്ലാതായി. ദൂരെയെവിടെയോ ഭാര്യയും മക്കളും ജീവിച്ചിരിപ്പുണ്ടെന്നു കേട്ടിരുന്നു. കാലുറയ്ക്കാത്ത സ്ഥിതിയിൽ എപ്പോഴും നടക്കുന്ന അയാൾ ചുമന്നിരുന്ന കലത്തിന് പക്ഷേ, ഒരു ചളുക്കവുമുണ്ടായിരുന്നില്ല.

ജെമ്മിപ്പാക്കരനെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേയ്ക്കു തള്ളിപ്പറഞ്ഞുവിട്ടത് ഒരു സന്ധ്യക്കാണ്. ഇരുട്ടു വീണു തുടങ്ങി. ഞാറച്ചോടുകവല ഫുൾസ്പീഡിൽ ചലിച്ചുകൊണ്ടിരിക്കുന്നു. വാഹനങ്ങളും വഴിയാത്രക്കാരും വായിനോക്കികളും സജീവമായി. തിരക്കിനിടയിലൂടെ കലത്തിൽ വെള്ളവുമായി വന്ന ജെമ്മിപ്പാക്കരനെ ഒരു കേയെസ്സാർറ്റീസീ എക്സ്പ്രെസ് ബസ് ഇടിച്ചിട്ടു ( വല്ല ഓട്ടോറിക്ഷയുമായിരുന്നെങ്കിൽ നാണക്കേടായേനേ!). പോരാഞ്ഞിട്ട് വലത്തെ കാലിലൂടെ കയറിയിറങ്ങി. ജെമ്മിപ്പാക്കരനെ വണ്ടിയിടിച്ച വാർത്ത കേട്ടറിഞ്ഞ് ഞാനെത്തിയപ്പോൾ മൂപ്പരെ ആശുപത്രിയിൽ കൊണ്ടുപോയിക്കഴിഞ്ഞിരുന്നു. മെഡിക്കൽ കോളേജിലേയ്ക്ക്. ( പകൽ ലൈറ്റിട്ട്, നിർത്താതെ ഹോണടിച്ച് മെഡി. കോളേജിലേയ്ക്ക് പാഞ്ഞു പോകുന്ന കാറുകൾ ഞാറച്ചോട്ടിലെ നിത്യക്കാഴ്ചകളാണ്. ‘തറമേൽ’ കോളജിലേയ്ക്കു പോയ വിദ്യാർത്ഥികളടങ്ങിയ പ്രൈവറ്റ് ബസ് മറിഞ്ഞയന്നാണ് ഏറ്റവും കൂടുതൽ കണ്ടത്, 23 എണ്ണം. മറ്റൊരു കാഴ്ച, ഭരണസിരാകേന്ദ്രത്തിനു മുന്നിൽ സമരപ്രകടനങ്ങൾക്കായി, ബസുകളിൽ മൈക്കുകെട്ടി മുദ്രാവാക്യം വിളിച്ചു പോകുന്നവരാണ്.)

പിന്നെ കുറേക്കാലത്തേയ്ക്ക് ജെമ്മിപ്പാക്കരനെക്കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. ചത്തോ, ഒണ്ടോ – ആർക്കറിയാം! ക്രമേണ ഞാറച്ചോട് ജെമ്മിപ്പാക്കരനെ മറന്നു. വെള്ളം കോരാൻ പുതിയ കഥാപാത്രങ്ങൾ വന്നു.

അങ്ങനിരിക്കേ, ആറേഴുമാസങ്ങൾക്കു ശേഷം ഞാറച്ചോടുകവലയിലതാ, ജെമ്മിപ്പാക്കരൻ! താടിയും മുടിയും നീണ്ട് ജടപിടിച്ചിരിക്കുന്നു. കുറേക്കൂടി ക്ഷീണിച്ചിട്ടുണ്ട്. പക്ഷേ അതൊന്നുമല്ല പ്രധാന സംഗതി – പാക്കരന് എഴുനേൽക്കാനാവില്ല. വണ്ടി കയറിയ കാല്പാദം ഒരു വലിയ പൊതിക്കെട്ടിനകത്താണ്. ആസനത്തിൽ പാളയും പ്ലാസ്റ്റിക്കുമെല്ലാം വച്ചുകെട്ടി മൂപ്പർ ഇരുന്നു നിരങ്ങുകയാണ്. എങ്കിലെന്ത്, തെറിവിളി പഴയതിന്റെ പത്തിരട്ടിയായിട്ടുണ്ട്! വാരിധി തന്നിൽ തിരമാലകളെന്ന പോലെ അലയടിക്കുകയാണ് ആ അനർഗ്ഗളപ്രവാഹം! അവ്യക്തത കൂടിയിട്ടുണ്ടെന്നു മാത്രം. എല്ലാം ‘ഴ’ കൂട്ടിയാണ് ഉച്ചരിക്കുന്നത്.

പണ്ട്, ഞാറച്ചോട്ടിലെ ആദ്യകാറിൽ സഞ്ചരിച്ച കവലയിലൂടെ പാക്കരൻ ഇരുന്നു നിരങ്ങി നീങ്ങി. അന്നത്തെപ്പോലെ അപ്പോഴും പാക്കരന്റെ യാത്ര ജനം ശ്രദ്ധിച്ചു. അവ്യക്തമായി തെറി പറഞ്ഞുകൊണ്ട് പാക്കരൻ ആളുകളുടെ മുന്നിൽ വന്നു കൈനീട്ടും. ഒന്നും കിട്ടിയില്ലെങ്കിൽ, കിട്ടിയതു കുറഞ്ഞു പോയാൽ ഉടൻ തെറി തുടങ്ങും. ( ഒരിക്കൽ ഒരാവേശത്തിന്, പാക്കരനോട് ‘മത്സരിക്കാൻ‘ ശ്രമിച്ച സഞ്ജേഷും സ്നേഹനും ദയനീയമായി പരാജയപ്പെട്ട് പിന്തിരിഞ്ഞോടി രക്ഷപ്പെടുകയായിരുന്നു!) അസഹ്യമായിരുന്നു പാക്കരന്റെ സാന്നിദ്ധ്യം.

ആരെയും പാക്കരൻ തെറി പറയും. കിരീടം വയ്ക്കാത്ത രാജാവായ സ്ഥലം എസ്സൈയെ പോലും. പക്ഷേ, അത്ഭുതം, അത്യത്ഭുതം എന്നേ പറയേണ്ടൂ -- പാക്കരൻ ഒരാളെ മാത്രം തെറി പറയാറില്ല. ഞങ്ങളുടെ സുഹൃത്ത് താഹയെ. ഞങ്ങൾ കവലയിൽ നിൽക്കുമ്പോൾ നിരങ്ങി നിരങ്ങി പാക്കരൻ വരും. തെറി ഭയന്നു ഞങ്ങൾ നിൽക്കുമ്പോൾ , താഹ അങ്ങോട്ടു കയറി ചോദിക്കും : “എന്താടാ ജെമ്മിപ്പാക്കാരാ..?” പാക്കരനിപ്പോൾ തെറിയുടെ കരിമരുന്നുപ്രയോഗത്തിന് തീകൊളുത്തുമെന്ന് ഞങ്ങൾ ഞടുക്കത്തോടെ പ്രതീക്ഷിക്കും. പക്ഷേ, ഞങ്ങളെ അമ്പരപ്പിച്ചുകൊണ്ട് പാക്കരൻ ഒഴിഞ്ഞു മാറി പറയും :“ഴാ, പോഴാ,….പോഴാ… പോഴാ,….” അത്രമാത്രം !! പോകാതെ താഹ വീണ്ടും പ്രകോപിപ്പിക്കും. പക്ഷേ, പാക്കരനൊരു പല്ലവി മാത്രം :“ പോഴാ, പോഴാ, പോഴാ…”!!

കുറേ നാളുകളോളം ഞങ്ങൾക്കിതൊരത്ഭുതമായിരുന്നു. ഒരിക്കലൊരു രാത്രി വൈകി എവിടെയോ പോയി മടങ്ങി വരികയായിരുന്നു ഞാൻ. അന്നേരമുണ്ട് അടഞ്ഞ ഒരു കടത്തിണ്ണയിലിരിക്കുന്ന ജെമ്മിപ്പാക്കരന്റെ അടുത്തേയ്ക്ക് താഹ പോകുന്നു. ഞാനും കൂടെ ചെന്നു, അവൻ കാണാതെ. അടുത്തെത്തിയപ്പോഴല്ലേ മനസ്സിലായത് -- അവൻ അയാൾക്ക് രഹസ്യമായി പണം കൊടുക്കുകയാണ്, പകൽ അവനെ തെറി വിളിക്കാതിരിക്കാൻ !!

ജെമ്മിപ്പാക്കരൻ അടുത്ത ജീവിതഘട്ടത്തിലേയ്ക്ക് യാത്രയായതും ഒരു സന്ധ്യയ്ക്കാ‍ണ്. അപ്പോഴേയ്ക്കും അയാൾ വടിയൂന്നി ഒറ്റക്കാലിൽ നടക്കാൻ തുടങ്ങിയിരുന്നു. തിരക്കിനിടയിലൂടെ നടന്നു കയറിയ ജെമ്മിപ്പാക്കരനെ ആദ്യം തട്ടിത്തെറിപ്പിച്ചത് ഒരു ബൈക്കുകാരനാണ്. തെറിവിളിയോടെ എഴുനേൽക്കാൻ തുടങ്ങിയ അയാളെ പിന്നാലെ വന്ന കാർ ഇടിച്ചു തെറിപ്പിച്ച് എതിരെ വന്ന ബസിന്റെ ടയറിനു കീഴിലെത്തിച്ചു. ഞാറച്ചോട്ടിലെ ആദ്യ വാഹനയുടമ അങ്ങനെ, മൂന്നു വാഹനങ്ങൾക്കടിപ്പെട്ട് അവസാന യാത്രയായി.

16 comments:

  1. ഞങ്ങളുടെ നാട്ടില്‍ ഒരു ബേക്കറി ഗോപാലനുണ്ടായിരുന്നു .ഇപ്പഴെന്താ സ്ഥിതി എന്നൊന്നു അറിയില്ല .
    ഓരോ ജന്മങ്ങള്‍, ഓരോ പ്രകൃതങ്ങള്‍ .എല്ലാവരും ഒരുപോലെയായാല്‍ പിന്നെന്തിനാ ഇത്രയധികം ആള്‍ക്കാരീഭൂമിയില്‍ അല്ലേ .

    ReplyDelete
  2. ഓരോരോ തരം ആള്‍ക്കാര്‍...

    കൊള്ളാം

    ReplyDelete
  3. ജെമ്മിപ്പാക്കാരനെ പോലെ എത്ര തരം മനുഷ്യര്‍. ഓരോരോ ജന്മങ്ങള്‍.

    ReplyDelete
  4. കൊള്ളാം

    എന്റെ ബ്ലോഗ് ഒന്നു നോക്കൂ

    http://blog.jithinraj.in/

    ReplyDelete
  5. ഓരോരോ ജന്മങ്ങള്‍ ....

    കൊള്ളാം, നന്നായിട്ടുണ്ട്....ആശംസകള്‍

    ReplyDelete
  6. നല്ലവനായി ജീവിക്കാത്ത ഒരുവന്റെ അവസാനം, നല്ലതായി അവതരിപ്പിച്ചിരിക്കുന്നു, സ്വന്തം അനുഭവത്തിലൂടെ.....എന്തെഴുതിയാലും , അതിൽ നല്ലൊരാശയം കൊടുക്കുന്നത് ഉത്തമമായതുതന്നെ..... ആശംസകൾ..............

    ReplyDelete
  7. മനുഷ്യന്‍ വ്യത്യസ്തനാണെന്നു വീണ്ടും
    ബോദ്ധ്യപ്പെടുത്തുന്ന രസകരമായ വിവരണം

    ReplyDelete
  8. ഇതു നടന്ന സംഭവമാണോ?.. എന്തായാലും വിവരണം നന്നായിരുന്നു.. അഭിനന്ദനങ്ങൾ

    ReplyDelete
  9. @ കരിവെള്ളൂർ
    ബേക്കറി ഗോപാലനെക്കുറിച്ചറിയാൻ കാക്കുന്നു.

    @ പട്ടേപ്പാടം
    തീർച്ചയായും പട്ടേപ്പാടത്തിനും ഇത്തരം ഒരാളെക്കുറിച്ച് എഴുതാനുണ്ടാവില്ലേ? ഓരോരോ ജന്മങ്ങൾ!


    വായനയ്ക്കു നന്ദി
    ശ്രീ
    മുരുക്കുമ്പുഴ
    ജിതിൻ‌രാജ്
    ഗോപൻ
    പാറ്റൂർ

    @ വി. എ
    പ്രോത്സാഹനത്തിനു നന്ദി.

    @ മാനവധ്വനി
    നടന്ന സംഭവം തന്നെ. നന്ദി.

    ReplyDelete
  10. ഞാറച്ചോട്ടിലെ കഥകളെല്ലാം വായിച്ചു.
    എന്റെ നാടും ഇതേ പോലെ തന്നെ.
    കുറേ കഥാപാത്രങ്ങളും അതു പോലെ!

    വളരെ ഇഷ്ടപ്പെട്ടു.

    നമ്മൾ ഏകദേശം ഒരേ പ്രായക്കാരാണെന്നു തോന്നുന്നു.
    യേശുദാസിനെക്കുറിച്ചുള്ള പോസ്റ്റ് വായിച്ച് കണ്ണു തുളുമ്പി.
    എന്റെ തന്നെ മനസ്സ് അതിൽ തെളിഞ്ഞുകണ്ടപ്പോൾ!

    ReplyDelete
  11. Thalakkett ugranaayi. Ithinte avasaana bhagam vedanippichu.

    ReplyDelete
  12. ജെമ്മിപ്പാക്കാരന്‍ ഉജ്വലമായ
    ഒരു കഥാപാത്രം തന്നെ ..:)
    നന്നായി എഴുതി ..congraatss

    ReplyDelete
  13. ആദ്യം ആയാണ് ഇവിടെ. എല്ലാം ഒറ്റ ഇരിപ്പിനു വായിച്ചു.ഇഷ്ടപ്പെട്ടു പോകുന്ന ശൈലി!!
    മുടങ്ങാതെ എഴുതുക.
    ആശംസകള്‍!!

    ReplyDelete
  14. പ്രിയ ഏവൂര്‍ഡോക്ടര്‍, വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

    രമേശ് അരൂര്‍ നന്ദി....

    ഹാക്കര്‍, തീര്‍ച്ചയായും.

    ഗന്ധര്‍വ്വന്‍, വായനയ്ക്കു നന്ദി..

    തിരുവല്ലഭന്‍, അന്വേഷണത്തിനു നന്ദി. വീണ്ടുമെഴുതാന്‍ പ്രേരിപ്പിച്ചതിനും..

    ReplyDelete