Wednesday, January 27, 2010

അന്നവിചാരം (വീണ്ടും)

‘മാതാപിതാഗുരുദൈവം’ എന്ന ചൊല്ല് ഞാറച്ചോട്ടിലും പ്രാബല്യത്തിലുണ്ടായിരുന്നു. അവരെ മാത്രമല്ല, അന്നത്തെയും മാനിക്കണമെന്ന് പരക്കെ അഭിപ്രായമുണ്ടായിരുന്നു. ‘അന്നവിചാരം മുന്നവിചാരം’ എന്ന് വയറിലെഴുതിയൊട്ടിച്ചു നടന്നിരുന്ന എന്നെപ്പോലുള്ളവര്‍ക്ക് , ആ അഭിപ്രായം ‘ക്ഷ’ പിടിച്ചു. ‘വേണ്ട’ എന്നോ ‘മതി’ എന്നോ ഒരു വാക്ക് എന്നില്‍ നിന്നു പൊഴിയാന്‍ എത്ര പ്രയാസമായിരുന്നെന്നോ. അഥവാ പൊഴിക്കേണ്ടിവന്നാല്‍ അതോര്‍ത്ത് ഞാനെന്തു പ്രയാസപ്പെട്ടിരുന്നെന്നോ! അതിനാലൊക്കെത്തന്നെ എവിടെ ചെന്നാലും അന്നാടിന്റെ ഭക്ഷണത്തിലാണ് എന്റെ ശ്രദ്ധ ആദ്യം ചെല്ലുന്നത്. അതിന് എനിക്ക് പ്രേരണയും പരിശീലനവും തന്നത് ഞാറച്ചോട്ടിലെ ഹോട്ടലുകളായിരുന്നു.(ഹോട്ടല്‍ എന്നല്ല പറയേണ്ടത് :‘ഓട്ടല്‍’!)

പ്രചീനകാലം മുതല്ക്കേ ഞാറച്ചോട്ടില്‍ ഓട്ടലുകളുണ്ടായിരുന്നത്രേ. എന്റെ ഓര്മ്മയിലെ ആദ്യ ഹോട്ടല്‍ , ‘ഹോട്ടല്‍ പര്‍പ്പിള്‍സ്’ ആണ്. പണ്ടത്തെ ഹോട്ടലുകള്‍ക്ക് ഒരു സുഖകരമായ മണമില്ലായിരുന്നോ? ആ മണവും ഗുണവുമുണ്ടായിരുന്ന ഹോട്ടലായിരുന്നു പര്‍പ്പിള്‍സ്. ഞാറച്ചോടു ചന്തയ്ക്കു മുമ്പിലുണ്ടായിരുന്ന ആ ഹോട്ടലിന്റെ മുന്‍‌വശം മുഴുവന്‍ ഉരുളന്‍ മരയഴികളാണ്. വാതിലും അങ്ങനത്തതു തന്നെ. അകത്തേക്കു കയറിയാല്‍ വേറൊരു ലോകമാണ്. മൊത്തം ‘വാള്‍പേപ്പറുകള്‍’. ഭിത്തികളിലും ഇടപ്പലകകളിലും തൂണുകളിലും മേല്ത്തട്ടിലുമെല്ലാം പേപ്പര്‍ ഒട്ടിച്ചിരിക്കുന്നു.വെറും കടലാസുകളല്ല, അന്നത്തെ പ്രസിദ്ധമായ ‘സോവിയറ്റുയൂണിയന്‍’ മാസികയുടെ തിളങ്ങുന്ന മേനിക്കടലാസുകള്‍. അവയില്‍ നിറയെ വര്‍‌ണ്ണചിത്രങ്ങള്‍ . പോരാഞ്ഞിട്ട് കലണ്ടറുകള്‍, കഥാപ്രസംഗങ്ങളുടെയും ബാലകളുടെയും നാടകങ്ങളുടെയും പരസ്യങ്ങള്‍. വൈദ്യുതിവെളിച്ചത്തില്‍ ആ ഹോട്ടലിനകം മായാലോകം പോലെ തോന്നിച്ചിരുന്നു. കഴിക്കാന്‍ മറന്നു നോക്കിയിരുന്നുപോയിട്ടുണ്ട്.

കയറിച്ചെല്ലുമ്പോള്‍ ഇടതുവശത്ത് മൊതലാളിയുടെ മേശയാണ്. പ്രായം ചെന്ന, വെള്ളമുണ്ടും വെള്ളക്കുപ്പായവും വെള്ളത്തലപ്പാവും ധരിച്ച ഇസ്മായില്‍ മുതലാളി. എപ്പോക്കണ്ടാലും പരുക്കന്‍ സ്വരത്തില്‍ ചോദിക്കും :“യെപടാ..?” ഞാന്‍ തെല്ലു ഭയത്തോടെ തോളുകുലുക്കാറാണു പതിവ്. മൊതലാളി ആള് കര്‍ക്കശക്കാരനാണ്. പഴേ മര്‍മ്മാണി. ‘അടിമൊറ’ എന്ന ആയോധന കല പഠിച്ചശേഷം ‘ചുറ്റിക’യില്‍ സ്പെഷ്യലൈസ് ചെയ്തയാളാണ്. എവിടെപ്പോയാലും കയ്യില്‍ ഒരു ചെറിയ സ്പെഷ്യല്‍ ചുറ്റിക കാണും. റിപ്പര്‍ കൊലപാതകങ്ങള്‍ വാര്‍ത്തയായപ്പോഴാണ് മക്കള്‍ അത് എടുത്തൊളിപ്പിച്ചത്. ഉണ്ടാക്കുന്ന അപ്പമോ ദോശയോയെങ്ങാനും കരിഞ്ഞാല്‍ ഉണ്ടാക്കിയവനെക്കൊണ്ട് തീറ്റിക്കും മൂപ്പര്‍! കുന്തിരിക്കപ്പുകയില്‍ എണ്ണപ്പലഹാരങ്ങളുടെ മണം നിറഞ്ഞ കടലാസുചിത്രങ്ങളുടെ മായിക ലോകത്തിരുന്ന് മുതലാളി ഇപ്പോഴും എന്നോടു ചോദിക്കുന്നു : “..യെപടാ...?”

കുറച്ചപ്പുറത്ത് പുഴയിങ്കല്‍ റോഡു തുടങ്ങുന്നിടത്തെ കലുങ്കിനും ഓടയ്ക്കും മുകളിലായാണ് അടുത്ത സ്ഥാപനം. മുതലിയാരുടെ ഹോട്ടല്‍. പെണ്മക്കളില്‍ ആരുടെയോ പേരാണ് അതിനിട്ടിരിക്കുന്നത്. പക്ഷേ, സുഗന്ധവാഹിനിയായ ഓടയുടെ മുകളില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന മഹത്സ്ഥാപനമായതിനാല്‍ ‘ഓടക്കട’ എന്നാണതിന്റെ വിളിപ്പേര്. മുതലിയാരൊരു സൃഷ്ടിയാണ്. ശീമപ്പന്നി പോലെയൊരു പടപ്പ്. ഇടയ്ക്കുണ്ടായ ഒരു ജീപ്പപകടം കൂടിക്കഴിഞ്ഞപ്പോള്‍ മോന്ത അസ്സലായി. ഹോട്ടല്‍ പര്‍പ്പിള്‍സ് വെജിറ്റേറിയന്‍ ഹോട്ടലാണെങ്കില്‍, ഇത് നോണ്‍‌വെജ് ഹോട്ടലാണ്. മാത്രമല്ല പച്ചയിറച്ചി വില്ക്കുക കൂടി ചെയ്യും .റോഡുനിരപ്പിലാണ് കഴിക്കുന്നയിടം. അവിടന്നു നാലഞ്ചു സ്റ്റെപ്പ് താഴേക്കിറങ്ങിയാല്‍ ചായയടിക്കുന്നയിടം. അവിടന്നും താഴേക്കിറങ്ങിയാല്‍ അടുക്കള.( അതു കാണാനും മാത്രമൊന്നും പാപം ഇതുവരെ ഞാന്‍ ചെയ്തിട്ടില്ല!)

അടുത്ത ഹോട്ടല്‍ വളരെ പ്രശസ്തമാണ്. അക്കാള ഹോട്ടല്‍. ഇതിന്റെയും ശരിയായ പേര് മറ്റെന്തോ ആണ്. പക്ഷേ, അക്കാള അമ്മച്ചി നടത്തുന്നതായതിനാലാവും ഈ പേര്. ഇങ്ങനെ പറഞ്ഞാലേ ജനം അറിയൂ; ജനം ഇങ്ങനയേ പറയൂ. ഉച്ചയൂണു മാത്രം വില്ക്കുന്ന കടയാണത്. ഒരുകാലത്ത് അവിടന്ന് ഒരൂണ് സ്വപ്നമായിരുന്നു. ഇലയിലാണു വിളമ്പുക. മൊന്തയില്‍ കൊണ്ടുവന്ന് വെള്ളം ഗ്ലാസ്സിലൊഴിക്കും. മീങ്കറിയില്ല ; വറുത്തതു മാത്രം. ഹോ! അത്രയും നന്നായി മീന്‍ വറുക്കാന്‍ ലോകത്താര്‍ക്കറിയാം ! മീന്‍ വറുത്തതിന്റെ കൂടെ ‘പൊടി’ എന്നൊരു സാധനം തരും. ചതച്ച വറ്റല്മുളക് മീനൊപ്പം വറുന്നതാണത്. എന്താ അതിന്റെ രുചി! അതു കഴിക്കാന്‍ വേണ്ടിമാത്രം ഉണ്ണാന്‍ വന്നിരുന്നവരെ എനിക്കറിയാം. ഉച്ചയ്ക്ക് ഉത്സവപ്പറമ്പു പോലെയാണവിടം. സീറ്റുകിട്ടിയ ഭാഗ്യവാന്മാരെ അസൂയയോടെ നോക്കി, സുഗന്ധങ്ങളില്‍ ലയിച്ച്, കാകദൃഷ്ടിയോടെ അല്പാഹാരത്തിനായി നിന്ന നില്പ്പുകള്‍!

ഞാനൊക്കെ കഴിക്കാറായപ്പോഴേക്കും നിര്‍ത്തിപ്പോയ ഒരു ഹോട്ടലുണ്ട് ഞാറച്ചോട്ടില്‍ - ഹോട്ടല്‍ ഇമ്പീരിയല്‍. നോണ് വെജ് കറിയുടെ മണം റോഡേ പോകുന്നവരെ വശീകരിച്ചകത്തെത്തിക്കുമായിരുന്നു.തീന്‍‌മേശകളും ബാല്ക്കണിയും സ്റ്റെയര്‍കേയ്സും അവ്യക്തമായ ഓര്‍മ്മകളിലുണ്ട്.

ഒരോട്ടല്‍ കൂടി : ഹോട്ടല്‍ ജനത. ഞാറച്ചോടു ചന്തയിലേക്കുള്ള വഴിക്കെതിരെ പ്രധാനപാതയ്ക്കരുകില്‍. ഞാറച്ചോടുകവലയില്‍ ആദ്യം പതിയ്ക്കുന്ന വെളിച്ചം ആ കടയിലേതാണ്. അതിരാവിലെ തന്നെ കട പ്രവര്‍ത്തനം തുടങ്ങും. നേരം വെളുക്കും വരെ ഞാറച്ചോട്ടിലെ ബസ്റ്റോപ്പ് ആ ദാരിദ്ര്യക്കടയുടെ മുന്നിലായിരുന്നു.ലംബോദരനെന്ന പേര് അന്വര്‍‌ത്ഥമാക്കിക്കൊണ്ട് കടമുതലാളി മുന്നില്‍ത്തന്നെ കാണും.

പുതിയ കാലം വഴിനിറഞ്ഞെത്തിയപ്പോള്‍, പഴയ മണ്‍‌വഴികള്‍ ടാര്‍‌റോഡുകളായതു പോലെ, ഞാറച്ചോടിന്റെ സ്വന്തം രുചികള്‍ ‘ആഗോള പലഹാരമായ’ പൊറോട്ടയ്ക്കു വഴിമാറി. ചിക്കന്‍ ഒരു ഫാഷനായതോടെ ഞാറച്ചോട്ടില്‍ ആദ്യത്തെ ‘ചിക്കന്‍ കോര്‍ണര്‍‘ ആരംഭിച്ചു. പുഴയിങ്കല്‍ റോഡിലെ പുതിയ ഹോട്ടലില്‍ മസാല ദോശ വിളമ്പിത്തുടങ്ങിയതോടെ ചരിത്രം വഴിമാറിത്തുടങ്ങി. ദേശീയ പലഹാരങ്ങള്‍ അപമാനകരമായി അന്നു തോന്നിയവരില്‍ ഈ പാവം വെഞ്ഞാറനുമുണ്ടായിരുന്നു! (പൊറോട്ടയില്‍ മുങ്ങി പൊറോട്ടയില്‍ പൊങ്ങിയ, പൊറോട്ടച്ചാലുകള്‍ നീന്തിക്കയറിയ, പൊറോട്ടമരങ്ങളിലൂഞ്ഞാലാടിയ, പൊറോട്ടയ്ക്കു മുന്നില് പൊളിവാ കാട്ടിയ ധീരന്‍!)
ഇന്ന് ഹോട്ടലെന്നാല്‍, ഞാറച്ചോട്ടില്‍, ബിവറേജസ് കോര്‍പ്പറേഷന്റെ സഹായ സ്ഥാപനങ്ങള്‍ മാത്രമാണ്. സായന്തനങ്ങളില്‍ അവിടെ അസംഖ്യം പഴശ്ശിരാജമാര്‍ ‘വാള്‍’വീശി ‘വിദേശ’ത്തോടു കലഹിച്ചുകൊണ്ടിരിക്കുന്നു - നിലംപരിശാകും വരെ!

13 comments:

  1. മച്ചൂ..
    ആ വഴിയരികിലെ തട്ടുകടകളെ നീ മറന്നോടാ?
    പുഴയിങ്കല്‍ റോഡിലെ ചെട്ട്യാരെ നീ മറന്നോടാ?
    ഇന്നും നാട്ടില്‍ നിന്ന് ആരെങ്കിലും ഇങ്ങോട്ടുവരുമ്പോ എന്തെരെങ്കിലും വേണോന്നു ചോദിച്ചാ അമ്മച്ചിയാണെ ഞാന്‍ പറയും..ചെട്ട്യാര കടേന്ന് രണ്ടു പ്ലേറ്റ് ബീഫ് ഫ്രൈ വാങ്ങിച്ച് വാഴയിലേ പൊതിഞ്ഞ് കൊണ്ടുവരാന്‍.
    ചിലരത് തമാശയായിക്കണ്ട് ചുമ്മാതിങ്ങ് പോരും.
    ഒന്നുരണ്ടുപേര്‍ കൊണ്ടുവന്നിട്ടുമുണ്ട്!(ഹോ!)

    അക്കാള ഹോട്ടലില്‍ വെള്ളത്തിനുപകരം ഉപ്പിട്ട കഞ്ഞിവെള്ളം കൊടുക്കുമായിരുന്നു. ആ പൊടി...
    സത്യം.. ഞാനിന്നും ആ സ്വാദുകളുടെ ഓര്‍മ്മയിലാണ്.
    തെറ്റിയെടാ..
    ഞാനിന്നും ആ ഓര്‍മ്മകളുടെ സ്വാദുകളിലാണ്.
    വായില്‍ വെള്ളമൂറുന്ന ഓര്‍മ്മകള്‍!!

    ReplyDelete
  2. ഹോട്ടലിന്റെ കാര്യങ്ങളെഴുതി ബാക്കിയുള്ളവരെ വെറുതേ കൊതിപ്പിയ്ക്കുന്നത് പാപമാണെന്നറിയില്ലേ മാഷേ? (സാരല്യ, ക്ഷമിച്ചു)

    [ബ്ലോഗനയില്‍ വന്നെന്നു കേട്ടു - ആശംസകള്‍!]

    ReplyDelete
  3. പഴയ ഹോട്ടലുകളെ അല്ല “ഓട്ടലുകളെ“ കുറിച്ച് ഓര്‍ക്കുന്നതു തന്നെ ഒരു സുഖമാണ് .അവിടത്തെ പലഹാരങ്ങളും.

    ഞങ്ങളുടെ നാട്ടില്‍ പഴയ ഹോട്ടലുകള്‍ക്ക് “മക്കാനി” എന്നു വിളിച്ചിരുന്നു പഴയ ആളുകള്‍

    നല്ല ഒരു ഓര്‍മ തന്നെ….

    ആശംസകള്‍

    ReplyDelete
  4. "ഇന്ന് ഹോട്ടലെന്നാല്‍, ഞാറച്ചോട്ടില്‍, ബിവറേജസ് കോര്‍പ്പറേഷന്റെ സഹായ സ്ഥാപനങ്ങള്‍ മാത്രമാണ്. സായന്തനങ്ങളില്‍ അവിടെ അസംഖ്യം പഴശ്ശിരാജമാര്‍ ‘വാള്‍’വീശി ‘വിദേശ’ത്തോടു കലഹിച്ചുകൊണ്ടിരിക്കുന്നു - നിലംപരിശാകും വരെ! "

    വെഞ്ഞാറൻ, കൊള്ളാം; കുറച്ചുംകൂടി നേരത്തെ എത്തേണ്ടതായിരുന്നു. അതിന് ഈ ബ്ലോഗുതന്നെ കണ്ടുപിടിച്ചത് നമ്മൾ ചിലരുടെ മൂക്കിൽ പല്ലുമുളയ്ക്കാറായിട്ടല്ലേ? ആ പഴയ ഓട്ടലുകളുടെ കാലത്ത് ഇതെങ്ങാനും ഉണ്ടായിരുന്നെങ്കിൽ എന്തൊക്കെ എഴുതേം വായിക്കേം ചെയ്യാമായിരുന്നു! സമയം ഇനി വേസ്റ്റരുത്. വരട്ടേ ഇതു പോലത്തെ നല്ല ഐറ്റംസ്!

    ReplyDelete
  5. കൊള്ളാം മാഷെ നന്നായിട്ടുണ്ട്

    ReplyDelete
  6. പഴയവ അന്യം നിന്നെങ്കിലും പഴയവ തന്നെ പുതിയവ എന്ന ലേബലില്‍ കെട്ടും മട്ടും മാറ്റിയെങ്കിലും തിരിച്ചു വരുന്നുണ്ട്.
    പഴയവ ഓര്‍മ്മിപ്പിക്കാനൊരു പോസ്റ്റ്‌.
    നന്നായി.

    ReplyDelete
  7. പൊറോട്ടയില്‍ മുങ്ങി പൊറോട്ടയില്‍ പൊങ്ങിയ, പൊറോട്ടച്ചാലുകള്‍ നീന്തിക്കയറിയ, പൊറോട്ടമരങ്ങളിലൂഞ്ഞാലാടിയ, പൊറോട്ടയ്ക്കു മുന്നില് പൊളിവാ കാട്ടിയ ധീരന്‍!

    എഴുത്ത് വളരെ നന്ന്..

    ReplyDelete
  8. ഓട്ടൽ ചരിതം ഇഷ്ട്ടായി പക്ഷേ പൊറോട്ടയെ തൊട്ട് കളിക്കരുത് 4 എണ്ണം വീതം 3 നേരം എന്ന നിരക്കിൽ പൊറോട്ട മാത്രം കഴിച്ച് നടന്ന കാലം! പൊറോട്ടാ കീ ജയ്

    ReplyDelete
  9. ആദ്യമായി എത്തിയതാണ്...സന്തോഷം. ഞാറച്ചോട്ടിലെ ഹോട്ടലുകളും,ഹോട്ടൽ ഭക്ഷണവും ... ഒരു റിസർച്ച് തന്നേ നടത്തിയിരിക്കുന്നു. സത്യമാണു സുഹ്രുത്തേ ഇന്നു മാലോകർ എന്തു കഴിക്കണമെന്ന് സെലക്ട് ചെയ്യുകയാണ്. അതിനൊക്കെയിടയിൽ ആപഴയ കാല ലഗുവിഭവങ്ങളെ കുറിച്ച് പറഞ്ഞപ്പോൾ വായിൽ വെള്ളമൂറുന്നു. വായിക്കാൻ ഇമ്പമുണ്ട്. നന്ദി

    ReplyDelete
  10. അവിടെ പൊറോട്ടയില്‍ പെയിന്‍റടിച്ച് കിട്ടുമായിരുന്നൊ...?

    ReplyDelete